ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ സംഗീത സംവിധായകനാണ് അലക്സ് പോൾ. ആദ്യ ചിത്രത്തിലെ തന്നെ ഗാനങ്ങൾ വലിയ രീതിയിൽ മലയാളികൾ ഏറ്റെടുത്തിരുന്നു. അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകനാവാൻ അദ്ദേഹത്തിന് സാധിച്ചു.
മായാവി, ഹലോ, ചട്ടമ്പി നാട്, ക്ലസ്‌മേറ്റ്സ് തുടങ്ങി ബോക്സ് ഓഫീസിൽ വലിയ വിജയമായ സിനിമകളിലെല്ലാം അലക്സ് ഭാഗമായിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലെ അമ്പലക്കര തെച്ചിക്കാവിലെ പൂരം എന്ന ഗാനം എന്ന ഹിറ്റ് പാട്ടിനെ കുറിച്ച് പറയുകയാണ് അലക്സ് പോൾ.
ആദ്യ ചിത്രമായ ചതിക്കാത്ത ചന്തുവിന് ശേഷം ഒരു വർഷത്തോളം ജോലി ഇല്ലായിരുന്നുവെന്നും പിന്നീടാണ് ബ്ലാക്ക് തന്നെ തേടി വരുന്നതെന്നും അലക്സ് പോൾ പറയുന്നു. ഒരുപക്ഷെ ആ ഗാനം സ്വീകരിക്കപ്പെട്ടില്ലെങ്കിൽ താൻ തകർന്ന് പോവുമായിരുന്നുവെന്നും അലക്സ് പോൾ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ബ്ലാക്ക്. സത്യത്തിൽ എനിക്ക് വല്ലാതെ ഫീലിങ്ങ് ഉണ്ടാക്കിയ സമയം ആയിരുന്നുവത്. എന്റെ ഫസ്റ്റ് സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റായിരിന്നു. ആ സമയത്ത് എനിക്ക് നിറയെ അഭിമുഖങ്ങൾ കിട്ടിയിരുന്നു.
പക്ഷെ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കാര്യമില്ലല്ലോ. എനിക്ക് ജോലിയില്ല. ഒരു വർഷം കാത്തിരുന്നു. അപ്പോഴാണ് ബ്ലാക്ക് വരുന്നത്. അതും അതിൽ ഒരു പാട്ട് മാത്രമേയുള്ളൂ. ആ ഒരു പാട്ട് ഹിറ്റായില്ലെങ്കില്ലോ?
ഞാൻ തകർന്ന് പോവുമായിരുന്നു. ഞാൻ കരുതി, ഞാനൊരു സംഗീത സംവിധായകൻ എന്ന ചിന്ത മാറ്റം. അതിന് പകരം കുറെ പാട്ടുകൾ ചെയ്യാമെന്ന്. വേണ്ടവർക്ക് അതിൽ നിന്ന് തെരഞ്ഞെടുക്കാൻ കഴിയുമല്ലോ.
അങ്ങനെ ഒരു പാട്ട് കേൾപ്പിച്ചപ്പോൾ തന്നെ രഞ്ജിത്തിന് ഇഷ്ടമായി. അയാൾ അത് ഓക്കെയാണെന്ന് പറഞ്ഞു. ഞാൻ അടുത്തത് കേൾപ്പിക്കാമെന്ന് പറഞ്ഞപ്പോൾ, എന്തിനാണ് ഇത് ഓക്കെയാണെന്ന് പറഞ്ഞ് ബാക്കി കേൾപ്പിക്കാൻ എന്നെ സമ്മതിച്ചില്ല. ആ പാട്ടാണ് അമ്പലക്കര തെച്ചിക്കാവിൽ പൂരം,’അലക്സ് പോൾ പറയുന്നു.
Content Highlight: Music Director Alex Paul Talk About Black Movie Song