| Sunday, 6th March 2022, 12:15 pm

പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല, എല്ലാവരും പാടിനടക്കുന്ന പാട്ട്; ഷാന്‍ റഹ്മാന്റെ പ്ലേ ലിസ്റ്റിലെ നമ്പര്‍ വണ്‍ സോങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഷാന്‍ റഹ്മാന്‍. തട്ടത്തിന്‍ മറയത്ത്, ആട്, വെളിപാടിന്റെ പുസ്തകം, ഒരു അഡാര്‍ ലൗ തുടങ്ങി സിനിമകളിലൂടെ മലയാളം പാട്ടുകളെ ട്രെന്‍ഡിങ് ലിസ്റ്റുകളിലെത്തിച്ച സംഗീത സംവിധായകന്‍ കൂടിയാണ് ഷാന്‍.

എന്നാല്‍ തന്റെ പ്ലേ ലിസ്റ്റിലെ നമ്പര്‍ വണ്‍ പാട്ടിനെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ ഷാന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ഷാന്‍ ഇപ്പോഴത്തെ ഫേവറൈറ്റ് പാട്ടിനെക്കുറിച്ച് സംസാരിക്കുന്നത്.

വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ പാട്ടാണ് ഇപ്പോഴത്തെ തന്റെ ഫേവറൈറ്റ് എന്നാണ് ഷാന്‍ പറയുന്നത്.

”ഇപ്പോഴത്തെ പ്ലേ ലിസ്റ്റിലെ നമ്പര്‍ വണ്‍ സോങ് ‘അറബിക് കുത്ത്’ ആണ്, എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്.

പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല, ഒരുവിധം എല്ലാവരും പാടിനടക്കുന്ന ഒരു പാട്ടാണ്. പ്ലേ ലിസ്റ്റ് നോക്കുവാണെങ്കില്‍ നമ്പര്‍ വണ്‍ സോങ് റൈറ്റ് നൗ ഈസ് ‘ഹലമിത്തി ഹബീബോ, ഹലമിത്തി മിത്തി വന്താലേ ഹലമിത്തി ഹബീബോ’,” ഷാന്‍ പറഞ്ഞു.

വിജയ്‌യും പൂജ ഹെഗ്‌ഡെയും അഭിനയിച്ച അറബിക് കുത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്ത് രണ്ടാഴ്ചക്കുള്ളില്‍ തന്നെ യുട്യൂബില്‍ മാത്രം 134 മില്യണ്‍ കാഴ്ചക്കാരെയാണ് നേടിയത്.

തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂ ലഭിക്കുന്ന വീഡിയോ ഗാനം എന്ന റെക്കോര്‍ഡും അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് 15 ദിവസം കൊണ്ടായിരുന്നു പാട്ട് 100 മില്യണ്‍ വ്യൂ പിന്നിട്ടത്.

ധനുഷ് ചിത്രം മാരി 2വിലെ റൗഡി ബേബി എന്ന ഗാനത്തിന്റെ റെക്കോര്‍ഡും ഇതോടെ അറബിക് കുത്ത് മറികടന്നു.

നടനും നിര്‍മാതാവുമായ ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. അനിരുദ്ധും ജോനിത ഗാന്ധിയും ചേര്‍ന്നാണ് അറബിക് കുത്ത് ആലപിച്ചിരിക്കുന്നത്.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.


Content Highlight: Music director Shan Rahman about his number one song in Playlist, Arabic Kuthu

We use cookies to give you the best possible experience. Learn more