| Tuesday, 27th August 2024, 6:43 pm

എന്റെ ശൈലിയിലല്ലേ പാടുന്നതെന്ന് എം.ജി ശ്രീകുമാര്‍; കുറെ കാലമായില്ലേ ഇനിയൊന്ന് മാറ്റിപ്പിടിച്ചൂടേ എന്ന് ഞാന്‍: അലക്‌സ് പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2004ല്‍ പുറത്തിറങ്ങിയ ചതിക്കാത്ത ചന്തു എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചുകൊണ്ടാണ് അലക്‌സ് പോള്‍ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ തന്നെ അദ്ദേഹം ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ജന്മം നല്‍കി.

രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിന് സംഗീതം നല്‍കിയത് അലക്‌സ് പോളാണ്. സിനിമയിലെ അമ്പലക്കര തെച്ചിക്കാവില്‍ പൂരം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് എം.ജി. ശ്രീകുമാര്‍ ആയിരുന്നു. എന്നാല്‍ എം.ജി ശ്രീകുമാര്‍ ഈ ഗാനം താനുദ്ദേശിക്കുന്ന രീതിയില്‍ പാടാന്‍ ആദ്യമെല്ലാം വിസമ്മതിച്ചെന്നും അതുകൊണ്ട് തന്നെ രണ്ടു ദിവസമാണ് ആ ഒരു ഗാനം റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി എടുത്തതെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അലക്സ് പോള്‍ പറയുന്നു.

‘അമ്പലക്കര തെച്ചിക്കാവില്‍ പൂരം എന്ന പാട്ട് കുറെ സമയമെടുത്ത് പാടിപ്പിച്ച പാട്ടാണ്. എം.ജി സാര്‍ പെട്ടന്ന് തന്നെ പാട്ടൊക്കെ പഠിക്കും, തൊണ്ടയില്‍ നല്ല നല്ല കാര്യങ്ങളെല്ലാം വരുന്ന അനുഗ്രഹീത ഗായകനല്ലേ അദ്ദേഹം.

എം. ജി സാര്‍ വന്ന് ആദ്യം പാടി, എനിക്കത് റെഡി ആയപോലെ തോന്നില്ല. ചിലപ്പോള്‍ എനിക്ക് അതിന്റെ ഭംഗി മനസിലാകാത്തതുകൊണ്ടായിരിക്കാം. പിന്നെയും രണ്ടാം വട്ടം അദ്ദേഹം വന്ന് പാടിയിട്ടൊക്കെയാണ് അത് റെഡി ആകുന്നത്.

അതിന്റെ ഡയറക്ടര്‍ രഞ്ജിത്തായിരുന്നു, അദ്ദേഹം വിളിച്ചിട്ട് നന്നായിട്ടുണ്ടല്ലോ ഇനി പാടിക്കണ്ടല്ലോ എന്ന് ചോദിച്ചു. അങ്ങനല്ല ഒന്നുടെ പാടിക്കണം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയൊക്കെ റെക്കോര്‍ഡ് ചെയ്ത പാട്ടാണ് അമ്പലക്കര തെച്ചിക്കാവില്‍ പൂരം.

വളരെ ബുദ്ധിമുട്ടുള്ള ക്ലാസ്സിക്കല്‍ പാട്ടൊക്കെ പാടുന്ന ആളല്ലേ അദ്ദേഹം അപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് പിന്നെയും പഠിച്ചപ്പോള്‍ അതിന്റെ പേരില്‍ ഒരു സംസാരം തന്നെ അവിടെ ഉണ്ടായിരുന്നു. എം.ജി സാര്‍ പറഞ്ഞു ദാസേട്ടന്‍ പാടുമ്പോള്‍ ദാസേട്ടന്റെ ശൈലിയിലല്ലേ വരുന്നത് അതുപോലെ ഞാന്‍ പാടുന്നത് എന്റെ രീതിയില്‍ അല്ലെയെന്ന്. കുറെ കാലം ആയല്ലോ ആ ശൈലിയില്‍ പാടുന്നത് ഒന്ന് മാറ്റിപ്പിടിച്ചാല്‍ എന്താ കുഴപ്പം എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയാണ് അദ്ദേഹം ആ പാട്ട് പാടി ശരിയാക്കിയത്.

ചിലപ്പോള്‍ എം.ജി സാറിന് ഞാന്‍ ചെയ്തത് ശരിയായില്ല ഇങ്ങനെ ചെയ്താല്‍ നന്നാകുമെന്നൊക്കെ തോന്നിയിട്ടുണ്ടാകാം. പക്ഷെ രക്ഷയില്ലെന്ന് തോന്നി എന്റെ വഴിയില്‍ തന്നെ അദ്ദേഹം അത് പാടി. അഞ്ച് മിനിറ്റില്‍ അദ്ദേഹത്തിനത് പാടാനുണ്ടായിരുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷെ പിറ്റേന്ന് വീണ്ടും വന്നാണ് അദ്ദേഹം പാടി കറക്റ്റ് ആക്കിയത്,’ അലക്‌സ് പോള്‍ പറയുന്നു.

Content Highlight: Music Director Alex  Paul Talks About Song Recording With M.G Sreekumar

We use cookies to give you the best possible experience. Learn more