|

'വേറെ വല്ല പണിയ്ക്കും പോയ്ക്കൂടെ' എന്നൊക്കെയാണ് കമന്റ്; പ്രൊഫൈലുകള്‍ നോക്കിയപ്പോള്‍ ഒരു കാര്യം മനസിലായി: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ സിനിമയുടെ സംഗീതത്തിനെ വരുന്ന വിമര്‍ശനങ്ങള്‍ക്ക്, സിനിമയുമായി ബന്ധപ്പെട്ടുവരുന്ന വിവാദങ്ങളുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി സംഗീത സംവിധായകന്‍ ദീപക് ദേവ്.

താന്‍ അത് പറയാന്‍ കാരണമുണ്ടെന്നും 150 ഓളം വരുന്ന പ്രൊഫൈലുകളില്‍ നിന്നാണ് വളരെ മോശമായ രീതിയിലുള്ള കമന്റുകള്‍ വന്നതെന്നും ആ അക്കൗണ്ടുകള്‍ എല്ലാം പരിശോധിച്ചപ്പോള്‍ അത് ഫേക്ക് അക്കൗണ്ടുകളാണെന്ന് മനസിലായെന്നും ദീപക് ദേവ് പറയുന്നു.

സിനിമയിലെ മ്യൂസിക്കിനെതിരെ വരുന്ന നെഗറ്റീവുകളെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചിരുന്നെന്നും വളരെ രസകരമായ ഒരു മറുപടിയാണ് അദ്ദേഹം തന്നതെന്നും ദീപക് ദേവ് പറഞ്ഞു. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യം പറഞ്ഞാല്‍ ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന് പറയില്ലേ അതുപോലെയാണ്. ഇതിന്റെ നടുക്ക് ആരും ഒന്നും പറയുന്നില്ല.

ഇഷ്ടപ്പെട്ടവര്‍ എന്തൊരു നല്ല മ്യൂസിക്, വളരെ ഇഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. അത് വലിയൊരു വിഭാഗം ആളുകളുണ്ട്. തിയേറ്ററില്‍ നിന്ന് ഇറങ്ങി വരുന്നവരില്‍ പലരും ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ എടുത്തുപറയുന്നുണ്ട്.

പക്ഷേ സോഷ്യല്‍മീഡിയയില്‍ കയറി നോക്കുമ്പോള്‍ അതിന്റെ നേരെ ഓപ്പോസിറ്റാണ് കണ്ടത്. തനിക്ക് വേറെ എന്തെങ്കിലും പണി ചെയ്തൂടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റ്.

ചില വാക്കുകള്‍ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് ബീപ്പ് ഇടേണ്ടി വരും. ഇതിന് മാത്രം വലിയ പാപമാണോ ഞാന്‍ ചെയ്തത് എന്ന് തോന്നും. എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. ഇത് ഞാന്‍ പൃഥ്വിയുടെ അടുത്ത് ഡിസ്‌കസ് ചെയ്തു.

പൃഥ്വീ ഇങ്ങനെ ഒരു സംഭവമുണ്ട്. കുറേ ആള്‍ക്കാര്‍ക്ക് ഇത് വര്‍ക്ക് ഔട്ട് ആയിട്ടില്ലെന്നാ തോന്നുന്നത് എന്ന് പറഞ്ഞു. അത് നോക്കണ്ട. നമ്മള്‍ ആഗ്രഹിച്ച പടം, ഞാന്‍ ആഗ്രഹിച്ച പടം, ഇതാണ് ഇതിന് വേണ്ടത് എന്ന് പറഞ്ഞു.

ഇത്രയും നെഗറ്റീവുകള്‍ കണ്ടപ്പോള്‍ ഇവരൊക്കെ ഏത് ടൈപ്പ് ആളുകളാണ് എന്നറിയാന്‍ എനിക്ക് ആഗ്രഹം തോന്നി.

