രണ്ടാം ദിനവും തുടര്‍ക്കഥയായി ബംഗ്ലാദേശ് മണ്ടത്തരം ; നഷ്ടമായത് നിലയുറപ്പിക്കും മുമ്പേ സാഹയെ പുറത്താക്കാനുള്ള അവസരം
DSport
രണ്ടാം ദിനവും തുടര്‍ക്കഥയായി ബംഗ്ലാദേശ് മണ്ടത്തരം ; നഷ്ടമായത് നിലയുറപ്പിക്കും മുമ്പേ സാഹയെ പുറത്താക്കാനുള്ള അവസരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2017, 7:22 pm

saha
ഹൈദരാബാദ് : ഫീല്‍ഡിലെ മണ്ടത്തരങ്ങള്‍ ബംഗ്ലാദേശുകാര്‍ രണ്ടാം ദിനവും തുടരുകയാണ്. ആദ്യ ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പുറത്താക്കാന്‍ ആവേശം കാണിച്ച് പണി പാളിയ മുഷ്ഫിഖൂര്‍ റഹീം രണ്ടാം ദിവസവും പരിഹാസ കഥാപാത്രമായി. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയാണ് രണ്ടാം ദിനം റഹീം ഗ്യാലറിയെ ചിരിപ്പിച്ചത്.


Also Read: ഏതൊരു അച്ഛന്റേയും ആഗ്രഹമാണ് തന്റെ മകന്‍ കളിക്കുന്നത് കാണുക എന്നത്, പക്ഷെ.. ; കരുണിന് ടീമില്‍ ഇടം നഷ്ടമായതിനെ കുറിച്ച് പിതാവ്


മുഷ്ഫിഖൂര്‍ റഹീമിന്റെ പിഴവിന്റെ വില കനത്തതായിരുന്നു. പുറത്താകെ 106 രണ്‍സുമായി കളിയവസാനിപ്പിച്ച് സാഹ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 687-6 എന്ന കൊടുമുടിയില്‍ എത്തിയിരുന്നു.

118 ആം ഓവര്‍ എറിയാനായി ഇടങ്കയ്യന്‍ സ്പ്പിന്നര്‍ തൈജുല്‍ ഇസ്ലാം വരുമ്പോള്‍ സാഹ വെറും നാല് റണ്‍സ് മാത്രമേ എടുത്തിരുന്നുള്ളൂ. തൈജുലിനെ നേരിടാനായി സാഹ ക്രീസില്‍ നിന്നും പുറത്തിറങ്ങി. സാഹയുടെ കണക്ക് കൂട്ടലുകള്‍ പിഴച്ചു, പന്ത് കീപ്പര്‍ മുഷ്ഫീഖൂര്‍ റഹീന്റെ കരങ്ങളില്‍. സാഹയെ പുറത്താക്കാന്‍ ബംഗ്ലാദേശ് നായകന് ഇതിലും മികച്ചൊരു അവസരം ലഭിക്കുമായിരുന്നില്ല.

പക്ഷെ വിധി ബംഗ്ലാദേശുകാര്‍ക്ക് എതിരായിരുന്നു. രണ്ട് വട്ടം ശ്രമിച്ചിട്ടും മുഷ്ഫിഖൂറിന് പന്ത് സ്റ്റമ്പില്‍ കൊളളിക്കാന്‍ സാധിച്ചില്ല. അതിനുള്ളില്‍ സാഹ കൃസിലെത്തുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എന്ന ഹിമാലയന്‍ ടാസ്‌കുമായെത്തിയ ബംഗ്ലാദേശിന് മികച്ച പ്രകടനം പോലും പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം.