ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാക് തീവ്രവാദവിരുദ്ധ കോടതിയുടേതാണ് നടപടി.
മുഷാറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനൊഴികെയുള്ള ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു. പൊലീസ് ഉദ്യോഗസ്ഥന് 17 വര്‍ഷം തടവുശിക്ഷ വിധിച്ചു. താലിബാന്‍ ഭീകരരെന്ന് അന്വേഷണസംഘം കണ്ടെത്തിയ അഞ്ചുപേരെയാണ് കോടതി വെറുതെവിട്ടത്.
2013 ലാണ് പര്‍വേസ് മുഷ്റഫിനെ ബേനസീര്‍ വധക്കേസില്‍ പ്രതിചേര്‍ക്കുന്നത്. രണ്ട് തവണ പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ വെച്ചാണ് കൊല്ലപ്പെടുന്നത്. ബേനസീര്‍ കൊല്ലപ്പെടുമ്പോള്‍ മുഷ്റഫായിരുന്നു പാക് പ്രസിഡന്റ്.
തടവ് ശിക്ഷ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനായ സൗദ് അസീസ് ഭൂട്ടോ കൊല്ലപ്പെടുമ്പോള്‍ റാവല്‍പിണ്ടിയിലെ പൊലീസ് മേധാവിയായിരുന്നു. ഭീകരവിരുദ്ധ കോടതി ജഡ്ജ് അസ്ഗര്‍ അലി ഖാനാണ് കേസില്‍ വാദം കേട്ടത്.