| Wednesday, 27th September 2023, 11:28 am

ആഹാ ഇങ്ങനേം ഔട്ടാവാം ലേ... ഔട്ടാകാതിരിക്കാന്‍ എന്തോരം കഷ്ടപ്പെട്ടു, എന്നിട്ടും... വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് മുമ്പുള്ള പരമ്പര വിജയത്തിന്റെ ആവേശത്തിലാണ് ന്യൂസിലാന്‍ഡ്. 2008ന് ശേഷം ഇതാദ്യമായി ബംഗ്ലാദേശില്‍ പരമ്പര ജയിച്ചാണ് ബ്ലാക് ക്യാപ്‌സ് ഇന്ത്യന്‍ മണ്ണിലേക്ക് പറക്കുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ന് വിജയിച്ചാണ് ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മിര്‍പൂരില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ന്യൂസിലാന്‍ഡ് 91 പന്ത് ബാക്കി നില്‍ക്കവെ മറികടക്കുകായിരുന്നു.

84 പന്തില്‍ 76 റണ്‍സ് നേടിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നത്. പത്ത് ബൗണ്ടറിയായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഷാന്റോക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മുഷ്ഫിഖര്‍ റഹീമും റണ്‍സുയര്‍ത്താന്‍ ശ്രമിച്ചിരുന്നു. 25 പന്തില്‍ നിന്നും 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത് ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു റഹീമിന്റെ മടക്കം.

നിര്‍ഭാഗ്യകരമായ രീതിയിലാണ് താരം പുറത്തായത്. ലോക്കിയുടെ പന്ത് ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ച മുഷ്ഫിഖറിന് പാടെ പിഴച്ചു. ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിന് നേരെ ഉയര്‍ന്നു ചെന്നു.

വിക്കറ്റ് രക്ഷിക്കാനായി പന്ത് കാലുകൊണ്ട് തട്ടിയകറ്റാനായിരുന്നു മുഷ്ഫിഖറിന്റെ ശ്രമം. എന്നാല്‍ താരം അതില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. പന്ത് വിക്കറ്റില്‍ കൊണ്ട് ബെയ്ല്‍സ് വീഴുകയും താരത്തിന്റെ കാല്‍ സ്റ്റംപില്‍ കൊള്ളുകയുമായിരുന്നു.

ഒരുപക്ഷേ പന്ത് ബെയ്ല്‍സ് ഇളക്കിയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഹിറ്റ് വിക്കറ്റായും ഇത് മാറിയേനെ.

ഒടുവില്‍ 34.3 ഓവറില്‍ ബംഗ്ലാദേശ് 171ന് ഓള്‍ ഔട്ടായി.

172 റണ്‍സ് ലക്ഷ്യവുമായി ബാറ്റ് വീശിയ സന്ദര്‍ശകര്‍ ഏഴ് വിക്കറ്റും 91 പന്തും ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കി. വില്‍ യങ്ങിന്റെയും ഹെന്റി നിക്കോള്‍സിന്റെയും അര്‍ധ സെഞ്ച്വറികളാണ് കിവീസിന് തുണയായത്. യങ് 80 പന്തില്‍ 70 റണ്‍സടിച്ചപ്പോള്‍ നിക്കോള്‍സ് 86 പന്തില്‍ പുറത്താകാതെ 50 റണ്‍സും നേടി.

വില്‍ യങ്ങാണ് കളിയിലെ താരം. അവസാന മത്സരത്തിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹെന്റി നിക്കോള്‍സിനെയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്.

Content Highlight: Mushfiqur Rahim’s unfortunate wicket

We use cookies to give you the best possible experience. Learn more