|

പ്രായമെന്നും ഇയാള്‍ക്ക് പ്രശ്‌നമല്ല; വെടിക്കെട്ട് റെക്കോഡില്‍ ബംഗ്ലാദേശ് കടുവ!

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സ് റാവല്‍പിണ്ടിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്.

ബംഗ്ലാദേശിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിച്ചത് മുന്‍ ക്യാപറ്റന്‍ മുഷ്ഫിഖര്‍ റഹീമിന്റെ ഇടിവെട്ട് ബാറ്റിങ്ങാണ്. 341 പന്തില്‍ 22 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 191 റണ്‍സാണ് താരം നേടിയത്. എന്നാല്‍ വെറും ഒമ്പത് റണ്‍സ് അകലെയാണ് താരത്തിന് ഇരട്ട സെഞ്ച്വറി നഷ്ടമായത്. മുഹമ്മദ് അലിയുടെ പന്തില്‍ റിസ്വാനാണ് താരത്തിന്റെ ക്യാച്ച് നേടിയത്. പുറത്തായെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്.

ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. മാത്രമല്ല ടെസ്റ്റില്‍ ഈ നേട്ടം കൈവരിക്കുന്നവരുടെ ലിസ്റ്റില്‍ ആദ്യ അഞ്ച് സ്ഥാനത്തും മുഷ്ഫിഖര്‍ റഹീമാണ്.

ബംഗ്ലാദേശിന് വേണ്ടി ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് താരം, വയസ്, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍

മുഷ്ഫിഖര്‍ റഹീം – 37 വയസ് 104 ദിവസം – പാകിസ്ഥാന്‍ – 2024

മുഷ്ഫിഖര്‍ റഹീം – 35 വയസ് 330 ദിവസം – അയര്‍ലാന്‍ഡ് – 2023

മുഷ്ഫിഖര്‍ റഹീം – 35 വയസ് 153 ദിവസം – സിംബാബ്‌വെ – 2021

മുഷ്ഫിഖര്‍ റഹീം – 35 വയസ് 14 ദിവസം – ശ്രീലങ്ക – 2022

മുഷ്ഫിഖര്‍ റഹീം – 35 വയസ് 6 ദിവസം – ശ്രീലങ്ക – 2022

താരത്തിന് പുറമെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്‌ലാം 183 പന്തില്‍ 12 ബൗണ്ടറികള്‍ അടക്കം 93 റണ്‍സ് നേടി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ പാകിസ്ഥാന്റെ മുഹമ്മദ് അലി ക്ലീന്‍ ബൗള്‍ഡില്‍ താരത്തെ പുറത്താക്കുകയായിരുന്നു.

പിന്നീട് സാക്കിര്‍ ഹസന്‍ 12 റണ്‍സിനും ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ 16 റണ്‍സിനും പുറത്തായതോടെ മുനീമുള്‍ ഹഖ് 50 റണ്‍സ് നേടിയാണ് കളം വിട്ടത്. വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസ് 56 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. അവസാന ഘട്ടത്തില്‍ മെഹ്ദി ഹസന്‍ മേടിയ 77 റണ്‍സും നിര്‍ണായകമായിരുന്നു. നിലവില്‍ നാലാം ദിവസം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് നേടിട്ടുണ്ട്.

Content Highlight: Mushfiqur Rahim In Great Record Achievement