| Friday, 25th August 2023, 12:13 pm

കൊത്തയില്‍ ഡി.ക്യുവിനെ കൊണ്ട് പാടിക്കാന്‍ ശ്രമിച്ചിരുന്നു; കലാപകാര ശ്രേയ ഘോഷാല്‍ പാടിത്തീര്‍ത്തത് ആറുമണിക്കൂര്‍ എടുത്ത്: ജേക്ക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത റിലീസായതിന് പിന്നാലെ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സിനിമയെ പല രീതിയിലാണ് ആളുകള്‍ സമീപിക്കുന്നത്.

ആ സമയത്തും ഏവരും ഒരു സ്വരത്തില്‍ അംഗീകരിക്കുന്ന ഒന്നാണ് കൊത്തയിലെ മ്യൂസിക്ക്. ജേക്ക്‌സ് ബിജോയ്‌യുടെ സംഗീതമാണ് കൊത്തയെ മറ്റൊരു ലെവലില്‍ എത്തിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

കിങ് ഓഫ് കൊത്തയ്ക്ക് വേണ്ടി താന്‍ എടുത്ത എഫേര്‍ട്ടിനെ കുറിച്ചും ശ്രേയ ഘോഷാലിനെ കൊണ്ട് കലാപകാര പാടിപ്പിക്കാനുണ്ടായ കാരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജേക്ക്‌സ് ബിജോയ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കിങ് ഓഫ് കൊത്തയിലേക്ക് വരുമ്പോള്‍ എനിക്ക് പേടിയായിരുന്നില്ല. ചാലഞ്ചിങ് ആയിരുന്നു. ഇത്രയും വലിയ മൂവിയാണല്ലോ. ആദ്യത്തെ മോഷന്‍ പോസ്റ്ററിന് വേണ്ടി നാലഞ്ച് തീം ചെയ്തിരുന്നു. അതില്‍ നിന്നാണ് ഒടുവില്‍ ഫൈനല്‍ ചെയ്ത തീം തീരുമാനിച്ചത്. മോഷന്‍ പോസ്റ്റര്‍ അതാണോ വിടേണ്ടത് എന്ന കണ്‍ഫ്യൂഷനൊക്കെ ഉണ്ടായിരുന്നു. പക്ഷേ അത് കറക്ട് ആയി ലാന്റ് ചെയ്തു.

കിങ് ഓഫ് കൊത്തയില്‍ ആക്ഷനുണ്ട് ഫൈറ്റുണ്ട്, ഇമോഷണല്‍ സീക്വന്‍സുണ്ട്, ലവ് ട്രാക്കുണ്ട്. അപ്പോള്‍ നമ്മള്‍ എടുക്കേണ്ട എഫേര്‍ട്ട് ഭീകരമാണ്. അത് എല്ലാവരിലേക്കും എത്തണം. അങ്ങനെയൊക്കെയുള്ള പ്രശ്‌നമുണ്ടായിരുന്നു. പക്ഷേ എല്ലാം നന്നായി വന്നുവെന്നാണ് കരുതുന്നത്,’ ജേക്ക്‌സ് പറഞ്ഞു.

ചിത്രത്തിലെ കലാപകാര എന്ന ഗാനത്തെ കുറിച്ചും ആ പാട്ട് ശ്രേയാ ഘോഷാലിനെ കൊണ്ട് പാടിച്ചതിനെ കുറിച്ചും ജേക്ക്‌സ് സംസാരിച്ചു.

മെലഡി ഗാനങ്ങള്‍ കൂടുതലായി പാടുന്ന ശ്രേയ ഘോഷാലിനെ കൊണ്ട് ഐറ്റം സോങ് പോലുള്ള പാട്ടുകള്‍ പോലുള്ളവ പാടിക്കുന്നതിലേക്ക് എത്തുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ശ്രേയാ ഘോഷാല്‍ ഒരു മെലഡി ക്വീന്‍ തന്നെയാണ്. അവര്‍ക്ക് എന്തും പാടാന്‍ പറ്റും. റഹ്‌മാന്‍ സാര്‍ അവരെക്കൊണ്ട് പരമസുന്ദരി എന്ന ഗാനം ചെയ്തില്ലേ. എന്ത് രസമാണ്. ക്ലാസിക്കലി സ്‌ട്രോങ് ആയതുകൊണ്ട് ആ ഭാവം ആ സോങ്ങിന് വേണ്ട പൂര്‍ണതയില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിയും.

കലാപകാരയുടെ അനുപല്ലവിയില്‍ മെലഡിയുണ്ട്. ആ വോയ്‌സ് പെക്കൂലിയര്‍ ആയിരിക്കണം. ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന സിംഗര്‍ ആയാല്‍ നല്ലതായിരിക്കുമെന്ന് തോന്നി. അത് വേഫെററും അംഗീകരിച്ചു. കാരണം അവര്‍ എക്‌സ്പന്‍സീവ് ആയ സിംഗര്‍ അല്ലേ. അപ്പോല്‍ അവരെപ്പോലൊരു സിംഗറിനെ വിളിക്കുമ്പോള്‍ അത് നമുക്ക് ആ രീതിയില്‍ ഗുണം ചെയ്യേണ്ടതുണ്ട്. അങ്ങനെയാണ് അവരെ വിളിക്കുന്നത്. കലാപക്കാരയിലെ ശ്രേയ പാടിയ പോര്‍ഷനാണ് പലര്‍ക്കും കൂടുതല്‍ ഇഷ്ടമായത്.

ശ്രേയാജി എന്റെ മൂന്ന് പാട്ടുകള്‍ പാടിയിട്ടുണ്ട്. വളരെ വാം ആയ ഫ്രണ്ട്‌ലിയായ വ്യക്തിയാണ് അവര്‍. സ്റ്റുഡിയോയിലൊക്കെ വരുമ്പോള്‍ നമുക്ക് തന്നെ അത്ഭുതമാകും. ഒരു തരി ജാഡയില്ല. കലാപകാര അഞ്ചര ആറ് മണിക്കൂര്‍ എടുത്താണ് നമ്മള്‍ ചെയ്തത്. അവര്‍ അത് ക്ഷമയോടെ പാടി. മെലഡി മാത്രമല്ല. പുതിയ കാര്യങ്ങള്‍ തന്നെ വെച്ച് ട്രൈ ചെയ്യണമെന്ന് അവര്‍ പറയും. പിന്നെ അവരുടെ ഭാഷ. അതിന്റെ ക്രെഡിറ്റ് എം. ജയചന്ദ്രന്‍ സാറിനാണ്. ഓരോ വാക്കും നമ്മള്‍ പറയുമ്പോള്‍ അവര്‍ അത് അതേ രീതിയില്‍ ശരിയാക്കും. സമയമെടുത്ത് പഠിക്കും,’ ജേക്ക്‌സ് ബിജോയ് പറഞ്ഞു.

കൊത്തയില്‍ ഡിക്യുവിനെ കൊണ്ട് പാടിപ്പിക്കാന്‍ ട്രൈ ചെയ്തിരുന്നെന്നും പക്ഷേ പടത്തില്‍ അങ്ങനെ ഒരു സിറ്റുവേഷന്‍ ഇല്ലായിരുന്നെന്നും അതുകൊണ്ടാണ് ഒഴിവാക്കിയതെന്നും അഭിമുഖത്തില്‍ ജേക്ക്‌സ് ബിജോയ് പറഞ്ഞു.

Content Highlight: Music director Jakes Bijoy about King of Kotha and kalapakara movie

We use cookies to give you the best possible experience. Learn more