|

ഞങ്ങള്‍ പല്ലും നഖവും കടിച്ച്, കീ ബോര്‍ഡ് അടിച്ചുപൊളിച്ച് ചെയ്ത സിനിമയാണിത്; ശരിക്കും ഫാന്‍ബോയ് മൊമന്റ്; വിജയ് ചിത്രത്തെ കുറിച്ച് തമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വാരിസു. വംശി പെഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എസ്. തമനാണ്.

വിജയ് ആരാധകന്‍ എന്ന നിലയില്‍ വിജയ് ചിത്രത്തിന്റെ ഭാഗമായതിന്റെ അനുഭവവും ചിത്രം നല്‍കുന്ന പ്രതീക്ഷകളെ കുറിച്ചും പങ്കുവെക്കുകയാണിപ്പോള്‍ എസ്. തമന്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ് പടത്തില്‍ വര്‍ക്ക് ചെയ്തത് തനിക്കൊരു ഫാന്‍ മൊമന്റായിരുന്നെന്നും അദ്ദേഹത്തിന്റെ വലിപ്പവും താരപ്രഭയും വെച്ച് മ്യൂസിക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ പണിയാണെന്നുമാണ് തമന്‍ പറയുന്നത്.

”ഇതെല്ലാം ഒരു ഫാന്‍ മൊമന്റാണ്. ഞങ്ങളൊക്കെ പല്ല് കടിച്ച്, നഖമെല്ലാം കടിച്ച്, കീ ബോര്‍ഡ് അടിച്ചുപൊളിച്ച് ചെയ്ത സിനിമയാണിത്. ജീവിതത്തില്‍ ഇത്രയും നാളും വലിയ പ്രഷറോടെ കാത്തിരുന്ന സിനിമയാണിത്.

ഇതിന് മുമ്പ് വന്ന വിജയ് സാറിന്റെ പാട്ടുകളെല്ലാം നോക്കൂ. റിലീസ് ചെയ്ത് ഒരു ദിവസം കൊണ്ട് തന്നെ 500 മില്യണൊക്കെ അടിക്കുന്ന ഒരു ഹീറോയാണ് അദ്ദേഹം. അദ്ദേഹത്തിന് വേണ്ടി ഒരു പാട്ട് എങ്ങനെ ചെയ്യണം എന്ന ചിന്തയായിരുന്നു.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എല്ലാവരുടെ മനസിലും ഫാന്‍മൊമന്റായിരുന്നു ഉണ്ടായിരുന്നത്.

ജോണി മാസ്റ്റര്‍, വംശി, വിവേക് ടീം മൊത്തത്തില്‍ വളരെ ബ്യൂട്ടിഫുളാണ്. വിജയ് സാറിന് എന്താണ് വേണ്ടതെന്നും അദ്ദേഹത്തിന്റെ ഓഡിയന്‍സിന് എന്ത് കൊടുക്കണമെന്നും അവരുടെ ചെവികള്‍ എത്തരത്തിലുള്ള പാട്ടുകള്‍ കൊണ്ട് ഫില്ല് ചെയ്യണം എന്നൊക്കെ ഇവര്‍ക്ക് കൃത്യമായറിയാം.

വിജയ് സാറിന്റെ സൈസ് അത്രയും വലുതാണ്. ആ വലിപ്പത്തെ മനസിലാക്കി പാട്ട് ചെയ്യുക എന്നത് വളരെ കഷ്ടമാണ്,” എസ്. തമന്‍ പറഞ്ഞു.

വിജയ്‌യെ കൊണ്ട് പാട്ട് പാടിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”അദ്ദേഹത്തിന്റെ ശരീരത്തിനുള്ള ഗ്രേസ്, ഡാന്‍സിലുള്ള ഗ്രേസ്, അത് ശബ്ദത്തിലുമുണ്ട്. അദ്ദേഹം പാടുമ്പോള്‍ തന്നെ അത് മനസിലാകും. പാട്ടിനുള്ളില്‍ പുള്ളി ഇവോള്‍വ്ഡാകും. അതൊരു ദൈവാനുഗ്രഹമാണ്.

ഇതൊക്കെ പുള്ളി എപ്പോള്‍ തുടങ്ങിയതാണ്. അവര്‍ എത്ര നാളായി സിനിമയെ കാണുന്നു. ഇപ്പോള്‍ ഇങ്ങനെ നില്‍ക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എന്തൊക്കെ കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും.

ഒരു വിജയ് സാര്‍ ഫാന്‍ എന്ന നിലയില്‍ എന്റെ ഭാഗത്ത് നിന്നും ഞാന്‍ എന്റെ ബെസ്റ്റ് ചെയ്യുന്നുണ്ട്്. ഡയറക്ടര്‍ അദ്ദേഹത്തിന്റെ ബെസ്റ്റ് ചെയ്യുന്നുണ്ട്, 200 ശതമാനവും എന്നെ പിന്തുണക്കുന്നുണ്ട്.

വാരിസു ഞങ്ങള്‍ക്ക് എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്ക് വലിയ മൈലേജ് തരുന്ന പടമായിരിക്കും ഇത്. വിജയ് സാറിനും അത് നല്‍കാനാണ് ഞങ്ങളുടെ ശ്രമം,” തമന്‍ കൂട്ടിച്ചേര്‍ത്തു.

രശ്മിക മന്ദാന നായികയായെത്തുന്ന വാരിസുവില്‍ സംഗീത, ശരത് കുമാര്‍, പ്രകാശ് രാജ്, ജയസുധ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം അടുത്ത പൊങ്കല്‍ റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Music director S. Thaman talks about working in Varisu with Vijay