| Saturday, 12th September 2020, 12:08 pm

'ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം പാടേണ്ടിയിരുന്നത് ഞാന്‍'; എന്നാല്‍ റെക്കോര്‍ഡിങ്ങിന് തൊട്ടുമുന്‍പ് അത് സംഭവിച്ചു: എം. ജയചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തിലെ ‘ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം’ എന്ന ഗാനം മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ്.

യേശുദാസിന്റെ ശബ്ദമാധുര്യം കൊണ്ടും ജോണ്‍സണ്‍ മാഷിന്റെ സംഗീതം കൊണ്ടും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ് ഈ ഗാനം.
എന്നാല്‍ ഈ ഗാനം ആദ്യം പാടാനായി വിളിച്ചത് യേശുദാസിനെ ആയിരുന്നില്ല. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനായ എം. ജയചന്ദ്രനെ ആയിരുന്നു.

പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് തൊട്ടുമുന്‍പാണ് ആ ഗാനം ജയചന്ദ്രനില്‍ നിന്നും കൈവിട്ടുപോകുന്നത്. ആ കഥ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയചന്ദ്രന്‍ പങ്കുവെച്ചത്.

ജയചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ…

എന്റെ അമ്മയുടെ കസിനാണ് സംവിധായകന്‍ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി. ഞാന്‍ അവരെ രാധമ്മായി എന്നാണ് വിളിക്കാറ്. അമ്മ ഇടയ്ക്കിടയ്ക്ക് അവരോട് പറയും രാധേ പപ്പനോട് (പത്മരാന്‍) പറഞ്ഞിട്ട് കുട്ടനെ ഒന്ന് സിനിമയില്‍ പാടിക്കണം. ആ സമയത്താണ് ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയുടെ റെക്കോഡിങ് വരുന്നത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലമാണ്. എന്നെയും കൂട്ടി റെക്കോഡിങ്ങിന് ചെന്നൈയിലേക്ക് വരാന്‍ പത്മരാജന്‍ സര്‍ പറഞ്ഞു.

നിനക്കൊരു ട്രാക്ക് പാടാനെങ്കിലും അവസരം കിട്ടുമല്ലോ എന്നും പറഞ്ഞാണ് അമ്മ എന്നെ വിടുന്നത്. അങ്ങനെ ഞാന്‍ ജീവിതത്തിലാദ്യമായി ചെന്നൈയിലെത്തി. അന്ന് മദിരാശി പട്ടണത്തിന്റെ തെരുവുകളിലൂടെ കാറില്‍ പോവുമ്പോള്‍ വഴിയിലെങ്ങും ഇളയരാജയുടെ വലിയ കട്ടൗട്ടുകളാണ് കാണുന്നത്.

ഞാനൊരുപാട് ഇഷ്ടപ്പെടുന്ന പാട്ടുകള്‍ തന്ന സംഗീത സംവിധായകനാണ് അദ്ദേഹം. എന്റെ കിടപ്പുമുറിയില്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു പടം ഒട്ടിച്ചുവെച്ചിട്ടുണ്ട്.

തെരുവിലെ ഈ കട്ടൗട്ടുകള്‍ കൂടെ കണ്ടപ്പോള്‍ ഇളയരാജ എന്നത് വലിയൊരു സംഭവമാണല്ലോ എന്നെനിക്ക് തോന്നിത്തുടങ്ങി. അങ്ങനെ കാഴ്ചകളെല്ലാം കണ്ട് ഞാന്‍ സ്റ്റുഡിയോയിലെത്തി. അവിടെ ഗാനഗന്ധര്‍വന്റെ പൂജ നടക്കുകയാണ്. പറഞ്ഞുമാത്രം കേട്ടിട്ടുള്ള സിനിമയിലെ വലിയ ആളുകളെല്ലാം അവിടെയുണ്ട്. എന്നെ കണ്ടപ്പോള്‍ പത്മരാജന്‍ സാര്‍ ചോദിച്ചു.

