| Thursday, 1st December 2022, 3:07 pm

അല്‍ഫോണ്‍സ് പുത്രന്‍ അഭിമുഖങ്ങള്‍ നല്‍കാത്തതിന് കാരണമെന്ത്; മറുപടിയുമായി ഗോള്‍ഡ് സംഗീത സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധാനം ചെയ്യുന്ന സിനിമകളുടെ പേരില്‍ റെക്കോഡ് ഇടുന്നതിനോട് യാതൊരു താല്‍പര്യവുമില്ലാത്ത വ്യക്തിയാണ് അല്‍ഫോണ്‍സ് പുത്രനെന്ന് സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് അല്‍ഫോണ്‍സ് സിനിമ എടുക്കുന്നതെന്നും റോക്കോഡുകള്‍ സെക്കന്‍ഡറിയാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ഫോണ്‍സ് അഭിമുഖങ്ങളില്‍ പങ്കെടുക്കാത്തതിന്റെ കാരണവും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് പറഞ്ഞു.

‘ആരും പുള്ളിയെ ശരിയായ രീതിയില്‍ അഭിമുഖത്തിനായി അപ്രോച്ച് ചെയ്തിട്ടില്ല. വര്‍ക്ക് ചെയ്യുന്ന സമയത്ത് അതായിരിക്കും അദ്ദേഹത്തിന്റെ പ്രയോരിറ്റി. എന്നോട് ആ സമയത്ത് ചോദിച്ചാലും അങ്ങനെ തന്നെയായിരിക്കും. നമ്മള്‍ വര്‍ക്കിനല്ലേ പ്രയോരിറ്റി കൊടുക്കുക. എങ്ങനെയെങ്കിലും സമയത്തിന് സിനിമ റിലീസ് ചെയ്യാനല്ലേ നോക്കൂ, അതുകൊണ്ടായിരിക്കും.

അദ്ദേഹം കുറേക്കൂടി സ്‌ട്രെയ്റ്റ് ഫോര്‍വേഡാണ്. അല്‍ഫോണ്‍സ് ഒരു കണ്ണാടി പോലെയാണ്. ഇന്‍ര്‍വ്യൂ ചോദിച്ചിട്ട് പറ്റില്ലെന്ന് പറഞ്ഞാല്‍ സാഹചര്യം അതായിരിക്കും. അതല്ലാതെ ആരോടും ദേഷ്യമൊന്നുമില്ല.

റെക്കോഡുകള്‍ വേണമെന്ന് യാതൊരു ഉദ്ദേശവും ഇല്ലാത്ത വ്യക്തിയാണ് അല്‍ഫോണ്‍സ്. ടീമിലും ആര്‍ക്കും അങ്ങനെ ഒരു ഉദ്ദേശമില്ല. ഒരു പത്ത് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ഇതൊരു മോശം പടമല്ലെന്ന് തോന്നണം. അതൊരു ഒരു ബെഞ്ച് മാര്‍ക്കാക്കി നമ്മള്‍ക്കും വളരണം.

അല്ലാതെ റെക്കോഡ് ബ്രേക്ക് ചെയ്യുന്നതൊക്കെ ജനങ്ങള്‍ നല്‍കുന്ന സമ്മാനമായാണ് നമ്മള്‍ കാണുന്നത്. അവര്‍ ഹാപ്പിയാണെങ്കില്‍ നമ്മളും ഹാപ്പിയാണ്. അവര്‍ക്ക് വേണ്ടിയാണ് നമ്മള്‍ ഇത് ചെയ്യുന്നത് എന്നൊരു കാഴ്ചപ്പാടുണ്ട്. ഈ പോഷനില്‍ ഓഡിയന്‍സ് എന്തായിരിക്കും ചിന്തിക്കുക എന്ന അല്‍ഫോണ്‍സിന്റെ ഒരു ചിന്തയുണ്ട്. ആ ചിന്തയിലായിരിക്കും സിനിമ തന്നെയുണ്ടാവുന്നത്. അതുകൊണ്ട് റെക്കോഡൊക്കെ സെക്കന്‍ഡറിയാണ്,’ രാജേഷ് പറഞ്ഞു.

അല്‍ഫോണ്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡ് ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്തിരിക്കുകയാണ്. രാജേഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ നയന്‍താരയാണ് നായികയായത്. സമ്മിശ്രപ്രതികരണങ്ങളാണ് ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഷമ്മി തിലകന്‍, ലാലു അലക്‌സ്, അജ്മല്‍ അമീര്‍, മല്ലിക സുകുമാരന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, ജഗദീഷ്, ശബരീഷ് തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തിയത്.

Content Highlight: music director rajesh murigeshan about alphonse puthren

We use cookies to give you the best possible experience. Learn more