ഇവര്‍ മ്യൂസിഷ്യന്‍സ് ആണോ ഇനി ആ ചെവിയിലൂടെ കേട്ടിട്ടാണോ, അതോ സാധാരണക്കാരുടെ ചെവിയിലൂടെ കേട്ടിട്ടാണോ എന്നറിയാന്‍ ഞാന്‍ ആ പ്രൊഫൈലുകള്‍ പരിശോധിച്ചു. കാരണം മ്യുസീഷ്യന്‍സ് ആണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കത് ഇഷ്ടമാകും.

ഒരു 40 ഓളം പ്രൊഫൈലുകള്‍ നോക്കി. അപ്പോഴാണ് അതിലൊക്കെ 0 പോസ്റ്റ്, 0 ഫോളോയിങ്, ലോക്ക്ഡ് പ്രൊഫൈല്‍. ഇത് കണ്ടപ്പോള്‍ എല്ലാവരുടേയും ഒരുപോലെ ഇരിക്കുന്നു. ഇതെന്താണ് ഇത്, ഇരട്ട പെറ്റ പോലെയാണല്ലോ എന്ന് തോന്നി.

40 എണ്ണം ഒരേ പോലെ. എന്റെ പേജ് മാനേജ് ചെയ്യുന്നവരാണ് ഇത് ആദ്യം പറഞ്ഞത്. ഇത്തരത്തില്‍ 150 എണ്ണം കണ്ടു. പക്ഷേ നമ്മള്‍ 30 വരെയേ എണ്ണിയുള്ളൂ. എല്ലാം 0 കൗണ്ടാണ്.

അതോടെ ഇതൊരു ക്യാമ്പയിനിങ്ങാണെന്ന് മനസിലായി. ഇത് ഓട്ടോ ജനറേറ്റഡാണ്. നമ്മള്‍ ഒരു കമന്റ് ഡിലീറ്റ് ചെയ്ത് കഴിഞ്ഞാല്‍ അതേ മിനുട്ടില്‍ അങ്ങനത്തെ 2 എണ്ണം വരും. എല്ലാം ഹൈടെക് ആണ്.

ഈ കമന്റ് അവിടെ വെച്ച് കഴിഞ്ഞാല്‍ അതിന്റെ ലൈക്ക്‌സ് കയറും. നമ്മള്‍ ആ കമന്റില്‍ പ്രസ് ചെയ്ത് ഡിലീററ് ചെയ്താല്‍ കമന്റ് ഇരട്ടിയാകും. അപ്പോഴാണ് ഞാന്‍ അറിഞ്ഞത് പടത്തിന് പാരലല്‍ ആയി കുറേ വിവാദങ്ങള്‍ ഇന്നലെ തൊട്ട് തുടങ്ങിയിട്ടുണ്ട് എന്ന്.

അതിന്റെ ഭാഗമാണോ ഇതെന്ന് അറിയില്ല. പൃഥ്വിയോട് ചോദിച്ചപ്പോള്‍ പുള്ളി വളരെ കൂള്‍ ആന്‍ഡ് ചില്‍. നിങ്ങളോട് ആരെങ്കിലും ഇപ്പോള്‍ ഫോണ്‍ നോക്കാന്‍ പറഞ്ഞോ എന്ന് ചോദിച്ചു.

കുറച്ച് നാള്‍ കുട്ടികളുടെ കൂടെയാക്കെ അടിച്ചുപൊളിക്ക്. ഒന്ന് കറങ്ങി വാ എന്നൊക്കെ പറഞ്ഞു. വേറൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട. സൈഡിലൂടെ ചിലര്‍ ഇത് പറയും. അത് ഗുഡ് സൈന്‍ ആണ്. നമ്മള്‍ ചെയ്തത് വ്യത്യാസമായി കിട്ടിയിട്ടുണ്ട്. അങ്ങനെ കാണൂവെന്നും പറഞ്ഞു,’ ദീപക് ദേവ് പറയുന്നു.

Content Highlight: Music Director Deepak Dev about Empuraan Music and Criticism