ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയ ആളാണ് ദീപക് ദേവ്. ആദ്യ ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് വളരെ പെട്ടെന്ന് തന്നെ തിരക്കുള്ള സംഗീതസംവിധായകനായി മാറി. ഉദയനാണ് താരം, നരന്‍, പുതിയ മുഖം, സെവന്‍ത് ഡേ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം ദീപക്കിന് കൂടുതല്‍ ശ്രദ്ധ നല്‍കി.
ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത് 2009 ല്‍ റിലീസായ ചിത്രമാണ് പുതിയ മുഖം. എം. സിന്ധുരാജ് തിരക്കഥയില്‍ ദിഫന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, ബാല, പ്രിയാമണി, മീരാ നന്ദന്‍, തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ജനപ്രിയമായിരുന്നു. പുതിയ മുഖം സിനിമയിലെ ‘പുതിയ മുഖം’ എന്ന ഗാനം ആലപിച്ചത് ചിത്രത്തിലെ നായകന്‍ കൂടിയായ പൃഥ്വിരാജാണ്.
പുതിയ മുഖം എന്ന പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ദീപക് ദേവ്. ആ പാട്ട് കേട്ട് ആളുകള്‍ ഗായകന്‍ കാര്‍ത്തിക് ആണോ അത് പാടിയതെന്ന് ചോദിച്ച് വിളിക്കുമായിരുനെന്നും പലരും കാര്‍ത്തിക്കാണ് പാടിയതെന്ന് വിചാരിച്ചിരുനെന്നും അദ്ദേഹം പറയുന്നു. പാട്ട് തന്റെ മെയിന്‍ ആകുമോയെന്ന് ഇത് കേട്ട് തമാശക്ക് പൃഥ്വിരാജ് ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുതിയ മുഖം പാട്ടിറങ്ങിയപ്പോള്‍ എല്ലാവരും വിചാരിച്ചത് കാര്‍ത്തിക് ആണത് പാടിയതെന്നാണ്. കുറെ ആളുകള്‍ ഡയറക്ടറെ വിളിച്ച് ചോദിച്ചു ഹൈ പോര്‍ഷന്‍ പാടിയത് കാര്‍ത്തിക്കാണോയെന്ന്. പൃഥ്വിയെയും വിളിച്ച് ചോദിച്ചിരുന്നു.
അത് കേട്ട് പൃഥ്വി പറഞ്ഞത് ‘എനിക്ക് വയ്യ, ഇനി ഇപ്പൊ പാട്ട് തന്നെ ആകുമോ മെയിന്‍. എല്ലാവരും ഇങ്ങനെ കാര്‍ത്തി പാടിയതാണോ എന്നൊക്കെ ചോദിക്കുന്നു. കാര്‍ത്തിയും ആയിട്ടൊക്കെയാണ് എന്നെ കംപയര്‍ ചെയ്തുതുടങ്ങിയാല്‍ എന്താണ് ചെയ്യുക, അത് നല്ല പാട്ടുതന്നെയല്ലേ കുഴപ്പമൊന്നും ഇല്ലല്ലോ’ എന്നൊക്കെ പുള്ളി തമാശ ആയിട്ട് ചോദിച്ചു.
ഞാന്‍ പറഞ്ഞു അത് നല്ലൊരു കാര്യം അല്ലെ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ആ കൊള്ളാം, എത്രകാലം ഉണ്ടാകുമോ എന്നാണ്,’ ദീപക് ദേവ് പറയുന്നു.
Content Highlight: Music Director Deepak Dev Talks About Prithviraj And Puthiya Mukham Song