മലയാളത്തിലെ ടൈം ട്രാവല്‍ ഫാന്റസി ജോണറില്‍ എത്തിയ ചിത്രമാണ് മഹാവീര്യര്‍. ചിത്രപുരി എന്ന രാജ്യത്തിലെ കേസ് കോടതിയുടെ പരിഗണനയിലേക്ക് എത്തുമ്പോള്‍ എന്ത് സംഭവിക്കും, ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
രാജഭരണകാലത്തെ കഥകള്‍ കേള്‍ക്കാനും അതുപോലെയുള്ള സിനിമകള്‍ കാണാനും സാധാരണ പ്രേക്ഷകര്‍ക്ക് കൗതുകം കൂടും. അതിനനുസരിച്ചുള്ള ഫ്രെയിമുകളും സംഗീതവും പാളിപ്പോവാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സാധാരണ സിനിമകളിലേത് പോലെ ഇവ ചെയ്യാനും സാധിക്കില്ല.
എന്നാല്‍ മഹാവീര്യറിലെ ഏറ്റവും ആകര്‍ഷകമായ ഘടകങ്ങളാണ് മ്യൂസികും സിനിമാറ്റോഗ്രഫിയും. ചിത്രത്തെ ഏറ്റവും ആസ്വാദ്യകരമാക്കുന്നത് ഈ രണ്ട് ഘടകങ്ങളാണ്.
ചിത്രത്തിന് സ്വപ്‌നസമാനമായ വിഷ്വലുകള്‍ ഒരുക്കിയത് സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ്. ഇഷാന്‍ ചബ്രയുടെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ നെടുംതൂണാണെന്ന് പറയാം.
രാജഭരണകാലവുമായും മഹര്‍ഷിയുമായും കോടതിവ്യവഹാരങ്ങളുമായും ബന്ധപ്പെട്ട പല സംഭാഷണങ്ങളും പ്രേക്ഷകരിലേക്ക് ശക്തമായി പ്രതിഫലിപ്പിക്കുന്നതില്‍ പശ്ചാത്തല സംഗീതം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു ഫെയറി ടെയ്‌ലിലേത് പോലെ മനോഹരമാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം.
മൂന്ന് പാട്ടുകളാണ് സിനിമയിലുള്ളത്. ഇത് മൂന്ന് സന്ദര്‍ഭത്തിന് അനുയോജ്യമായി മൂന്ന് രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാമത്തെ ഗാനമായ ‘വരാനാവില്ലേ’ എന്ന ഗാനം സ്റ്റോക് ഹോം സിന്‍ഡ്രോം മോഡലാണെങ്കിലും ഒരു പെണ്‍കുട്ടിയുടെ പ്രണയ വികാരങ്ങള്‍ മുഴുവന്‍ ഒപ്പിയെടുക്കുന്ന മനോഹരസൃഷ്ടിയാണ്. സിനിമയിലെ ദൃശ്യങ്ങളോടൊപ്പം ഈ ഗാനം കുറച്ചുകൂടി എഫക്ടീവായി തോന്നുന്നുണ്ട്.
സംഗീതത്തിനോട് ഒപ്പത്തിനൊപ്പം നില്‍ക്കുന്നതാണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി. ഒരു അമര്‍ചിത്രകഥ പോലെ മനോഹരമാണ് ചിത്രത്തിലെ ഓരോ ഫ്രെയിമുകളും കാണാന്‍. രാജഭരണകാലത്തേയും സമകാലിക കാലത്തേയും ഫ്രെയിമുകള്‍ ഒരുപോലെ മികച്ച് നില്‍ക്കുന്നുണ്ട്. കോടതി വ്യവഹാരങ്ങളിലേക്ക് വരുമ്പോള്‍ സാധാരണ കേസ് നടക്കുമ്പോഴും രാജാവിന്റെ കേസ് നടക്കുമ്പോഴുമുള്ള ഫ്രെയിമുകളിലെ വ്യത്യാസം മികച്ചതായി തോന്നി.
Content Highlight: Music and cinematography are the most attractive elements of Mahaviryar