| Friday, 29th July 2022, 2:37 pm

ഇത് ഹിന്ദിപ്പാട്ടിന്റെ ട്യൂണല്ലേയെന്ന് ഞാന്‍ ചോദിച്ചു, ഏയ് അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു പ്രിയന്റെ മറുപടി; മേഘം സിനിമയിലെ ഗാനത്തെ കുറിച്ച് ഔസേച്ചപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചില മലയാള സിനിമകളിലെ ഗാനങ്ങള്‍ക്ക് മറ്റ് ചില ഭാഷകളിലെ ഗാനങ്ങളുമായുള്ള സാമ്യത്തെ കുറിച്ചും പാട്ട് കോപ്പയടിക്കുന്നതിനെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ പലപ്പോഴായി ഉയര്‍ന്നുവരാറുണ്ട്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചില സിനിമകളിലെ ഗാനങ്ങള്‍ക്ക് ചില ഹിന്ദി ഗാനങ്ങളുമായുള്ള സാമ്യത പലപ്പോഴായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുമുണ്ട്. അത്തരത്തില്‍ പ്രിയദര്‍ശന് വേണ്ടി സംഗീതം ചെയ്തപ്പോഴുണ്ടായ ചില രസകരമായ കാര്യങ്ങള്‍ പറയുകയാണ് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. 2017ല്‍ മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കവേ ഔസേപ്പച്ചന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

ചില സിനിമകളുടെ പ്രമേയം പ്രിയദര്‍ശന്‍ മോഷ്ടിക്കുമെന്നൊരു ആരോപണം ഉണ്ട്. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് താങ്കള്‍ സംഗീതം ചെയ്തപ്പോഴും അങ്ങനെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘം എന്ന സിനിമയിലെ ‘ഞാനൊരു പാട്ടുപാടാം’ എന്ന ഗാനം മറ്റാരുടേയോ പാട്ടല്ലേ താങ്കളുടെ ട്യൂണ്‍ തന്നെയാണോ എന്ന ചോദ്യത്തിനായിരുന്നു ഔസേപ്പച്ചന്റെ മറുപടി.

തന്നന്ന താന നന്ന എന്ന സാധനം എടുത്തിട്ട് താനന താനിനന എന്നാക്കി. നോട്ട്‌സില്‍ സാമ്യതയുണ്ട്. എന്നാല്‍ കേസ് കൊടുക്കാന്‍ പറ്റുന്ന സിമിലാരിറ്റി ഇല്ല. എല്ലാ നോട്ട്‌സും അതിന്റെ പ്രയോഗങ്ങളും വേറെയാണ്. ആ ഛായ വേണമെന്ന് ഞാനും ഡയറക്ടറും ആലോചിച്ചിട്ടുണ്ട്. കാരണമെന്താണെന്നാല്‍ ഇത് പാടുന്നത് മമ്മൂട്ടിയാണ്. പുള്ളി കവിത രചിക്കുകയോ പാട്ടു പാടുകയോ ചെയ്യുന്ന ആളല്ല. വേണമെങ്കില്‍ പുള്ളി ആ ഹിന്ദി പാട്ടുപാടിക്കൊണ്ട് മലയാളം പാട്ടുപാടുന്നതായി കാണിക്കാമായിരുന്നു. അത് ചെയ്തിരുന്നെങ്കില്‍ ഈ ആക്ഷേപം ഉണ്ടാകുമായിരുന്നില്ല.

ഒരു വരിയാണെങ്കിലും എന്തിന് കടമെടുക്കുന്നു എന്ന ചോദ്യത്തിന് കഥാപാത്രത്തിന്റെ സ്വഭാവം ജനങ്ങളിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വേണ്ടി ചെയ്യുന്ന ഒരു ഈസി മാര്‍ഗമായിരുന്നു ഡയറക്ടറെ സംബന്ധിച്ച് അത് എന്നായിരുന്നു ഔസേപ്പച്ചന്റെ മറുപടി.

