സൗത്ത് ആഫ്രിക്കയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഷെര്‍ ഇ ബംഗ്ലായില്‍ നടക്കുന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്സില്‍ 40.1 ഓവറില്‍ വെറും 106 റണ്‍സിനാണ് കടുവകള്‍ ഓള്‍ ഔട്ട് ആയത്.
തുടര്‍ ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിനെ 308 റണ്‍സിന് തളയ്ക്കാനാണ് കടുവകള്‍ക്ക് സാധിച്ചത്. നിലവില്‍ രണ്ടാം ഇന്നിങ്സിന് ബാറ്റു ചെയ്യുന്ന ബംഗ്ലാദേശ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സാണ് നേടിയത്. ഓപ്പണര്‍ മഹ്‌മുദുള്‍ ഹസന്‍ ജോയി 38 റണ്‍സുമായും മുഷ്ഫിഖര്‍ റഹീം 31 റണ്‍സുമായാണ് ക്രീസിലുള്ളത്.
അഞ്ചാമനായി ഇറങ്ങിയ മുഷ്ഫിഖര്‍ മൂന്ന് ഫോര്‍ അടക്കം 26 പന്തിലാണ് 31 റണ്‍സ് നേടി ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്.
ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ശ്രീലങ്കന്‍ ഇതിഹാസം ആഞ്ചലോ മാത്യൂസിനെ മറികടക്കാനാണ് മുഷ്ഫിഖറിന് സാധിച്ചത്. ഇതോടെ ആക്ടീവ് ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളില്‍ ആറാം സ്ഥാനത്ത് എത്താനും മുഷ്ഫിഖറിന് സാധിച്ചിരിക്കുകയാണ്.