'ഉണ്ട ചോറിന് നന്ദി'; കര്‍ഷകര്‍ക്ക് പിന്തുണയുമായി ഷാന്‍ റഹ്മാനും
farmers protest
'ഉണ്ട ചോറിന് നന്ദി'; കര്‍ഷകര്‍ക്ക് പിന്തുണയുമായി ഷാന്‍ റഹ്മാനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th February 2021, 4:13 pm

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംഗീത സംവിധായകന്‍ ഷാന്‍ റഹ് മാനും. ഫേസ്ബുക്കിലൂടെയായിരുന്നു ഷാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഉണ്ട ചോറിന് നന്ദി എന്നായിരുന്നു ഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഐ സ്റ്റാന്റ് വിത്ത് ഫാര്‍മേര്‍സ്, ഫാര്‍മേര്‍സ് ഓഫ് ഇന്ത്യ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമായിരുന്നു ഷാനിന്റെ പോസ്റ്റ് .

കര്‍ഷകര്‍ക്ക് പിന്തുണയുമായി നടന്‍ സലിം കുമാര്‍, ഗായിക സയനോര ഫിലിപ്പ്, മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങി നിരവധി പേര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് ലോകപ്രശസ്ത പോപ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെ റിഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അക്ഷയ് കുമാര്‍, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ റിഹാനക്കെതിരെ രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ പ്രചാരണമാണിതെന്നും ഇവര്‍ പറഞ്ഞിരുന്നു.#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍.

ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും തപ്സി പന്നു, അനുഭവ് സിന്‍ഹ, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, കുനാല്‍ കമ്ര തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

പ്രൊപ്പഗാണ്ട ടീച്ചറാകരുത് എന്നാണ് തപ്സി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ചൂഷണം ചെയ്യുകയാണെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു അല്ലെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത് എന്നായിരുന്നു തപ്സിയുടെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Music Director Shaan Rahman with support for farmers