മലയാള സിനിമാ സംഗീതരംഗത്ത് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശരത്. സംവിധായകന് പുറമെ നല്ലൊരു ഗായകന്‍ കൂടിയാണ് അദ്ദേഹം.
ഗായകനെന്ന നിലയില്‍ താന്‍ മലയാള സിനിമയില്‍ നേരിട്ട അവഗണനയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍ ശരത്. മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
ഒരിക്കല്‍ മലയാളത്തിലെ പ്രമുഖനായ ഒരു സംഗീത സംവിധായകന്‍ തന്നെ പാട്ട് പാടാന്‍ വിളിപ്പിച്ചതും പിന്നീട് സിനിമയുടെ പ്രൊഡ്യൂസര്‍ തന്നെ അപമാനിച്ച് തിരിച്ചയച്ചതുമായ അനുഭവമാണ് ശരത് അഭിമുഖത്തില്‍ പറഞ്ഞത്.
”പാട്ട് പാടിക്കേട്ടപ്പോള്‍ മ്യൂസിക് ഡയറക്ടര്‍ വണ്ടര്‍ഫുള്‍ എന്ന് പറഞ്ഞ് അഭിനന്ദിച്ചു. ഞാന്‍ ആ സന്തോഷത്തിലാണ് ഒറിജിനല്‍ ട്രാക്കിനായി മൈക്കിന് മുന്നില്‍ വന്ന് നിന്നത്.
അപ്പോഴാണ് പ്രൊഡ്യൂസറും കുറേ അസിസ്റ്റന്‍സുമൊക്കെ വന്നത്. അയാള്‍ അപ്പോള്‍ തന്നെ ‘ഛെ… ഇതൊന്നും ശരിയാവില്ല. പുതിയ പയ്യന്‍മാരെയൊന്നും കൊണ്ട് പാടിക്കേണ്ട.’ എന്ന് പുച്ഛത്തോടെ പറഞ്ഞു,” ശരത് പറയുന്നു.
ഈ സംഭവം തനിക്ക് ഒരുപാട് അപമാനവും ദുഃഖവും ഉണ്ടാക്കിയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ”ഞാന്‍ നിന്നനില്‍പ്പില്‍ ഉരുകിപ്പോയത് പോലെയായി. ഞാന്‍ എല്ലാവരുടേയും മുന്നില്‍ അപമാനിതനായി. പാടിത്തുടങ്ങിയിട്ടില്ല. പാടി കേട്ടിട്ട് കൊള്ളില്ല എന്ന് പറഞ്ഞാല്‍ വിഷമമില്ല. ഇതാണ് ഇവിടത്തെ പാരകള്‍,” ശരത് കൂട്ടിച്ചേര്‍ത്തു.
സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് ഇതേപ്പറ്റി തന്നോട് പറഞ്ഞ ഒരു കാര്യവും അഭിമുഖത്തില്‍ ശരത് പരാമര്‍ശിക്കുന്നുണ്ട്. ”ഈ സംഭവം ഞാന്‍ ജോണ്‍സേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇത് സാമ്പിളല്ലേ, നീ ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്ന്. അത് സത്യമായിരുന്നു,” അദ്ദേഹം പറഞ്ഞു.
കരാറുറപ്പിച്ച ഒരുപാട് സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും സിനിമാരംഗത്തെ അന്ധവിശ്വാസങ്ങള്‍ കാരണവും അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ശരത് അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
1990ല്‍ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ശരതിന്റെ മലയാള സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. പവിത്രം, സാഗരം സാക്ഷി, തിരക്കഥ, പാലേരി മാണിക്യം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചതും ശരത് ആയിരുന്നു.