| Tuesday, 28th March 2023, 1:46 pm

അങ്ങനെ പാടിയാല്‍ കായല്‍ തിര ഇളകത്തില്ലേ എന്ന് ദാസേട്ടന്‍ ചോദിച്ചു, എനിക്ക് ഇങ്ങനെ ഇളകിയാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു: ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യേശുദാസിനെ കൊണ്ട് പാട്ട് പാടിച്ച അനുഭവം പങ്കുവെക്കുകയാണ് സംഗീത സംവിധായകന്‍ ശരത്. യേശുദാസിനെ കൊണ്ട് പാട്ട് പാടിക്കുന്നത് കുറച്ച് പ്രയാസമാണെന്നും ഒരുപാട് തവണ തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യേശുദാസ് പാടാന്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തോട് തന്റെ അച്ഛനും അമ്മക്കും വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ബിഹൈന്‍ഡ്‌വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തില്‍ ശരത് പറഞ്ഞു.

‘ഞാനും ദാസേട്ടനും തമ്മില്‍ ഇഷ്ടം പോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇത്തിരി മസില്‍ പിടിച്ച് നില്‍ക്കുന്ന ആളാണ്. ദാസേട്ടനുമായി ഗുസ്തി പിടിച്ചാലും കുഴപ്പമില്ല. ഞങ്ങള്‍ തമ്മില്‍ ഭീകര വഴക്കൊക്കെ ഉണ്ടായിട്ടുണ്ട്. ക്ഷണക്കത്ത് മുതല്‍ അത് ഉണ്ട്. ദാസേട്ടാ എന്റെ അച്ഛനും അമ്മക്കും വിളിക്കരുത്, അവര്‍ തുമ്മി മരിക്കും എന്നൊക്കെ ഞാന്‍ പറയും.

സിന്ധൂര രേഖ എന്ന സിനിമയിലെ പാട്ട് പാടാന്‍ രാത്രി പന്ത്രണ്ട് മണിക്കാണ് ദാസേട്ടന്‍ വന്നത്. അതിലെ ‘രാവില്‍ വീണാ നാഥം പോലെ’ എന്ന പാട്ടില്‍ ‘മണിമാസമായി കായല്‍ തിരകളിളകി ആര്‍ത്തു പോയി’ എന്ന വരി കുറച്ച് തള്ളി പാടണം. ദാസേട്ടന്‍ അത് ‘തിരകള്‍ ഇളകി’ എന്നാണ് പാടുന്നത്.

ദാസേട്ടാ അങ്ങനെല്ല, ഒന്നു തള്ളിക്കേ എന്ന് പറഞ്ഞു. അതെന്താടാ ഇങ്ങനെ പാടിയാല്‍ കായല്‍ തിര ഇളകത്തില്ലേ എന്ന് ചോദിച്ചു. അങ്ങനെ ഇളകുമായിരിക്കും, പക്ഷേ എനിക്ക് ഇങ്ങനെ ഇളകിയാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചിരിച്ചു. അച്ഛന് വിളിക്കാന്‍ മറന്നുപോയി ദാസേട്ടന്‍. എന്നിട്ട് പാടിത്തന്നു,’ ശരത് പറഞ്ഞു.

Content Highlight: music director sarath about yesudas

We use cookies to give you the best possible experience. Learn more