മോനെ പാട്ടുപഠിക്കണ്ടേ ഞാന്‍ തലയാട്ടി. അദ്ദേഹം എന്നെയും വിളിച്ച് ഒരു മുറിക്ക് അകത്തേക്ക് പോയി. അതിനകത്ത് പത്മരാജന്‍ ഭരതന്‍, കൈതപ്രം, ജോണ്‍സണ്‍ മാഷ് എന്നിവരൊക്കെ ഇരിക്കുന്നുണ്ട്. ഒരു ഹാര്‍മോണിയവും വെച്ചാണ് ജോണ്‍സേട്ടന്റെ ഇരിപ്പ്. എന്നെ കണ്ടപാടെ അദ്ദേഹം ചോദിച്ചു,

ഇതാണോ പത്മരാജന്‍ പറഞ്ഞ പയ്യന്‍. അദ്ദേഹം അതേ എന്നു തലയാട്ടി. അപ്പോള്‍ ജോണ്‍സേട്ടന്‍ മോനെ പാട്ടുപഠിക്കാം. ആദ്യം നീ ഈ പാട്ടൊന്ന് കേട്ടുനോക്ക് എന്നുപറഞ്ഞു പാട്ട് മൂളിത്തുടങ്ങി.

ദേവാംഗണങ്ങള്‍ കൈയൊഴിഞ്ഞ താരകം എന്ന പാട്ടില്‍ ജോണ്‍സേട്ടന്‍ ലയിച്ചിരിക്കുകയാണ്. ഇടയ്ക്ക് ചില വേരിയേഷന്‍സൊക്കെ വരുമ്പോള്‍ എന്റെ മുഖത്തോട്ട് നോക്കും. ഇതൊക്കെ നിന്നെക്കൊണ്ട് പാടാന്‍ പറ്റുമോടെ എന്നാണ് ആ നോട്ടത്തിന്റെ പിന്നിലെ ഉദ്ദേശമെന്ന് എനിക്ക് തോന്നി തുടങ്ങി.

എന്നാലും ഞാന്‍ പാട്ടു പഠിച്ചു. റെക്കോഡിങ്ങ് ദിവസമെത്തി. രാവിലെ ചിത്രച്ചേച്ചി വന്നിട്ട് ‘പാലപ്പൂവേ നിന്‍ തിരുമംഗല്യ താലി തരൂ’ എന്ന പാട്ട് പാടി. ഞാനതൊക്കെ നേരില്‍ കണ്ടു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഞാന്‍ പാടേണ്ടത്. ഓര്‍ക്കസ്ട്ര വന്നു. എല്ലാവരും തയ്യാറായി. ആ നിമിഷം എത്തുമ്പോഴാണ് ഒരു ടെലിഗ്രാം വരുന്നത്. ജോണ്‍സേട്ടന്റെ ഭാര്യയുടെ അച്ഛന്‍ മരിച്ചു.

അതോടെ അന്നത്തെ റെക്കോഡിങ് വേണ്ടെന്ന് വെച്ചു. ഞാന്‍ നാട്ടിലേക്ക് തിരികെ പോന്നു. വീണ്ടും ആ പാട്ട് റെക്കോഡ് ചെയ്യുന്ന സമയത്ത് എന്നെ അന്വേഷിച്ചെങ്കിലും അതൊരു സ്‌കൂള്‍ പരീക്ഷാക്കാലമായിരുന്നു. അതെന്തായാലും നന്നായി. കാരണം അങ്ങനെയാണ് യേശുദാസ് ആ ഗാനം പാടുന്നത്.

അന്ന് ഞാന്‍ എത്രനന്നായി പാടിയാലും യേശുദാസ് പാടിയതിന്റെ ഏഴയലത്ത് എത്തില്ല. അങ്ങനെ വന്നാല്‍ ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം എന്ന അനശ്വര ഗാനം നമുക്ക് നഷ്ടപ്പെടുമായിരുന്നു’ , ജയചന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; Music Director M Jayachandran On His Music Career and about yusudas

We use cookies to give you the best possible experience. Learn more