ഞാന്‍ കഷ്ടപ്പെട്ട് പാടിയ പാട്ട് അവര്‍ പച്ചക്കറി അരിയുന്ന സീനില്‍ കൊണ്ടുവെച്ചല്ലോയെന്ന് ദാസേട്ടന്‍ എന്നോട് പറഞ്ഞു: ശരത്
Entertainment
ഞാന്‍ കഷ്ടപ്പെട്ട് പാടിയ പാട്ട് അവര്‍ പച്ചക്കറി അരിയുന്ന സീനില്‍ കൊണ്ടുവെച്ചല്ലോയെന്ന് ദാസേട്ടന്‍ എന്നോട് പറഞ്ഞു: ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd October 2024, 6:42 pm

മലയാളത്തിലെ മികച്ച സംഗീതസംവിധായകരിലൊരാളാണ് ശരത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച ശരത് രണ്ട് തവണ സംസ്ഥാന അവാര്‍ഡും നേടി. 34 വര്‍ഷത്തെ കരിയറില്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംഗീതസംവിധായകന്‍ കൂടിയാണ് ശരത്. മോഹന്‍ലാല്‍ നായകനായ പവിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചതും ശരത്തായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും പലരുടെയും ഫേവറെറ്റാണ്.

യേശുദാസ് പാടിയ ശ്രീരാഗമോ എന്ന ഗാനം ശരതിന്റെ കരിയറിലെ മികച്ച ഗാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. ആ പാട്ടിന്റെ കമ്പോസിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് ശരത്. ഘരഹരപ്രിയ എന്ന രാഗത്തിലാണ് ആ പാട്ട് ചിട്ടപ്പെടുത്തിയതെന്നും ഓ.എന്‍.വിയുടെ വരികളാണ് ആ പാട്ടിന്റെ ഹൈലൈറ്റെന്നും ശരത് പറഞ്ഞു. ആദ്യത്തെ രണ്ടുവരി വായിച്ചപ്പോള്‍ തന്നെ അതിനുമുകളില്‍ ഇനി ഒരു പാട്ടിനും സ്ഥാനമില്ലെന്ന് തനിക്ക് തോന്നിയെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ പാട്ട് സിനിമയില്‍ കണ്ട ശേഷം യേശുദാസ് തന്നെ കണ്ടെന്നും താനത്രയും കഷ്ടപ്പെട്ട് പാടിയ പാട്ട് അവര്‍ പച്ചക്കറി അരിയുന്ന സീനില്‍ ഇട്ടെന്ന് തമാശരൂപത്തില്‍ പറഞ്ഞെന്നും ശരത് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും കച്ചേരിയുടെ സീനില്‍ ആ പാട്ട് പ്ലേസ് ചെയ്താല്‍ ഇത്രയും ഭംഗി കിട്ടില്ലായിരുന്നെന്നും ശരത് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ശരത് ഇക്കാര്യം പറഞ്ഞത്.

‘ശ്രീരാഗമോ എന്ന പാട്ടിന്റെ ക്രെഡിറ്റ് ഓ.എന്‍.വി സാറിന് കൂടി അവകാശപ്പെട്ടതാണ്. ആദ്യം ട്യൂണ്‍ തയാറാക്കിയ ശേഷമാണ് പാട്ടിന്റെ വരികളെഴുതിയത്. ഖരഹരപ്രിയ രാഗത്തിലാണ് ആ പാട്ട് കമ്പോസ് ചെയ്തത്. എന്റെ ഗുരുനാഥന്റെ അഷ്ടപദിയില്‍ നിന്ന് കൂടി പ്രചോദനം എടുത്താണ് ആ ട്യൂണ്‍ ചിട്ടപ്പെടുത്തിയത്. അതുപോലെ തന്നെ ദാസേട്ടന്റെ ശബ്ദവും ആ പാട്ടിനെ വേറൊരു ലെവലിലെത്തിച്ചു.

സിനിമ റിലീസായ ശേഷം ദാസേട്ടന്‍ ആ പടം കണ്ടു. പിന്നീട് അദ്ദേഹം എന്നെ കാണാന്‍ വന്നപ്പോള്‍ ആ പാട്ടിന്റെ കാര്യം പറഞ്ഞു. ‘എടാ മോനേ, ഞാന്‍ അത്രയും കഷ്ടപ്പെട്ട് പാടിയ പാട്ട് അവര്‍ പച്ചക്കറി അരിയുന്ന സീനില്‍ കൊണ്ടിട്ടേക്കുവാ’ എന്ന് തമാശരൂപത്തില്‍ പറഞ്ഞു. അവിടെയാണ് ആ പാട്ടിന്റെ വിജയം. വല്ല കച്ചേരിയില്‍ കൊണ്ടു പ്ലേസ് ചെയ്തിരുന്നെങ്കില്‍ ഇന്ന് കാണുന്ന റീച്ച് ആ പാട്ടിന് കിട്ടില്ലെന്നുറപ്പാണ്,’ ശരത് പറഞ്ഞു.

Content Highlight: Music Director Sharreth about K J Yesudas and Pavithram movie