കൊച്ചി: മലയാളികള്‍ക്ക് ഗൃഹാതുരസ്മരണയുണര്‍ത്തുന്ന ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. 19ാം വയസ്സില്‍ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് ശരത് സംഗീതസംവിധാനരംഗത്തേയ്ക്ക് കാലെടുത്തു വെക്കുന്നത്.
ശരതിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പവിത്രം’ സിനിമയിലെ ‘ശ്രീരാഗമോ’ എന്ന ഗാനം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്. ഈ പാട്ടിന് നിരവധി കവര്‍ വേര്‍ഷനും ഇറങ്ങിയിരുന്നു.
ഇപ്പോഴിതാ തന്റെ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളെക്കുറിച്ച് സംസാരിക്കുകയാണ് ശരത്. കൈരളി ടി.വിയുടെ മ്യൂസിക് 7 എന്ന പരിപാടിയിലാണ് ശരതിന്റെ പ്രതികരണം.
‘അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരും കവര്‍ ചെയ്യുന്ന ഒരു പാട്ടാണ് ശ്രീരാഗമോ എന്നത്. കൂടാതെ ചിലര്‍ ഈ പാട്ടിനെ കവര്‍ ആക്കി കബറടക്കി എന്നും ശരത് പറയുന്നു.
23ാം വയസിലാണ് ശരത് പവിത്രം എന്ന ചിത്രത്തിന്റെ പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നത്. ‘ശ്രീരാഗമോ…’ എന്ന പാട്ടിന്റെ പശ്ചാത്തലം തനിക്ക് സംവിധായകന്‍ പറഞ്ഞു തന്നപ്പോള്‍ എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല എന്നും ശരത് പറയുന്നു.
‘ആ പാട്ടിന്റെ തീം കേട്ടപ്പോള്‍ ഞാനാകെ ബ്ലാങ്ക് ആയി, എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടിയില്ല. പല പല സംഭവങ്ങളാണ് ആ പാട്ടില്‍ നടക്കുന്നത്. കംപോസിങ്ങിന്റെ ഭാഗമായി ഞങ്ങള്‍ സിനിമയിലെ അതേ വീട്ടിലാണ് താമസിക്കുന്നത്. വീടിന്റെ അയല്‍ക്കാരന് ക്ലാസിക്കല്‍ പാട്ടുകളോട് വല്ലാത്തൊരു ഭ്രാന്താണ്, ഇടയ്ക്കിടയ്ക്ക് ഓരോ പാട്ടുകളും പാടി വീട്ടില്‍ വരും. അങ്ങനെ ഒരിക്കല്‍ അയാള്‍ പാടിയ പക്കല നിലപടി എന്ന കീര്‍ത്തനമാണ് ഈ പാട്ടിലേക്കെത്തിച്ചത്, ഒപ്പം എന്റെ ഗുരുനാഥന്റെ അഷ്ടപദിയും പാട്ടിന് പ്രചോദനമായി. അങ്ങനെയാണ് ശ്രീരാഗമോ പിറക്കുന്നത്,’ ശരത് പറയുന്നു.
സിനിമയില്‍ ഈ പാട്ട് കണ്ടശേഷം ദാസേട്ടന്‍ പറഞ്ഞ കാര്യം വളരെ രസകരമായിരുന്നെന്നും ശരത് പറയുന്നു. ‘ എടാ മോനേ, ഞാന്‍ കഷ്ടപ്പെട്ട് പാടിയ സ്വരങ്ങള്‍ക്ക് അവരവിടെയിരുന്ന് പടവലങ്ങ അരിയുകയാണ്,’ എന്നാണ് യേശുദാസ് പറഞ്ഞെതെന്നും ശരത് പറയുന്നു.