Kerala News
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍.എസ്.എസ് വേദിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 13, 12:21 pm
Sunday, 13th October 2024, 5:51 pm

തൃശൂര്‍: സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തൃശൂരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച വിജയദശമി മഹോത്സവ വേദിയില്‍. അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ടാണ് ഔസേപ്പച്ചന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത്. തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്.

എന്നാല്‍ ഔസേപ്പച്ചന്‍ ബി.ജെ.പിയില്‍ അംഗത്വം എടുത്തതായോ സംഘപരിവാര്‍ നിലപാടുകള്‍ സ്വീകരിച്ചതായോ ഇതുവരെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പിയായ ആര്‍. ശ്രീലേഖ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് വിവാദങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഔസേപ്പച്ചനെ ആര്‍.എസ്.എസ് വേദിയില്‍ കാണപ്പെടുന്നത്.

ആര്‍.എസ്.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ വിജയദശമി ദിവസത്തിലെ പഥസഞ്ചലനം പരിപാടിയിലാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്.

തൃശൂര്‍ പാർലമെന്റ് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ആര്‍.എസ്.എസ് വേദിയിലെ ഔസേപ്പച്ചന്റെ സാന്നിധ്യം ചര്‍ച്ചയാകുന്നത്.

മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കുന്നതിനായാണ് ആര്‍.എസ്.എസ് ഔസേപ്പച്ചനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Content Highlight: Music director Ousepachan on RSS stage in Thrissur