സത്യം പറഞ്ഞാല്‍ ഇതൊരു പ്ലേ ആയിരുന്നു. പ്രിയദര്‍ശന് ഇത് എന്റെ അടുത്ത് പറയാന്‍ ഒരു മടി. ഈ ചായ്‌വ് ഉണ്ടാക്കണമെന്ന്. അങ്ങനെ ഗിരീഷ് പുത്തഞ്ചേരിയുടെ അടുത്ത് ഒരു വരിയെഴുതാന്‍ പറയുകയാണ്. അദ്ദേഹം ഞാനൊരു പാട്ടുപാടാം എന്നെഴുതിയ കടലാസ് എനിക്ക് കൊണ്ടുതരികയാണ്. ഗിരീഷ് വളരെ സൂത്രത്തിലാണ് എന്റെ അടുത്ത് വന്നത്.

പ്രിയന് വളരെ ഇഷ്ടപ്പെട്ട വരിയാണ് ഇത് വെച്ച് തുടങ്ങാന്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. ആദ്യം എനിക്ക് മനസിലായില്ല. ഞാന്‍ വേറൊരു ട്യൂണിലൊക്കെ തുടങ്ങി. ഞാനൊരു പാട്ടുപാടാം എന്ന് പല രീതിയില്‍ ട്യൂണ്‍ ചെയ്തു. അങ്ങനെ ഞാന്‍ ഒരു ട്യൂണ്‍ എടുത്തപ്പോള്‍ എനിക്ക് പെട്ടെന്ന് സ്‌ട്രൈക്ക് ചെയ്തു. പ്രിയദര്‍ശനാണ് ഡയറക്ടര്‍, ഞാന്‍ ചിന്തിച്ചു, ഓഹോ ഇത് ലൈന്‍ വേറെയാണ്.

ഉടനെ തന്നെ എനിക്ക് സംഭവം മനസിലായി. ‘ഞാനൊരു പാട്ടുപാടാം കുന്നിമണി വീണമീട്ടാം പാട്ടുകേട്ടു പൂവാലാട്ടും’ എന്ന് ലാസ്റ്റ് ട്യൂണാക്കി കൊടുത്തു. കറക്ട് കറക്ട് എന്ന് പ്രിയന്‍ പറഞ്ഞെങ്കിലും ഭാവത്തില്‍ എന്തോ ഒരു വ്യത്യാസമുണ്ടെന്നു കൂടി അദ്ദേഹം പറഞ്ഞു. ഔസേപ്പച്ചാ കുറച്ചൊന്ന് മാറ്റിപ്പിടിച്ചാല്‍ ചിലപ്പോള്‍ കിട്ടും. ഇത് തന്നെയാണ് എനിക്ക് വേണ്ടത് എന്ന് പറഞ്ഞു.

ഇത് തന്നെ മതിയെന്ന് ഞാനും പറഞ്ഞു. അല്ല ഒരു ചെറിയ വ്യത്യാസം എവിടെയെങ്കിലും എന്ന് പറഞ്ഞപ്പോള്‍ ഇപ്പോഴുള്ള ആ ട്യൂണ്‍ ഞാന്‍ പാടി. ഇത് കേട്ടതോടെ വെരി ഗുഡ് എന്ന് പറഞ്ഞ് അദ്ദേഹം കയ്യടിച്ചു. എന്ത് വെരി ഗുഡ് ഇത് മറ്റേ ഹിന്ദിപ്പാട്ടിന്റെ ട്യൂണല്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഏയ് അങ്ങനെ ഒന്നും ഇല്ല എന്നായിരുന്നു പ്രിയന്റെ മറുപടി (ചിരി). ആ പാട്ട് പുള്ളി അറിഞ്ഞിട്ടേ ഇല്ലാത്തമാതിരിയായിരുന്നു മറുപടി. എനി വേ ഇറ്റ് ഈസ് ഫണ്‍, ഔസേപ്പച്ചന്‍ പറയുന്നു.

Content Highlight: Music Director Ouseppachan about priyadarsham movie song similarity with hindi songs

We use cookies to give you the best possible experience. Learn more