പാട്ട് പാടിയും ഡാന്‍സ് ചലഞ്ചായുമെല്ലാം മലയാളികള്‍ കഴിഞ്ഞ വര്‍ഷം ആഘോഷിച്ച പാട്ടാണ് റാം സുരേന്ദര്‍ ഈണം നല്‍കി മഞ്ജു വാര്യര്‍ പാടിയ കിം കിം കിം. പഴമയും പുതുമയും നിറഞ്ഞ പാട്ടിന്റെ ഈണവും വരികളും എല്ലാവരും ഏറ്റെടുത്തു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ എന്ന ചിത്രത്തിലെ പാട്ടാണ് കിം കിം കിം. ഇപ്പോള്‍ പാട്ടിന്റെ അണിയറയില്‍ നടന്ന കാര്യങ്ങളെകുറിച്ച് പങ്കുവെക്കുകയാണ് സംഗീത സംവിധായകനായ റാം സുരേന്ദര്‍. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങനെയുള്ള പാട്ടാണ് സിനിമക്ക് ആവശ്യമെന്നതിനെ കുറിച്ച് സന്തോഷ് ശിവന്‍ പറഞ്ഞ കാര്യങ്ങളാണ് രാം അഭിമുഖത്തില്‍ പറഞ്ഞത്. കിളി പോയ സ്വഭാവത്തിലുള്ള പെണ്‍കുട്ടി. കഥയുടെ ഒരു പ്രത്യേക ഘട്ടത്തില്‍ പാടി അഭിനയിക്കാന്‍ പഴയകാല സ്വഭാവത്തിലുള്ള ഒരു പാട്ട് വേണം. ഇതു മാത്രമാണ് സന്തോഷ് ശിവന്‍ ആവശ്യപ്പെട്ടതെന്നും റാം പറയുന്നു.
കിം കിം കിം പാട്ടിന് വരികളെഴുതിയ ബി.കെ ഹരിനാരായണ്‍ ഒരു പഴയ പാട്ട് സന്തോഷ് ശിവനെ കേള്‍പ്പിച്ചു. പാരിജാത പുഷ്പാഹരണം എന്ന പഴയകാല നൃത്തസംഗീത നാടകത്തില്‍ വൈക്കം മണി പാടി അഭിനയിച്ച പാട്ടാണ് ഹരിനാരായണന്‍ കേള്‍പ്പിച്ചത്. തനിക്കും സന്തോഷ് ശിവനും ഹരിനാരായണനും ഈ പാട്ട് ഒരുപോലെ ഇഷ്ടമായതോടെ ഇതുമായി തന്നെ മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും റാം പറയുന്നു. അങ്ങനെയാണ് കിം കിം കിം പാട്ടിന്റെ പിറവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാട്ടിലെ ഹിറ്റായ പല പ്രയോഗങ്ങളും മഞ്ജു വാര്യര്‍ കയ്യില്‍ നിന്ന് ഇട്ടതാണെന്നും റാം സുരേന്ദര്‍ പറയുന്നു. ‘മഞ്ജു വാര്യരെക്കൊണ്ട് പാടിക്കാന്‍ തീരുമാനമായി. ആദ്യം സാധാരണഗതിയില്‍ മഞ്ജു പാടിക്കഴിഞ്ഞപ്പോള്‍ ഇതല്ല, ഒരു കൈവിട്ട പാട്ടാണ് വേണ്ടതെന്ന് ഞങ്ങള്‍ പറഞ്ഞു. അതോടെ മഞ്ജു വാര്യര്‍ പുറത്തെടുത്തു, ഇപ്പോള്‍ ഹിറ്റായ ‘ഭയാനക വേര്‍ഷന്‍’.
പല്ലവിയില്‍ മഞ്ജു ചില പ്രയോഗങ്ങള്‍ നടത്തി. വണ്‍ ടു ത്രീ ഫോര്‍, ഉയ്യോ, ടിഷ്‌ക്യു, കാന്താകാന്താകാന്ത എന്ന ശല്യപ്പെടുത്തുന്ന വിളി. ഇതെല്ലാം മഞ്ജു കയ്യില്‍ നിന്ന് ഇട്ടതാണ്. റിക്കോര്‍ഡിംഗ് കഴിഞ്ഞപ്പോഴേ ഉറപ്പിച്ചു, ഇത് പറക്കും. ആ പ്രതീക്ഷ തെറ്റിയില്ല.’ റാം പറയുന്നു.
ഇറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ മില്യണ്‍ വ്യൂ നേടിയിരുന്നു കിം കിം കിം. പാട്ടിന് പിന്നാലെ മഞ്ജു ആരംഭിച്ച കിം കിം കിം ഡാന്‍സ് ചാലഞ്ചും ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമാരംഗത്തുള്ളവരടക്കം നിരവധി പേരാണ് ചാലഞ്ച് ഏറ്റെടുത്ത് കിം കിം കിം പാട്ടിന് ചുവടുവെക്കുന്ന വീഡിയോകളുമായി രംഗത്തുവന്നത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലണ്ടന്‍, കേരളത്തിലെ ഹരിപ്പാട് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ദുബായ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്റ് ജില്‍ ഒരുങ്ങുന്നത്. ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Music Director Ram Surendhar about Kim Kim Kim song and Director Santhosh Sivan wanted