മലയാളികള്‍ക്ക് ഗൃഹാതുരസ്മരണയുണര്‍ത്തുന്ന, ആളുകള്‍ എന്നും ഓര്‍ത്തുപാടുന്ന ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. താന്‍ ഈണം പകര്‍ന്ന പ്രിയപ്പെട്ട ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മ്യൂസിക് 7 എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് ശരത് സംസാരിക്കുന്നത്.
19ാം വയസ്സില്‍ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് ശരത് സംഗീതസംവിധാനരംഗത്തേയ്ക്ക് കാലെടുത്തു വെക്കുന്നത്. തുടര്‍ന്ന് വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നല്‍കിയത്.
23ാം വയസിലാണ് അദ്ദേഹം പവിത്രം എന്ന ചിത്രത്തിന്റെ പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നത്. ‘ശ്രീരാഗമോ…’ എന്ന പാട്ടിന്റെ പശ്ചാത്തലം തനിക്ക് സംവിധായകന്‍ പറഞ്ഞു തന്നപ്പോള്‍ എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല എന്നാണ് ശരത് പറയുന്നത്.
‘ആ പാട്ടിന്റെ തീം കേട്ടപ്പോള്‍ ഞാനാകെ ബ്ലാങ്ക് ആയി, എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടിയില്ല. പല പല സംഭവങ്ങളാണ് ആ പാട്ടില്‍ നടക്കുന്നത്. കംപോസിങ്ങിന്റെ ഭാഗമായി ഞങ്ങള്‍ സിനിമയിലെ അതേ വീട്ടിലാണ് താമസിക്കുന്നത്. വീടിന്റെ അയല്‍ക്കാരന് ക്ലാസിക്കല്‍ പാട്ടുകളോട് വല്ലാത്തൊരു ഭ്രാന്താണ്, ഇടയ്ക്കിടയ്ക്ക് ഓരോ പാട്ടുകളും പാടി വീട്ടില്‍ വരും. അങ്ങനെ ഒരിക്കല്‍ അയാള്‍ പാടിയ പക്കല നിലപടി എന്ന കീര്‍ത്തനമാണ് ഈ പാട്ടിലേക്കെത്തിച്ചത്, ഒപ്പം എന്റെ ഗുരുനാഥന്റെ അഷ്ടപദിയും പാട്ടിന് പ്രചോദനമായി. അങ്ങനെയാണ് ശ്രീരാഗമോ പിറക്കുന്നത്,’ ശരത് പറയുന്നു.
സിനിമയില്‍ ഈ പാട്ട് കണ്ടശേഷം ദാസേട്ടന്‍ പറഞ്ഞ കാര്യം വളരെ രസകരമായിരുന്നെന്നും ശരത് പറയുന്നു. ‘ എടാ മോനേ, ഞാന്‍ കഷ്ടപ്പെട്ട് പാടിയ സ്വരങ്ങള്‍ക്ക് അവരവിടെയിരുന്ന് പടവലങ്ങ അരിയുകയാണ്,’ എന്നാണ് യേശുദാസ് പറഞ്ഞെതെന്നും ശരത് പറയുന്നു.
ഒരുപാട് പേര്‍ ഈ പാട്ട് കവര്‍ ചെയ്യുന്നുണ്ടല്ലോ എന്ന അവതാരികയുടെ ചോദ്യത്തിന് ‘അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരും ഇത് കവര്‍ ചെയ്യുന്നുണ്ട്,’ എന്നായിരുന്നു ശരത്തിന്റെ മറുപടി. കൂടാതെ ചിലര്‍ ഈ പാട്ടിനെ കബറടക്കി എന്നും പറഞ്ഞ ശരത് അമിതമായി കവര്‍ ചെയ്ത് പാട്ടിനെ നശിപ്പിക്കുന്നതില്‍ തന്റെ നീരസവും വ്യക്തമാക്കി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Music Director Sarath about the song Sreeragamo