| Tuesday, 15th March 2022, 1:28 pm

നിങ്ങളിനി ഉണ്ടാക്കണ്ട, പഴയ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നാല്‍ മതിയെന്ന് പൃഥ്വി; ഹിറ്റ് ഗാനത്തിന്റെ പിറവിയെ കുറിച്ച് ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദം ജോണ്‍. ദീപക് ദേവായിരുന്നു ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്. സിനിമയ്‌ക്കൊപ്പം ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഹരിനാരായണന്‍ വരികളെഴുതി ദീപക് ദേവ് ഈണമിട്ട ‘ഈ കാറ്റുവന്നു കാതില്‍ പറഞ്ഞു’ എന്ന ഗാനം യുവതലമുറ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഗാനത്തിന് പിന്നിലുണ്ടായ രസകരമായ ഒരു കഥ പങ്കുവെക്കുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാട്ടിന് പിന്നിലെ കഥയെ പറ്റി പറയുന്നത്. പാട്ടിന് പിന്നിലുള്ള പൃഥ്വിരാജിന്റെ റോളിനെ കുറിച്ചുമെല്ലാം ദീപക് ദേവ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ ഈ കാറ്റ് വന്ന് കാതില്‍ പറഞ്ഞു എന്ന പാട്ട് ഉണ്ടാക്കുന്നതിന് മുന്‍പ് വേറൊരു പാട്ട് ഉണ്ടാക്കിയിരുന്നു. പക്ഷേ അത് റീവര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞ് മാറ്റുകയായിരുന്നു. ആ ട്യൂണ്‍ സംവിധായകന് ഓക്കെ ആയിരുന്നു. എന്നാല്‍ ആദ്യം ഉണ്ടാക്കിയ പാട്ടിന് പകരം വേറൊന്ന് ഉണ്ടാക്കണമെന്ന് പൃഥ്വി പറഞ്ഞു. പൃഥ്വിരാജിന് ഒരു ഗട്ട് ഫീലിങ് ഉണ്ടായിരുന്നു അതിനേക്കാള്‍ നല്ല പാട്ട് ഞാന്‍ ഡെലിവര്‍ ചെയ്യുമെന്ന്. പുള്ളിക്ക് എന്റെ മേല്‍ ഉള്ള ഒരു കോണ്‍ഫിഡന്‍സിന്റെ കൂടി പുറത്താണ് അത് പറഞ്ഞത്.

എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. എങ്ങനത്തെ ടൈപ്പ് പാട്ടാണെന്ന് വ്യക്തമായി പറയാന്‍ പൃഥ്വിയോട് ആവശ്യപ്പെട്ടു. എങ്ങനത്തെ പാട്ടാണെന്ന് എനിക്ക് പറയാന്‍ പറ്റില്ല, എന്നാല്‍ എനിക്ക് ഇഷ്ടമുള്ള, ഈ സിറ്റുവേഷനുമായി ചേരുമെന്ന് തോന്നുന്ന കുറച്ച് റാന്‍ഡം പാട്ടുകള്‍ അയച്ചുതരാമെന്നായിരുന്നു പൃഥി പറഞ്ഞത്.

അങ്ങനെ അയച്ചു തന്ന റാന്‍ഡം പാട്ടുകള്‍ക്കെല്ലാം ഒരു സ്വഭാവമുണ്ടായിരുന്നു. അത് ലേറ്റ് 1990 സ് സോംഗായിരുന്നു. അന്നത്തെ കംപോസേഴ്‌സെല്ലാം ആ രീതിയില്‍ അപ്രോച്ച് ചെയ്തിരിക്കുകയാണ്.

പൃഥ്വി, ഇതെല്ലാം കുറച്ചുകഴിഞ്ഞുപോയ രീതിയിലുള്ള ട്രീറ്റ്‌മെന്റ് അല്ലേ. ഇങ്ങനത്തെ പാട്ട് ഞാനും ഉണ്ടാക്കിയിട്ടുണ്ട്. 98 ല്‍ കോളേജില്‍ പഠിക്കുന്ന സമയത്തൊക്കെ ഉണ്ടാക്കിയ പാട്ടുകള്‍ ഉണ്ട്. അതൊക്കെ ഇപ്പോള്‍ ഉപയോഗിക്കാത്തത് കാലവും രീതിയും ഒക്കെ മാറിയതുകൊണ്ടാണ്.

ഒരു കാര്യം ചെയ്യാം. ഇതുപോലുള്ള പണ്ട് ഉണ്ടാക്കിയ ഒരു പാട്ടുണ്ട്. അത് എളുപ്പപണിയാണെന്ന് വിചാരിക്കരുത്. മടി പിടിക്കുകയുമല്ല. ഇതിന് പറ്റുന്ന പാട്ട് ഞാന്‍ വേറെ ഉണ്ടാക്കാം. ആദ്യം ഇതൊന്ന് കേട്ട് നോക്ക് എന്ന് പറഞ്ഞ് ആ പഴയ ട്യൂണ്‍ എടുത്ത് വെറുതെ അയച്ചുകൊടുത്തു.

പൃഥ്വിക്ക് വേണമെങ്കില്‍ പഴയ ഒരു സാധനം തന്റെ തലയില്‍ പിടിപ്പിച്ചതാണെന്ന് ചിന്തിക്കാം. കുറച്ച് ഈഗോയിസ്റ്റിക് ആയിട്ടുള്ള ആളാണെങ്കില്‍ അങ്ങനെ ചിന്തിക്കാവുന്നതാണ്. പക്ഷേ ഞാന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു ഞാന്‍ ഉണ്ടാക്കാന്‍ പോകുന്ന പാട്ട് ഇതല്ല അത് തുടങ്ങാന്‍ പോകുന്നേ ഉള്ളൂവെന്ന്.

അങ്ങനെ ഞാന്‍ അയച്ചു കൊടുത്ത ട്യൂണ്‍ കേട്ട ഉടനെ പുള്ളി എന്നെ തിരിച്ചുവിളിച്ചു. നിങ്ങളുടെ കയ്യില്‍ പഴയ പാട്ടുകളുടെ കളക്ഷന്‍ ഇനിയുണ്ടോ എന്നായിരുന്നു ചോദ്യം. അതെന്താണ് ചോദിക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ പഴയ നിങ്ങളാണ് നല്ലതെന്നായിരുന്നു പൃഥ്വിയുടെ മറുപടി (ചിരി).

നിങ്ങള്‍ ഇനി ഉണ്ടാക്കണ്ട. പഴയ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നാല്‍ മതി. ഇത് ഉഗ്രനാണെന്ന് പറഞ്ഞു. ഞാനാണെങ്കില്‍ ഒരു ജോലിയും ചെയ്യാതെ പാട്ടായി. ചക്ക വീണ് മുയല്‍ ചത്തു എന്ന അവസ്ഥയായി, ദീപക് ദേവ് പറയുന്നു.

Content Highlight: Music Director Deepak Dev About prithviraj and  Story Behind a Hit Song

We use cookies to give you the best possible experience. Learn more