|

ബേസിലിന്റെ പങ്കാളി എന്നെ വിളിച്ച് കരഞ്ഞു, അത് മറക്കാന്‍ കഴിയാത്തൊരു മൊമന്റ് ആയിരുന്നു: ഷാന്‍ റഹ്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസിലിന്റെ പങ്കാളി എലിസബത്ത് മിന്നല്‍ മുരളി എന്ന സിനിമയിലെ ഉയരെ എന്ന പാട്ട് കേട്ടിട്ട് തന്നെ വിളിച്ച് കരഞ്ഞിരുന്നുവെന്ന് ഷാന്‍ റഹ്മാന്‍.

ആ പാട്ടിന്റെ ലിറിക്ക് വീഡിയോ ഇറങ്ങിയപ്പോള്‍ കുറേ പേര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും സിനിമയിറങ്ങിക്കഴിഞ്ഞപ്പോഴാണ് പാട്ടിന് കൂടുതല്‍ സ്വീകാര്യത കിട്ടിയതെന്നും ഷാന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ബേസിലിന്റെ വൈഫ് ഉയരെ എന്ന പാട്ട് കേട്ടിട്ട് എന്നെ വിളിച്ച് കരഞ്ഞിരുന്നു. ഓ! എന്തൊരു പാട്ടാണ് ഷാനിക്കാ നിങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞ് കരഞ്ഞിരുന്നു. അത് മറക്കാന്‍ കഴിയാത്തൊരു മൊമന്റ് ആയിരുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്.

ആദ്യം നമ്മള്‍ സാറ്റിസ്‌ഫൈ ചെയ്യേണ്ടത് ഡയറക്ടറെയാണ്. അതിന് ശേഷമാണ് ഓഡിയന്‍സിനെ സാറ്റിസ്‌ഫൈ ചെയ്യേണ്ടത്. മിന്നല്‍ മുരളിയിലെ ഉയരെ എന്ന പാട്ട് ലിറിക്ക് വീഡിയോ ആയി ഇറങ്ങിയപ്പോള്‍ കുറേ പേര്‍ക്ക് ഇഷ്ടമായിരുന്നില്ല. എന്ത് പാട്ടാണിത്, ഇതാണോ ഷാന്‍ റഹ്മാന്‍ ഉണ്ടാക്കിയ പാട്ട് എന്നൊക്കെ പലരും ചോദിച്ചിരുന്നു.

ഞാന്‍ വര്‍ക്ക് ചെയ്തത് ബേസിക്ക് (ബേസില്‍ ജോസഫ്) വേണ്ടിയാണ്. ബേസി എനിക്ക് തന്ന സിറ്റുവേഷനും വില്ലനും വില്ലന്റെ പ്രേമവും ഇതിന്റെയൊക്കെ ഇമോഷന്‍സ് മനസിലാക്കി വേണം മ്യൂസിക് ചെയ്യാന്‍. ഒരുപാട് കാര്യങ്ങള്‍ തലയില്‍വെച്ച് കൊണ്ടാണ് നമ്മള്‍ വര്‍ക്ക് ചെയ്യാനിരിക്കുന്നത്.

അത് കൊണ്ട് തന്നെ വെറുമൊരു ലിറിക്ക് വീഡിയോ വന്നത് കൊണ്ട് മാത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടമാകണമെന്നില്ല. പക്ഷേ സിനിമയിറങ്ങിക്കഴിഞ്ഞപ്പോഴാണ് ആളുകള്‍ക്ക് കൂടുതലും കണക്ട് ആയത്, ‘ ഷാന്‍ റഹ്മാന്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘കിങ് ഓഫ് കൊത്ത’ യാണ് ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ ചിത്രം. അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Music director Shan Rahman about Basil Joseph’s Wife