ഇന്ത്യയിലും ശ്രീലങ്കയിലും ഇപ്പോള്‍ പാകിസ്ഥാനിലും മുഷി തന്നെ രാജാവ്; ഗര്‍ജനം തുടര്‍ന്ന് ബംഗ്ലാ കടുവ
Sports News
ഇന്ത്യയിലും ശ്രീലങ്കയിലും ഇപ്പോള്‍ പാകിസ്ഥാനിലും മുഷി തന്നെ രാജാവ്; ഗര്‍ജനം തുടര്‍ന്ന് ബംഗ്ലാ കടുവ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th August 2024, 3:13 pm

 

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് അവസാനത്തിലേക്ക് അടുക്കുകയാണ്. അവസാന ദിവസത്തിന്റെ രണ്ടാം സെഷനില്‍ 146ന് പുറത്തായ ആതിഥേയര്‍ 30 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുമ്പില്‍ വെച്ചത്.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെയും സൂപ്പര്‍ താരം സൗദ് ഷക്കീലിന്റെയും സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ഷക്കീല്‍ 261 പന്തില്‍ 141 റണ്‍സ് നേടിയപ്പോള്‍ 239 പന്തില്‍ പുറത്താകാതെ 171 റണ്‍സാണ് റിസ്വാന്‍ നേടിയത്. ഒടുവില്‍ ആറ് വിക്കറ്റിന് 448 എന്ന നിലയില്‍ നില്‍ക്കവെ പാകിസ്ഥാന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീമിന്റെ കരുത്തിലാണ് ബംഗ്ലാദേശ് തിരിച്ചടിച്ചത്. 341 പന്ത് നേരിട്ട് 191 റണ്‍സാണ് താരം നേടിയത്. തന്റെ ടെസ്റ്റ് ചരിത്രത്തിലെ നാലാം അന്താരാഷ്ട്ര ഇരട്ട സെഞ്ച്വറിക്ക് ഒമ്പത് റണ്‍സകലെ മുഷി വീഴുകയായിരുന്നു.

ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും റഹീമിനെ തേടിയെത്തി. പാകിസ്ഥാന്‍ മണ്ണില്‍ ഒരു ബംഗ്ലാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ എന്ന നേട്ടമാണ് മുഷ്ഫിഖര്‍ നേടിയത്.

പാകിസ്ഥാനില്‍ മാത്രമല്ല, ഇന്ത്യന്‍ സബ്‌കോണ്ടിന്റില്‍ എല്ലായിടത്തും മുഷ്ഫിഖര്‍ തന്നെയാണ് ബംഗ്ലാദേശിന്റെ ഉയര്‍ന്ന സ്‌കോറര്‍.

ഇന്ത്യന്‍ സബ്‌കോണ്ടിനെന്റില്‍ ഒരു ബംഗ്ലാ താരത്തിന്റെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് സ്‌കോര്‍

ബംഗ്ലാദേശില്‍ – മുഷ്ഫിഖര്‍ റഹീം – 219*

ശ്രീലങ്കയില്‍ – മുഷ്ഫിഖര്‍ റഹീം – 200

പാകിസ്ഥാനില്‍ – മുഷ്ഫിഖര്‍ റഹീം – 191

ഇന്ത്യയില്‍ – മുഷ്ഫിഖര്‍ റഹീം – 127

മുഷിക്ക് പുറമെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഷദ്മാന്‍ ഇസ്‌ലാം (183 പന്തില്‍ 93), ലിട്ടണ്‍ ദാസ് (78 പന്തില്‍ 56), മോമിനുല്‍ ഹഖ് (76 പന്തില്‍ 56) എന്നിവര്‍ ചേര്‍ന്ന് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചു.

തങ്ങളുടെ എക്‌സ്പ്രസ് പേസില്‍ ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കാമെന്ന് കരുതി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത പാകിസ്ഥാനെ ഞെട്ടിച്ച് 565 റണ്‍സാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

117 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. 50 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 37 റണ്‍സടിച്ച അബ്ദുള്ള ഷഫീഖും മാത്രമാണ് പിടിച്ചുനിന്നത്.

ഒടുവില്‍ 146 റണ്‍സിന് ടീം ഓള്‍ ഔട്ടാവുകയും 30 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശിന് മുമ്പില്‍ വെക്കുകയും ചെയ്തു.

മെഹ്ദി ഹസന്‍ മിറാസും ഷാകിബ് അല്‍ ഹസനും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാനെ എറിഞ്ഞൊതുക്കിയത്. മിറാസ് ഫോര്‍ഫര്‍ നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നേടിയാണ് ഷാകിബ് തിളങ്ങിയത്. ഷോരിഫുള്‍ ഇസ്‌ലാം, ഹസന്‍ മഹ്‌മൂദ്, നിഹാദ് റാണ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

 

Content highlight: Mushfiquer Rahim scored the highest Test score for Bangladesh in every subcontinent country