Entertainment news
സംഗതി പോരായെന്ന് പറയുന്നതിന് മോശമായ അര്‍ത്ഥമുണ്ട്, മാനേജര്‍മാരുമായി വഴക്കായി:ശരത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 24, 08:52 am
Saturday, 24th September 2022, 2:22 pm

മലയാളികള്‍ എന്നും ഓര്‍ത്തുപാടുന്ന ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നല്‍കിയത്.

നിരവധി റിയാലിറ്റി ഷോകളില്‍ ജഡ്ജായി വന്നതിന് ശേഷമാണ് തനിക്ക് സംഗതി സാര്‍ എന്ന പേര് വന്നതെന്ന് പറയുകയാണ് ശരത്. അതു കൊണ്ടാകും തന്നെ കാണുമ്പോള്‍ സംഗതിസാര്‍ എന്ന് എല്ലാവരും വിളിക്കുന്നതെന്നും അങ്ങനെ വിളിക്കുന്നത് തന്റെ മാനേജര്‍മാര്‍ക്ക് ഇഷ്ടമല്ലെന്നും അതിന്റെ പേരില്‍ ഉണ്ടായ വഴക്കുകളെക്കുറിച്ചും ബിഹൈന്‍ വുഡ്‌സിനോട് പറയുകയാണ് അദ്ദേഹം.

”പലര്‍ക്കും സംഗതി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് എന്നെയാണ്. എന്താണ് അങ്ങനെയെന്ന് എനിക്ക് അറിയില്ല. കാരണം സംഗതി എന്നത് ആദ്യമായി പറഞ്ഞത് ഞാന്‍ ഒന്നും അല്ല.

അതെങ്ങനെയാണ് എന്റെ തലയില്‍ വന്നെതന്ന് ഒരു പിടിയും ഇല്ല. സംഗതി എന്ന സാധനം പണ്ട് ജാംബവാന്റെ കാലത്ത് ഉള്ളതാണ്. വേറെ ഒരു കാര്യം സംഗതി എന്ന് പറയുന്നതിന് വേറെ ഒരു പ്രശ്‌നമുണ്ട്.

അത് പറയുന്ന ടോണ്‍ ഒന്ന് മാറിയാല്‍ അതിന് വേറെ അര്‍ത്ഥം വരും. സംഗതിയൊക്കെ എങ്ങനെയുണ്ട് എന്ന് ചോദിച്ചാല്‍ അതിന് വേറെ അര്‍ത്ഥമാണ്. അത് സംഗീതത്തിലെ സംഗതി അല്ല. അങ്ങനെ പറഞ്ഞാല്‍ അത് മഹാ വൃത്തികേട്ട ഒരു പ്രയോഗമാണ്.

എന്നെ കാണുമ്പോള്‍ പലരും ചോദിക്കും സംഗതി സാര്‍ അല്ലെയെന്ന്. അങ്ങനെ ചോദിക്കുന്നത് എന്റെ മാനജര്‍മാര്‍ക്ക് ഇഷ്ടമല്ല. അതിന് കുഴപ്പമൊന്നുമില്ല. അവര്‍ക്ക് തോന്നുന്നത് വിളിക്കട്ടെയെന്ന് ഞാന്‍ പറയും.

സംഗതി സാര്‍ എന്ന് വിളിച്ചവരോട് പെട്രാള്‍ പമ്പിലൊക്കെ നിന്ന് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട് എന്റെ മാനജര്‍മാര്‍. കാരണം അവര്‍ക്ക് ആ സംഗതി വിളി കേള്‍ക്കുമ്പോള്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നത് ആളുകള്‍ എന്നെ കളിയാക്കുകയാണ് എന്ന രീതിയിലാണ്.

ഇനി ഞാന്‍ പറയുന്നത് അങ്ങനെ വല്ല ഫീലും ഉണ്ടാക്കുന്നത് കൊണ്ടാണോ പലരും അങ്ങനെ പറയുന്നതെന്ന് ചിലപ്പോള്‍ എനിക്കും തോന്നും. ആ ഒരു കാര്യം അറിയാന്‍ ഞാന്‍ ഇപ്പോഴും റിസേര്‍ച്ച് ചെയ്ത് കൊണ്ടിരിക്കുകയാണ്,” ശരത് പറഞ്ഞു.

Content Highlight: music director said about his sangathi name