| Monday, 12th July 2021, 8:53 am

സംഗീത സംവിധായകന്‍ മുരളി സിത്താര വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചലച്ചിത്ര സംഗീത സംവിധായകന്‍ മുരളി സിത്താര (വി. മുരളീധരന്‍) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. 65 വയസായിരുന്നു. വട്ടിയൂര്‍കാവ് തോപ്പുമുക്കിലെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വൈകിട്ട് മൂന്നുമണിയോടെ മകന്‍ എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

തീക്കാറ്റ് എന്ന സിനിമയിലെ ‘ഒരുകോടി സ്വപ്നങ്ങളാല്‍’ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര സംവിധായകനായി മുരളി അരങ്ങേറ്റം കുറിക്കുന്നത്. 1987 ല്‍ സിനിമയില്‍ എത്തിയ അദ്ദേഹം 90കളില്‍ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ദീര്‍ഘകാലം ആകാശവാണിയിലെ സീനിയര്‍ മ്യൂസിക് കംപോസറായിരുന്നു. ആകാശവാണിയില്‍ ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട് .

മൃദംഗ വിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാന്റെ മകനാണ് മുരളി. ദീര്‍ഘനാള്‍ തരംഗിണി സ്റ്റുഡിയോയില്‍ വയലിനിസ്റ്റ് ആയിരുന്നു.

ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ലളിത ഗാനങ്ങളാണ്. ശോഭനകുമാരിയാണ് ഭാര്യ. കീബോര്‍ഡ് പ്രോഗ്രാമറായ മിഥുന്‍ മുരളി, വിപിന്‍ എന്നിവര്‍ മക്കളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Music director Murali Sithara hanged himself inside his house

We use cookies to give you the best possible experience. Learn more