കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ട കര്‍ഷകര്‍ക്ക് പിന്തുണയുമായി സംഗീതസംവിധായകന്‍ ബിജിബാല്‍. ഉണ്ണുന്ന ചോറിന്, കര്‍ഷകര്‍ക്കൊപ്പം എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം അറബികഥ എന്ന സിനിമയിലെ പാട്ട് പാടിയാണ് ബിജിബാല്‍ തന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം, എന്ന ഗാനത്തിലെ വരികളാണ് ബിജിബാല്‍ പാടിയത്. നേരത്തെ നിരവധി സിനിമാ പ്രവര്‍ത്തകര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
അഭിനേതാക്കളായ നിരവധി പേര്‍ പ്രിയങ്ക ചോപ്ര, സോനം കപുര്‍, കാര്‍ത്തി, പ്രകാശ് രാജ് തുടങ്ങി നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഋതേഷ് ദേശ്മുഖ് ഹന്‍സല്‍ മേത്ത, അനുഭവ് സിന്‍ഹ, കമല്‍ഹാസന്‍ എന്നിവരും കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചിരുന്നു.
നേരത്തെ ഡിസംബറിലെ കൊടും തണുപ്പില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഗായകനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ് ഒരുകോടി രൂപ സംഭാവന നല്‍കിയിരുന്നു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് ബുധനാഴ്ച കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ പിന്മാറി.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ചില ഉറപ്പുകള്‍ നല്‍കുമെന്ന് എഴുതിനല്‍കാമെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക