| Friday, 18th March 2022, 4:23 pm

തീം ഒന്നും മാറ്റുന്നില്ല സാറേ, എനിക്ക് ഒരു ക്രെഡിറ്റും വേണ്ട; ഇത് തൊടാന്‍ പറ്റുന്നത് തന്നെ വലിയ കാര്യമാണ്: സി.ബി.ഐ അഞ്ചിനെക്കുറിച്ച് ജേക്സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- കെ. മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി.ബി.ഐ സീരീസുകള്‍ മലയാളത്തിലെ കള്‍ട്ട് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സിനിമകളില്‍ മുന്‍പന്തിയിലുള്ളവയാണ്. സിനിമകളുടെ ബാക്ക്ഗ്രൗണ്ട് മ്യൂസികും മലയാളികള്‍ക്ക് അത്രയും സുപരിചിതമായ ഒന്നാണ്.

സി.ബി.ഐ സീരീസിലെ അഞ്ചാം ഭാഗം മമ്മൂട്ടി- കെ. മധു കൂട്ടുകെട്ടില്‍ തന്നെ അണിയറയിലൊരുങ്ങുമ്പോള്‍, ഇതിലെ സംഗീതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്.

ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

സി.ബി.ഐ സീരീസിലെ ബിജിഎമ്മിനോടുള്ള തന്റെ ആരാധനയെക്കുറിച്ചും അഞ്ചാം ഭാഗത്തിനായി സംഗീതം ചെയ്യുന്നതിനെക്കുറിച്ച് പറയാന്‍ സംഗീത സംവിധായകന്‍ ശ്യാമിനെ വിളിച്ചപ്പോഴുള്ള അനുഭവവുമാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജേക്സ് ബിജോയ് പറയുന്നത്.

”സി.ബി.ഐ ഫൈവ് എന്ന് പറഞ്ഞാല്‍ തന്നെ നമ്മുടെയൊക്കെ രോമാഞ്ച് ആണ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു, എനിക്ക് ഇത് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന്.

എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ തീം. കാരണം, ഏതൊരു മലയാളി മ്യൂസിക് കംപോസര്‍ക്കും ബി.ജി.എം എന്ന് പറഞ്ഞാല്‍ ഏറ്റവും ഐക്കോണിക് ആയ തീം സി.ബി.ഐയുടേതാണ്.

ചെറിയ പിള്ളേരില്‍ നിന്നും നമ്മള്‍ വളര്‍ന്ന് വരുമ്പോള്‍, നമ്മള്‍ കേട്ടിട്ടുള്ള ഏറ്റവും വലിയ തീം ഇതാണ്.

അതൊന്ന് റീ വിസിറ്റ് ചെയ്യുക എന്ന ഒരാഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് മധു സാറിന്റെ കോള്‍ വന്നപ്പോള്‍ ചെന്നൈയിലെ ആ സ്ട്രീറ്റില്‍ നിന്ന് ഞാന്‍ കരഞ്ഞുപോയി.

ഭയങ്കര ഡ്രീം കം ട്രൂ മൊമന്റ് ആയിരുന്നു അത്. എല്ലാ ബഹുമാനത്തോടെയും, 100 ശതമാനവും ഞാന്‍ ഇത് ചെയ്യാം എന്ന് പറഞ്ഞു.

പിറ്റേദിവസം തന്നെ, ശ്യാം സാറിനെ വിളിക്കണമെന്ന് മധു സാര്‍ പറഞ്ഞു. ശ്യാം സാര്‍ ഇത്രയും നാള്‍ ചെയ്തിരുന്നതാണ്, വിളിച്ച് അനുഗ്രഹം ചോദിക്കണം, എന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ ശ്യാം സാറിനെ വിളിച്ചു. ആ തീം ഒരുപാട് മാറ്റാന്‍ പാടില്ല കേട്ടോ, എന്ന് എന്നോട് പറഞ്ഞു.

തീം മാറ്റുന്നില്ല സാറേ. അത് തന്നെയേ എടുക്കൂ. എനിക്ക് ഒരു ക്രെഡിറ്റും വേണ്ട. അത് തൊടാന്‍ പറ്റുന്നത് തന്നെ ഒരു വലിയ അനുഗ്രഹമായിട്ട് കരുതുന്നു, എന്ന് ഞാന്‍ പറഞ്ഞു,” ജേക്സ് ബിജോയ് പറഞ്ഞു.

രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ജഗതി ശ്രീകുമാറും സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തിരുന്നു.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍.


Content Highlight: Music director Jakes Bejoy about CBI 5- Mammootty, K Madhu, SN Swamy

We use cookies to give you the best possible experience. Learn more