ജീവിതത്തിലെ വിലപ്പെട്ട സൗഹൃദങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. സുഹൃത്തുക്കളായ വിനീത് ശ്രീനിവാസനും നോബിള്‍ ബാബു തോമസും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളാണെന്ന് ഷാന്‍ റഹ്മാന്‍ പറഞ്ഞു.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനീതിനെയും നോബിളിനെയും കുറിച്ചുള്ള രസകരമായ അനുഭവങ്ങളും ഷാന്‍ അഭിമുഖത്തില്‍ പങ്കുവെച്ചു.
‘ഭക്ഷണവും സിനിമയുമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളെന്ന് സ്വയം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നയാളാണ് വിനീത് ശ്രീനിവാസന്‍. ഭക്ഷണം കഴിക്കാന്‍ കിലോമീറ്ററുകളോളം വണ്ടിയോടിച്ച് പോകും. അങ്ങനെ കുറെ ശീലങ്ങളൊക്കെ അവനുണ്ട്,’ ഷാന്‍ റഹ്മാന്‍ പറഞ്ഞു.
ചെറിയ കാര്യത്തിന് പോലും പെട്ടെന്ന് ടെന്‍ഷനടിക്കുന്നയാളാണ് നോബിളെന്ന് ഷാന്‍ റഹ്മാന്‍ പറയുന്നു. നോബിളിന് വേണ്ടി പല കാര്യങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരം കണ്ടുപിടിക്കാറുള്ളത് താനാണെന്നും ഷാന്‍ പറഞ്ഞു.
‘പലവട്ടം കാത്തിരുന്നു ഞാന്‍ എന്ന പാട്ടിന്റെ സെറ്റ് ചെയ്തത് നോബിളാണ്. ആ ഷൂട്ടിനിടയില്‍ പലപ്പോഴും നോബിള്‍ ടെന്‍ഷനിലായി പോകും. അപ്പോള്‍ ഞാന്‍ പോയി ഇങ്ങനെ ചെയ്യുന്നതിന് പകരം അങ്ങനെ ചെയ്താല്‍ പോരേ എന്ന് ചോദിക്കും. അതേ കുറിച്ച് മിണ്ടാതിരുന്ന് ആലോചിച്ച ശേഷം എന്നാല്‍ പിന്നെ അങ്ങനെ ചെയ്യാമെന്നു പറഞ്ഞ് എനിക്ക് താങ്ക്‌സും പറയും,’ ഷാന്‍ പറഞ്ഞു.
നോബിളും വിനീതും എന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ഭാഗ്യങ്ങളാണ്. പഠനകാലത്തൊന്നും ഉണ്ടാകാതിരുന്ന, ദീര്‍ഘകാലമായുള്ള സൗഹൃദമാണ് ഇവരുമായുള്ളതെന്ന് ഷാന്‍ പറയുന്നു.
കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ മൂന്ന് പേരും സിംഗിളായിരുന്നു. വളരെ പാഷനേറ്റ് ആയിരുന്നു. ഇപ്പോഴും പാഷന് കുറവൊന്നും വന്നിട്ടില്ല. പക്ഷെ ഞങ്ങള്‍ കല്യാണം കഴിച്ചു, കുട്ടികളും കുടുംബവുമായി – അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ഈ ഒരു യാത്രയില്‍ നമ്മള്‍ മൂന്ന് പേരും ഒന്നിച്ചുണ്ടായിരുന്നു. അതൊരു അനുഗ്രഹമായി തന്നെയാണ് കണക്കാക്കുന്നത്, ഷാന്‍ റഹ്മാന്‍ പറയുന്നു.