സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയായിരിക്കുകയാണ് പുഴു. മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും പ്രശംസകളേറ്റുവാങ്ങുന്ന പുഴുവിന്റെ പശ്ചാത്തല സംഗീതവും കയ്യടികള്‍ ഏറ്റുവാങ്ങിയിരുന്നു. ഏറെ അസ്വസ്ഥതപ്പെടുത്തി മുന്നോട്ട് പോകുന്ന പുഴു കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ജേക്ക്‌സിന്റെ പശ്ചാത്തല സംഗീതം.
പാട്ടുകളൊന്നുമില്ലാതെയാണ് പുഴു എത്തിയത്. എങ്കിലും പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ആസ്വാദനത്തില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ജേക്‌സ് ബിജോയുടെ മ്യൂസിക് പുഴുവിന്റെ പ്രധാന പ്ലസ് പോയിന്റാണ്. തേനി ഈശ്വറിന്റെ ക്യാമറക്കൊപ്പം ജേക്‌സിന്റെ പശ്ചാത്തല സംഗീതവും കൂടി ബ്ലെന്‍ഡ് ചെയ്തു വരുന്നതോടെ പുഴുവിന്റെ ആസ്വാദനം ഭംഗിയാക്കുകയാണ്.
സമീപകാലത്ത് ഏറ്റവും തിരക്കുള്ള മലയാളത്തിലെ മ്യൂസിക് ഡയറക്ടറായി മാറിയിരിക്കുകയാണ് ജേക്ക്‌സ്. പുറത്ത് വരുന്ന മിക്കവാറും മലയാളം സിനിമകളുടെയും സംഗീതസംവിധാനം ഇപ്പോള്‍ ജേക്ക്‌സാണ് ചെയ്യുന്നത്. അടുത്തിടെ ഇറങ്ങിയ സി.ബി.ഐ 5 ദി ബ്രെയ്ന്‍, ജന ഗണ മന, സല്യൂട്ട്, പത്രോസിന്റെ പടപ്പുകള്‍ എന്നീ ചിത്രങ്ങളിലെല്ലാം ജേക്കസ് ബിജോയുടെ സംഗീതമായിരുന്നു ചിത്രത്തിന്റെ ആസ്വാദനത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഘടകം.