ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫിനെ റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍
കസ്റ്റഡിയില്‍ വിട്ടു. സുരക്ഷാ കാരണങ്ങളാല്‍ മുഷറഫിനെ ഇതുവരെ കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല.
ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും മുഷറഫ് സബ് ജയിലായി പ്രഖ്യാപിച്ച തന്റെ ഫാം ഹൗസില്‍ തന്നെ തുടരും.[]
ഏപ്രില്‍ 26ന് കേസ് പരിഗണിച്ച കോടതി മുഷറഫിനെ നാല് ദിവസത്തേക്ക് എഫ്‌ഐഎയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
2007ല്‍ കൊല്ലപ്പെട്ട മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും ബലൂച് ദേശീയ നേതാവ് അക്ബര്‍ ബുക്തിയുടെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള നിരവധി കേസുകള്‍ മുഷറഫിനെതിരെ ഉണ്ടായിട്ടും പാക്കിസ്ഥാനിലേക്ക് മടങ്ങി വരികയായിരുന്നു.
മൂന്ന് കോടതികള്‍ ഈ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണ് നാല് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മുഷറഫ് പാക്കിസ്ഥാനിലേക്ക് മടങ്ങിവരാന്‍ തീരുമാനിച്ചത്
പാകിസ്ഥാനില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ മുഷറഫിനെ 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അറുപതിലധികം ജഡ്ജിമാരെ തടവിലാക്കുകയും ചെയ്ത കേസില്‍ ഈ മാസം ആദ്യത്തിലാണ് അറസ്റ്റു ചെയ്തത്.
2007ല്‍ ഭരണാധികാരിയായിരുന്നപ്പോള്‍ ഭരണഘടനാ ലംഘനം നടത്തിയതിന് മുഷറഫിന്റെ നാല് തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികകളും പ്രത്യേക ട്രൈബ്യൂണല്‍
തള്ളിയിരുന്നു.