മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുന്നവയാണ് വിനീത്-ഷാന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന മിക്ക പാട്ടുകളും. വിനീതിന്റെ ആദ്യ സിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മുതല്‍ ഷാനുമായുള്ള കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മിക്ക ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളാണ്.
ഷാനിന്റെ സംഗീതത്തില്‍ വിനീത് പാടി ഹിറ്റാക്കിയ ഗാനങ്ങളും അനവധിയാണ്. ഇക്കൂട്ടല്‍ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചേറ്റിയ ഗാനമായിരുന്നു ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം. ഷാന്റെ സംഗീതത്തില്‍ വിനീത് പാടി ഹിറ്റാക്കിയ ഈ ഗാനത്തിന് പിന്നിലെ കഥ പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷാന്‍ റഹ്മാന്‍.
ജിമിക്കി കമ്മല്‍ എന്ന പാട്ട് കമ്പോസ് ചെയ്യുമ്പോള്‍ എല്ലാവരും ഏറ്റെടുത്തു പാടുന്ന ഒരു പാട്ടവണം അതെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും അത്രയും സിംപിളായിരിക്കണമെന്ന് ആദ്യമേ ആലോചിച്ചിരുന്നെന്നും ഭയങ്കര പോളിഷ്ഡ് ആവരുതെന്ന് ഉറപ്പിച്ചിരുന്നെന്നും ഷാന്‍ പറയുന്നു.
ചെന്നൈയിലെ റെക്കോര്‍ഡിങ് സമയത്ത് സാധാരണ ഞാന്‍ സൗണ്ട് എഞ്ചിനിയറുടെ തൊട്ടിപ്പുറത്തായാണ് ഇരിക്കാറ്. ഓരോ കാര്യങ്ങളും കൃത്യമായി ഗായകര്‍ക്ക് പറഞ്ഞുകൊടുത്താണ് പാടിക്കാറ്. എന്നാല്‍ ജിമിക്കി കമ്മല്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിനീത് വോയ്‌സ് ബൂത്തിനകത്ത് കയറി. സൗണ്ട് എഞ്ചിനിയര്‍ അവിടെ ഇരിക്കുന്നുണ്ട്. ഞാന്‍ പിറകില്‍ വലിയൊരു സോഫയില്‍ കിടക്കുകയാണ്. എന്നിട്ട് ഫോണില്‍ ഓരോ മെസ്സേജ് എല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ്.
‘ അളിയാ എന്തെങ്കിലും ഉണ്ടെങ്കില്‍ നീ പറയണേ’ എന്ന് വിനീത് വിളിച്ചുപറയുന്നുണ്ട്. ഒന്നും ഇല്ല, ഒറ്റ ടേക്കില്‍ ഈ പാട്ടെടുക്കും. അതില്‍ ഓക്കെ ആകുന്നത് മതിയെന്ന് ഞാനും പറഞ്ഞു.
കാരണം എനിക്കിത് പോളിഷ് ചെയ്ത് ഒന്നുകൂടി നന്നാക്കി എടുക്കണം, ഒന്നുകൂടി വൃത്തിയാക്കി പാടണം എന്നൊന്നും ഉണ്ടായിരുന്നില്ല. ഈ പാട്ടിന് ഇതൊന്നും വേണ്ട. ഈ പാട്ടിന് വേണ്ടത് ചെറിയൊരു വൃത്തികേടാണ്. അത് ഉണ്ടായാല്‍ മതി. അത് നീ പാടുമ്പോള്‍ ഓട്ടോമാറ്റിക്കായി വന്നോളുമെന്നായിരുന്നു വിനീതിനോട് പറഞ്ഞത് (ചിരി).
അങ്ങനെ അവന്‍ പല്ലവി മുഴുവന്‍ പാടി തീര്‍ത്തു. എടാ ഒന്നുകൂടി പോയാലോ എന്ന് ചോദിച്ചു. ഞാന്‍ ആ കിടന്നിടത്ത് നിന്ന് വേണ്ട വേണ്ട ഇത് മതിയെന്ന് പറഞ്ഞു. അങ്ങനെ പതിനഞ്ച് മിനുട്ട് കൊണ്ട് റെക്കോര്‍ഡിങ് കഴിഞ്ഞു.
പാട്ട് യൂട്യൂബില്‍ അപ് ലോഡ് ചെയ്തപ്പോള്‍ ഓരോ ദിവസം വെച്ച് ലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ഞാന്‍ വിനീതിനെ ഫോണ്‍ ചെയ്ത് അളിയാ നീ ഇത് കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞാനും കാണുന്നുണ്ട് ഇതെന്താണ് കഥയെന്നായിരുന്നു വിനീതിന്റെ ചോദ്യം.
പിന്നെ അത് വേറെ എവിടെയൊക്കെയോ എത്തി. തന്നെ സംബന്ധിച്ച് വളരെയേറെ അംഗീകാരം വാങ്ങിത്തന്ന പാട്ടായി ജിമിക്കി കമ്മല്‍ മാറിയെന്നും ഷാന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: Music Director Shan Rahman About Vineeth Sreenivasan and Jimikki Kammal Song