തിയേറ്റര്‍ റിലീസ് കാത്തിരിക്കുകയാണ് വിജയ് ചിത്രമായ ‘വാരിസ്’. ചിത്രത്തിന്റെ ഗംഭീര ഓഡിയോ ലോഞ്ച് ഈയിടെയാണ് നടന്നത്. ചടങ്ങിലെ വിജയ് യുടെ വാക്കുകള്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
എന്നാല്‍ ഈ ചടങ്ങിനെത്തിയപ്പോള്‍ വിജയ് ധരിച്ച വസ്ത്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് സംഗീതസംവിധായകനും അവതാരകനുമായ ജെയിംസ് വസന്തന്‍. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് ജെയിംസ് വസന്തന്‍.
സോഷ്യല്‍മീഡിയയിലൂടെയാണ് അദ്ദേഹം വിജയ്‌യുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചത്. വെളുത്ത പാന്റ്‌സും ഗ്രീന്‍ ഷര്‍ട്ടുമാണ് ഓഡിയോ ലോഞ്ചിനെത്തിയപ്പോള്‍ വിജയ് ധരിച്ചിരുന്നത്. ഒരുപാട് ആരാധകരുള്ള വിജയ്‌യെ പോലൊരു താരം പൊതുചടങ്ങിനെത്തുമ്പോള്‍ ശരിയായി വസ്ത്രം ധരിക്കണമായിരുന്നെന്നും അതിലൂടെ യുവാക്കള്‍ക്ക് ഉദാഹരണമാകാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നെന്നുമാണ് ജെയിംസ് വസന്തന്‍ എഴുതിയത്.
”മുടിയെങ്കിലും നല്ല രീതിയില്‍ ചീകാമായിരുന്നു. ലാളിത്യവും ഔചിത്യവും രണ്ടാണ്. ജോലിക്കോ ഇന്റര്‍വ്യൂവിനോ പോകുമ്പോള്‍ എന്തുകൊണ്ടാണ് നമ്മള്‍ ഉത്തരവാദിത്വത്തോടെ വസ്ത്രം ധരിക്കുന്നത്. ഓരോയിടത്തിനും ചേരുന്ന രീതിയിലുള്ള ഒരു വസ്ത്രധാരണശൈലി ഉണ്ടാവും.
സിനിമയും ക്രിക്കറ്റും ജീവശ്വാസമായി മാറിയ ഇന്ത്യയില്‍ ഈ മേഖലകളിലുള്ളവര്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. സിനിമകളില്‍ എല്ലാതരം ആഡംബര വസ്ത്രങ്ങളും ധരിച്ച് നിങ്ങള്‍ മടുത്തുവെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ലളിതമായിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ നിങ്ങള്‍ പൊതുവേദിയിലും അങ്ങനെ തന്നെയിരിക്കുന്നു.
നിങ്ങളെ ഭ്രാന്തമായി സ്‌നേഹിക്കുന്ന യുവാക്കള്‍ ഇതെല്ലാം കാണുന്നുണ്ട്. ഒരു നായകന്‍ മനോഹരമായി വസ്ത്രം ധരിച്ചുവന്നാല്‍ ഏറ്റവും ആദ്യം സന്തോഷിക്കുന്നത് അയാളുടെ ആരാധകരായിരിക്കും,’ജെയിംസ് വസന്തന്‍ എഴുതി.
എന്നാല്‍ ഈ കുറിപ്പ് വിജയ് ആരാധകരില്‍ അത്ര നല്ല മതിപ്പല്ല ഉണ്ടാക്കിയത്. ലാളിത്യവും എളിമയും നിറഞ്ഞ ജീവിതമാണ് വിജയ് നയിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.
വിജയ് ഒരു കലാകാരനാണ്. സംവിധായകന്റെ ആവശ്യപ്രകാരം ലുക്ക് മാറ്റേണ്ടിവരും. എന്ത് ധരിക്കണമെന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
ശ്രദ്ധയാകര്‍ഷിക്കാനാണ് ജെയിംസ് വസന്തന്‍ ഇങ്ങനെയെല്ലാം പറയുന്നതെന്നാണ് വേറൊരാളുടെ അഭിപ്രായം. ജെയിംസ് വസന്തനില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ കമന്റ് ചെയ്തു.
content highlight: music director james vasanthan against vijay