രഞ്ജി ട്രോഫിയില്‍ മുംബൈ-ബറോഡ മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. മുംബൈ എം.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 384 റണ്‍സിന് പുറത്താവുകയായിരുന്നു. മുംബൈ ബാറ്റിങ് നിരയില്‍ ഡബിള്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് മുഷീര്‍ ഖാന്‍ നടത്തിയത്.
357 പന്തില്‍ പുറത്താവാതെ 203 റണ്‍സ് നേടികൊണ്ടായിരുന്നു മുഷീറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 18 ഫോറുകളാണ് മുഷീറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മുഷീറിന്റെ കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ്സ് ഡബിള്‍ സെഞ്ച്വറിയാണിത്.
മുഷീറിന് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹര്‍ദിക് ടമൊറെ 57 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളാണ് മുംബൈ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ബറോഡയുടെ ബൗളിങ്ങില്‍ ഭാര്‍ഗവ് ബട്ട് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. നിനാന്ദ് റാത്വ മൂന്ന് വിക്കറ്റുകളും നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡക്ക് തുടക്കത്തില്‍ തന്നെ പ്രിയങ്കു മോലിയയെ നഷ്ടമായി. മത്സരത്തിന്റെ രണ്ടാം ഓവറിൽ ബറോഡയുടെ സ്‌കോര്‍ 11ല്‍ നില്‍ക്കെയാണ് താരത്തെ നഷ്ടമായത്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ ആണ് പ്രിയങ്കുവിന്റെ വിക്കറ്റ് വീഴ്ത്തിയത്.
നിലവില്‍ 17 ഓവര്‍ ഇടുമ്പോള്‍ 52 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ബറോഡ. 54 പന്തില്‍ 23 റണ്‍സുമായി ജ്യോസ്‌നില്‍ സിങ്ങും 40 പന്തില്‍ 26 റണ്‍സുമായി ശ്വാസന്ത് റാവത്തുമാണ് ക്രീസില്‍.
Content Highlight: Musheer khan score double century in Ranji Trophy