| Wednesday, 6th December 2023, 2:35 pm

നിയമം പാലിക്കുന്ന ഷാകിബിന്റെ ബംഗ്ലാദേശിനെ ക്രിക്കറ്റ് നിയമം തന്നെ ചതിച്ചു; നാണക്കേടിന്റെ റെക്കോഡ് പിറന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ വിചിത്ര രീതിയില്‍ പുറത്തായി സൂപ്പര്‍ തീരം മുഷ്ഫിഖര്‍ റഹീം. ഹാന്‍ഡ്‌ലിങ് ദി ബോളിലൂടെയാണ് റഹീം പുറത്തായത്. ഇത്തരത്തില്‍ പുറത്താകുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് റഹീം.

മൊഹീന്ദര്‍ അമര്‍നാഥ്, മൊഹ്‌സീന്‍ ഖാന്‍, മൈക്കല്‍ വോണ്‍ എന്നിവര്‍ക്കൊപ്പം ഹാന്‍ഡ്‌ലിങ് ദി ബോളിലൂടെ പുറത്താകുന്ന ബാറ്റര്‍മാരുടെ പട്ടികയിലും റഹീം ഇടം നേടി.

കൈല്‍ ജാമിസണ്‍ എറിഞ്ഞ 41ാം ഓവറിലെ നാലാം പന്തിലാണ് റഹീം പുറത്തായത്. ഓഫ് സൈഡില്‍ ലാന്‍ഡ് ചെയ്ത ജാമിസണിന്റെ ഹാര്‍ഡ് ലെങ്ത് ഡെലിവെറി താരം ഡിഫന്‍ഡ് ചെയ്തിരുന്നു.

എന്നാല്‍ പെട്ടെന്ന് പിച്ച് ചെയ്ത് പൊന്തിയ പന്ത് താരം തന്റെ കൈകള്‍ കൊണ്ട് തട്ടിമാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ന്യൂസിലാന്‍ഡ് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഔട്ട് വിധിക്കുകയുമായിരുന്നു.

83 പന്തില്‍ 35 റണ്‍സ് നേടിയാണ് താരം പുറത്തായത്.

റഹീമിന്റെ ഈ പുറത്താകലിനെ ലോകകപ്പില്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ ഡിസ്മിസ്സലിനോടൊപ്പമാണ് ആരാധകര്‍ ചേര്‍ത്തുവെക്കുന്നത്. അന്ന് ക്രിക്കറ്റിന്റെ നിയമപുസ്തകത്തിലെ പഴുതുപയോഗിച്ച് ഷാകിബ് അല്‍ ഹസന്‍ മാത്യൂസിനെ പുറത്താക്കിയപ്പോള്‍ അതേ പുസ്തകത്തിലെ മറ്റൊരു നിയമം റഹീമിനെയും മടക്കി.

അതേസമയം, രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് തന്നെ രണ്ട് ഓപ്പണര്‍മാരെയും ആതിഥേയര്‍ക്ക് നഷ്ടമായിരുന്നു. മഹ്‌മുദുല്‍ ഹസന്‍ ജോയ് 40 പന്തില്‍ 14 റണ്‍സ് നേടി പുറത്തായപ്പോള്‍ 24 പന്തില്‍ എട്ട് റണ്‍സ് നേടിയാണ് സാക്കിര്‍ ഹസന്‍ പുറത്തായത്.

ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ 14 പന്തില്‍ ഒമ്പതും മോമിനുല്‍ ഹഖ് പത്ത് പന്തില്‍ അഞ്ച് റണ്‍സും നേടി പുറത്തായി. മികച്ച രീതിയില്‍ ക്രീസില്‍ തുടരവെയാണ് റഹീം നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായത്.

102 പന്ത് നേരിട്ട് 31 റണ്‍സ് നേടിയ ഷഹദത്ത് ഹൊസൈനും 42 പന്തില്‍ 20 റണ്‍സ് നേടിയ മെഹ്ദി ഹസനുമാണ് സ്‌കോറിങ്ങില്‍ നിര്‍ണായകമായ മറ്റു താരങ്ങള്‍.

അതേസമയം, 64 ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് 160 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയിലാണ്. 38 പന്തില്‍ 11 റണ്‍സ് നേടിയ നയീം ഹസനും മൂന്ന് പന്തില്‍ രണ്ട് റണ്‍സ് നേടിയ ഷോരിഫുള്‍ ഇസ് ലാമുമാണ് ക്രീസില്‍.

ന്യൂസിലാന്‍ഡിനായി ഇതുവരെ മിച്ചല്‍ സാന്റ്‌നറും ഗ്ലെന്‍ ഫിലിപ്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റഹീം ഹാന്‍ഡ്‌ലിങ് ദി ബോളിലൂടെ പുറത്തായപ്പോള്‍ അജാസ് പട്ടേലാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്.

Content Highlight: Mushfiqur Rahim’s bizarre dismissal against New Zealand

We use cookies to give you the best possible experience. Learn more