തൃശൂര്‍: പ്രശസ്ത സംഗീത സംവിധായകനായ കെ.ജെ. ജോയ് അന്തരിച്ചു. ചെന്നൈയില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു മരണം. പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും
ജോയ് നേരിട്ടിരുന്നു. നിലവില്‍ സംസ്‌കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്റെ കൈ പിടിച്ചുകൊണ്ടാണ് ജോയ് സിനിമാരംഗത്തേക്ക് എത്തിയത്.
തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ. ജോയ് 200ലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ ടെക്നോ മ്യൂസിഷ്യന്‍ എന്ന അറിയപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം. 12 ഹിന്ദി ചിത്രങ്ങള്‍ക്കും കെ.ജെ. ജോയ് സംഗീതം നല്‍കിയിട്ടുണ്ട്.
1975ല്‍ പുറത്തിറങ്ങിയ ‘ലവ് ലെറ്റര്‍’ എന്ന സിനിമയായിരുന്നു ജോയിയുടെ ആദ്യ മലയാള ചിത്രം. ദക്ഷിണേന്ത്യന്‍ സിനിമകളിലും സംഗീതത്തിലും കീ ബോര്‍ഡ് അടക്കമുള്ള ആധുനികമായ പല മാറ്റങ്ങളും പരീക്ഷിച്ച സംഗീത സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
അക്കരെ ഇക്കരെ നിന്നാല്‍ എങ്ങനെ ആശ തീരും, കസ്തൂരി മാന്‍മിഴി, കാലി തൊഴുത്തില്‍ പിറന്നവനെ തുടങ്ങിയ ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സംവിധായകനാണ് കെ.ജെ. ജോയ്.
Content Highlight: Music director K.J. Joy passed away