'നമ്മളി'ലെ ഗാനം പുതിയ ഗായകര്‍ക്ക് നല്‍കിയതിന് അന്ന് കാസറ്റ് കമ്പനിക്കാര്‍ പ്രശ്‌നമുണ്ടാക്കി; ദാസേട്ടനോ ചിത്രയോ പാടാതെ കച്ചവടം ആകില്ലെന്ന് പറഞ്ഞു: മോഹന്‍ സിത്താര
നമ്മള്‍ എന്ന സിനിമയിലൂടെ പുതിയ പാട്ടുകാരെ മലയാള സിനിമാഗാന രംഗത്തേക്ക് കൊണ്ടുവന്ന സംവിധായകനാണ് മോഹന്‍ സിത്താര. വിധു പ്രതാപും ജ്യോത്സനയും ചേര്‍ന്ന് ആലപിച്ച ‘സുഖമാണീ നിലാവും’ അഫ്‌സലും ഫ്രാങ്കോയും ചേര്‍ന്ന് പാടിയ ‘രാക്ഷസീ’ എന്ന ഗാനവും യുവതലമുറ ഏറ്റെടുക്കുകയായിരുന്നു.
എന്നാല്‍ അന്ന് ആ ഗാനം പുതിയ ഗായകരെകൊണ്ട് പാടിപ്പിച്ചതിന് കാസറ്റു കമ്പനിക്കാര്‍ തങ്ങളുമായി പ്രശ്‌നമുണ്ടാക്കിയിരുന്നെന്നും പുതിയ ഗായകര്‍ പറ്റില്ലെന്നും ദാസേട്ടനെയും ചിത്രയെയും പോലുള്ള സീനിയേഴ്‌സിനെ കൊണ്ട് മാറ്റി പാടിക്കാതെ കച്ചവടം ആകില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞതെന്നും ഒടുവില്‍ പുതിയ ആള്‍ക്കാര്‍ വന്നാല്‍ ജനങ്ങള്‍ സ്വീകരിക്കും എന്ന ഞങ്ങളുടെ ഉറപ്പിന്റെ പുറത്താണ് അവര്‍ സമ്മതം പറഞ്ഞതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ സിത്താര പറയുന്നു.
”ഞാന്‍ ചെയ്‌തൊരു പാട്ട് ഫൈനല്‍ മിക്‌സിങിന് മുമ്പ് കേള്‍ക്കാനായി വീട്ടിലെ ടേപ്പ് റിക്കോര്‍ഡിലിട്ടു. കണ്ണടച്ചിരുന്ന് പാട്ട് കേള്‍ക്കവെ പെട്ടെന്ന് എ.ആര്‍. റഹ്മാന്റെ മുക്കാല മുക്കാബില’ എന്ന പാട്ട് ടേപ്പില്‍ നിന്ന് മുഴങ്ങി. നോക്കുമ്പോള്‍ മകളും കൂട്ടുകാരും ചേര്‍ന്ന് ടേപ്പിലെ കാസറ്റ് മാറ്റി ഡാന്‍സ് കളിക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി.
ഇതുവരെയുള്ള രീതിയെല്ലാം വിട്ട് പുതിയ രീതി പിടിക്കാനുള്ള സമയമായെന്ന് മനസ് പറഞ്ഞു. അങ്ങനെയിരിക്കുന്ന ദിവസമാണ് സംവിധായകന്‍ കമല്‍ വിളിക്കുന്നത്, ‘ മോഹന്‍, ഞാന്‍ യൂത്തിനെ വെച്ച് ഒരു സിനിമ ചെയ്യുന്നുണ്ട്, നമുക്ക് പെട്ടെന്ന് അതിന്റെ കംപോസിങ് തുടങ്ങണം. യൂത്ത് ടച്ചുള്ള പാട്ടുകള്‍ വേണം.
തൃശ്ശൂരിലെ ലൂസി പാലസിലായിരുന്നു സിനിമയുടെ കംപോസിങ്. ആല്‍ബം സോങ് പോലെ തോന്നിപ്പിക്കുന്ന ഒരു പ്രണയ ഗാനം വേണമെന്ന് കമല്‍ പറഞ്ഞപ്പോള്‍ ഉണ്ടാക്കിയ പാട്ടാണ് ”എന്ത് സുഖമാണീ നിലാവ്, എന്ത് സുഖമാണീ കാറ്റ്..’ പുതിയ ഗായകരെ കൊണ്ട് പാടിപ്പിക്കാം എന്ന തീരുമാനമാണ് വിധു പ്രതാപിലേക്കും ജ്യോത്സനയിലേക്കും എത്തിയത്.
അതിന് അന്ന് കാസറ്റ് കമ്പനിക്കാര്‍ ഞങ്ങളുമായി പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. ഇവര്‍ പറ്റില്ല ദാസേട്ടനെയും ചിത്രയെയും പോലുള്ള സീനിയേഴ്‌സിനെ കൊണ്ട് മാറ്റി പാടിക്കാതെ കച്ചവടം ആകില്ലെന്ന് പറഞ്ഞു. പുതിയ ആള്‍ക്കാര്‍ വരട്ടെ ജനങ്ങള്‍ സ്വീകരിക്കും എന്ന ഞങ്ങളുടെ ഉറപ്പിന്റെ പുറത്താണ് അവര്‍ സമ്മതം പറഞ്ഞത്.
നമ്മള്‍, സ്വപ്നക്കൂട് എന്നീ സിനിമകളിലാണ് വേറൊരു ട്രാക്കിലുള്ള പാട്ടുകള്‍ പരീക്ഷിച്ച് നോക്കിയത്, എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസി’, ‘കറുപ്പിനഴക്.. ‘ എന്നീ പാട്ടുകളെല്ലാം ആ കാലത്തിന് വേണ്ടിയുണ്ടാക്കിയവയാണ്. അവ അന്നത്തെ യുവാക്കള്‍ ഏറെ ആഘോഷിക്കുകയും ചെയ്തു,” മോഹന്‍ സിത്താര പറഞ്ഞു.