ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത് ഇവന്‍; ഇടിവെട്ട് റെക്കോഡ് സ്വന്തമാക്കി ബംഗ്ലാദേശിന്റെ കൊടുങ്കാറ്റ്
Sports News
ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത് ഇവന്‍; ഇടിവെട്ട് റെക്കോഡ് സ്വന്തമാക്കി ബംഗ്ലാദേശിന്റെ കൊടുങ്കാറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th August 2024, 6:58 pm

പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് കടുവകള്‍. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കടുവകള്‍ സ്വന്തമാക്കിയത്. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്.

എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്. വെറും 146 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാ ബൗളര്‍മാര്‍ തറ പറ്റിച്ചത്. 29 റണ്‍സിന്റെ ലീഡ് മാത്രമുണ്ടായിരുന്ന പാകിസ്ഥാനെ രണ്ടാം ഉന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 30 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. 11 റണ്‍സ് നേടിയ ഓപ്പണര്‍ സാക്കിര്‍ ഹസനും ഒമ്പത് റണ്‍സ് നേടിയ ഷദ്മാന്‍ ഇസ്ലാമുമാണ് രണ്ടാം ഇന്നിങ്സില്‍ വിജയലക്ഷ്യം മറികടന്നത്.

എന്നാല്‍ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വമ്പന്‍ വിജയം നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ചത് മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹീമാണ്. ആദ്യ ഇന്നിങ്സില്‍ 341 പന്തില്‍ 22 ഫോറും ഒരു സിക്സും അടക്കം 191 റണ്‍സാണ് താരം നേടിയത്. ഇതോടെ ആദ്യ ടെസ്റ്റിലെ പ്ലയര്‍ ഓഫ് ദി മാച്ച് വാര്‍ഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടിയെത്തിയിട്ടുണ്ട്. ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ താരമാകാനാണ് മുഷ്ഫിഖറിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനെ മറികടന്നാണ് റഹീം ഒന്നാമത് എത്തിയത്.

ടെസ്റ്റില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടതല്‍ യര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരം, എണ്ണം

മുഷ്ഫിഖര്‍ റഹീം – 7*

ഷാക്കിബ് അല്‍ ഹസന്‍ – 6

മൊനീമുള്‍ ഹഖ് – 4

മൊഹമ്മദ് അഷ്‌റഫ് – 3

തമീം ഇഖ്ബാല്‍ – 3

ആദ്യ ഇന്നിങ്സില്‍ പൂജ്യം റണ്‍സിന് പുറത്തായ പാക് താരം ബാബര്‍ അസം രണ്ടാം 22 റണ്‍സിനാണ് പുറത്തായത്. ടീമിലെ ഏഴ് താരങ്ങളാണ് രണ്ടക്കം കടക്കാന്‍ സാധിക്കാതെ കൂടാരം കയറിയത്. മറ്റാര്‍ക്കും തന്നെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ബംഗ്ലാദേശിന്റ തകര്‍പ്പന്‍ ബൗളിങ്ങാണ് പാകിസ്ഥാനെ അടിമുടി തകര്‍ത്തത്. മെഹ്ദി ഹസന്റെ തകര്‍പ്പന്‍ സ്പിന്നില്‍ നാല് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടപ്പെട്ടത്. 11.5 ഓവറില്‍ 21 റണ്‍സ് വഴങ്ങിയാണ് താരം വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 1.77 എക്കോണമിയാണ് താരത്തിനുള്ളത്. ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് വിക്കറ്റും ഷൊരീഫുള്‍ ഇസ്ലാം, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: Mushfiqur Rahim In Great Record Achievement For Bangladesh