സിനിമ വിജയിക്കാത്തതില്‍ സംഗീത സംവിധായകനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം; സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശരത്
Malayalam Cinema
സിനിമ വിജയിക്കാത്തതില്‍ സംഗീത സംവിധായകനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം; സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th August 2021, 4:32 pm

മലയാള സിനിമാ സംഗീതരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകരിലൊരാളാണ് ശരത്. നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ അദ്ദേഹം സിനിമരംഗത്തെ അന്ധവിശ്വാസങ്ങളെക്കുറിച്ചും താന്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ്.

മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ താന്‍ നേരിട്ട അവഗണനകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സിനിമയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസത്തിന്റെ പേരില്‍ പലരും തന്നെ അവസരങ്ങളില്‍ നിന്നും തഴഞ്ഞതിന്റെ ഓര്‍മകളാണ് അദ്ദേഹം പറയുന്നത്.

1990ല്‍ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ശരതിന്റെ മലയാള സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം. ഇതിലെ ‘സല്ലാപം കവിതയായ്’ എന്ന് തുടങ്ങുന്ന ഗാനമടക്കമുള്ളവ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സിനിമ പരാജയപ്പെട്ടത് തനിക്ക് പിന്നീട് വന്ന അവസരങ്ങളെ ബാധിച്ചു എന്നാണ് ശരത് പറയുന്നത്.

ക്ഷണക്കത്തിന്റെ സംവിധായകനായ ടി.കെ. രാജീവ് കുമാര്‍ തന്നെ സംവിധാനം ചെയ്ത ഒറ്റയാള്‍ പട്ടാളമെന്ന പിന്നീട് വന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സിനിമ പരാജയപ്പെട്ടു. ഇതോടെ തനിക്ക് അവസരങ്ങള്‍ ലഭിക്കാതാവുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

”സിനിമകളുടെ പരാജയം എന്റെ പല വര്‍ക്കുകളെയും ബാധിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെ യുക്തി എനിക്കിന്നും മനസിലാകുന്നില്ല. സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്നതില്‍ എന്താണ് ന്യായം. എന്നാല്‍ ആ ഗാനങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു എന്ന കാര്യം ഇവര്‍ ഓര്‍ത്തിരുന്നില്ല,” ശരത് പറയുന്നു.

ക്ഷണക്കത്തിലെ പാട്ടുകള്‍ പുറത്തിറങ്ങിയതോടെ കാസറ്റുകള്‍ വലിയ തോതില്‍ വിറ്റുവെന്നും എന്നാല്‍ സിനിമ പരാജയപ്പെട്ടതോടെ വില്‍പന അവസാനിച്ചെന്നും ശരത് കൂട്ടിച്ചേര്‍ത്തു.

സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണെന്നും അത് നിയന്ത്രിക്കേണ്ടയാള്‍ ഡയറക്ടറാണെന്നും അദ്ദേഹം പറയുന്നു. ”സിനിമ ഒരു കൂട്ടായ്മയാണ്. ഫുട്ബോള്‍ കളി പോലെ. ഒരാള്‍ മോശമായാല്‍ അത് കളിയെ ബാധിക്കും. നിയന്ത്രിക്കേണ്ടയാള്‍ ഡയറക്ടറാണ്. മ്യൂസിക് ഡയറക്ടറുടെ രാശിയും സിനിമയുടെ വിജയവും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയും,” ശരത് ചോദിക്കുന്നു.

സിനിമയില്‍ ഡയറക്ടറുടെ ആത്മവിശ്വാസമാണ് വലുതെന്നും ആരെങ്കിലുമൊക്കെ പറയുന്ന ഗോസിപ്പുകള്‍ ഡയറക്ടര്‍മാര്‍ വിശ്വസിക്കരുതെന്നും അഭിമുഖത്തില്‍ ശരത് പറഞ്ഞു.

പവിത്രം, സാഗരം സാക്ഷി, തിരക്കഥ, പാലേരി മാണിക്യം എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചതും ശരത് ആയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Music Director Sarath Share bad experiance Malayalam Movie