| Wednesday, 31st January 2024, 2:57 pm

സാക്ഷാല്‍ അലിസ്റ്റര്‍ കുക്കിനൊപ്പം, ശിഖര്‍ ധവാന്റെ സിംഹാസനത്തിന് ഇളക്കം തട്ടുന്നു; ഐതിഹാസിക നേട്ടത്തിലേക്ക് മുഷീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അണ്ടര്‍ 19 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ന്യൂസിസലാന്‍ഡ് മത്സരത്തില്‍ ഇന്ത്യ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. മംഗൗങ് ഓവലില്‍ നടന്ന മത്സരത്തില്‍ 214 റണ്‍സിനാണ് ഇന്ത്യ വിജയിച്ചുകയറിയത്.

ഇതോടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 200+ മാര്‍ജിനില്‍ വിജയിക്കാനും ഇന്ത്യക്കായി. നേരത്തെ അയര്‍ലന്‍ഡിനെതിരെയും യു.എസ്.എക്കെതിരെയും 201 റണ്‍സിന് ഇന്ത്യ വിജയിച്ചിരുന്നു.

സൂപ്പര്‍ താരം മുഷീര്‍ ഖാന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം തുടര്‍ക്കഥയാക്കിയത്. 126 പന്തില്‍ നിന്നും 131 റണ്‍സാണ് താരം നേടിയത്. 13 ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മുഷീര്‍ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കുന്നത്. നേരത്തെ അയര്‍ലന്‍ഡിനെതിരെ 106 പന്തില്‍ നിന്നും 118 റണ്‍സ് നേടിയാണ് മുഷീര്‍ തിളങ്ങിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും മുഷീര്‍ ഖാനെ തേടിയെത്തിയിരിക്കുകയാണ്. ഒരു അണ്ടര്‍ 19 ലോകകപ്പില്‍ ഒന്നിലധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് മുഷീര്‍ തിളങ്ങുന്നത്. ഇതിന് പുറമെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് മാത്രം ഇന്ത്യന്‍ താരം എന്ന റെക്കോഡും മുഷീര്‍ സ്വന്തമാക്കി.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാന്‍ മാത്രമാണ് ഇതിന് മുമ്പ് ഒരു എഡിഷനില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം. അണ്ടര്‍ 19 ലോകകപ്പിന്റെ 2004 എഡിഷനില്‍ മൂന്ന് തവണയാണ് ധവാന്‍ സെഞ്ച്വറിയടിച്ചത്.

അണ്ടര്‍ 19 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങള്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ശിഖര്‍ ധവാന്‍ – ഇന്ത്യ – 3

ജാക്ക് ബേണ്‍ഹാം – ഇംഗ്ലണ്ട് – 3

ആരിഫുള്‍ ഇസ്‌ലാം – ബംഗ്ലാദേശ് – 3

ബ്രെറ്റ് വില്യംസ് – ഓസ്‌ട്രേലിയ – 2

അലിസ്റ്റര്‍ കുക്ക് – ഇംഗ്ലണ്ട് – 2

ബാബര്‍ അസം – പാകിസ്ഥാന്‍ – 2

ഒയിന്‍ മോര്‍ഗന്‍ – അയര്‍ലാന്‍ഡ് – 2

അനാമുല്‍ ഹഖ് – ബംഗ്ലാദേശ് – 2

ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – 2

ലെന്‍ഡില്‍ സിമ്മണ്‍സ് – വെസ്റ്റ് ഇന്‍ഡീസ് – 2

അലിക് അത്തനാസ് – വെസ്റ്റ് ഇന്‍ഡീസ് – 2

റെയ്‌നാര്‍ഡ് വാന്‍ ടോണ്‍ഡെര്‍ – സൗത്ത് ആഫ്രിക്ക – 2

ഹസിക ബോയഗോഡ – ശ്രീലങ്ക – 2

ഡെവാള്‍ഡ് ബ്രെവിസ് – സൗത്ത് ആഫ്രിക്ക – 2

ഹസീബുള്ള ഖാന്‍ – പാകിസ്ഥാന്‍ – 2

മുഷീര്‍ ഖാന്‍ – ഇന്ത്യ – 2* – 2024

ടൂര്‍ണമെന്റില്‍ ഇതുവരെ 103.71 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 81.25 എന്ന ശരാശരിയിലും 325 റണ്‍സാണ് മുഷീര്‍ നേടിയത്.

അതേസമയം, നേപ്പാളിനെതിരെയാണ് സൂപ്പര്‍ സിക്‌സില്‍ ഇന്ത്യയുടെ അടുത്ത മത്സരം. ഫെബ്രുവരി രണ്ടിന് നടക്കുന്ന മത്സരത്തിന് മംഗൗങ് ഓവലാണ് വേദിയാകുന്നത്. ഈ മത്സരത്തിലും സെഞ്ച്വറി നേടി മുഷീര്‍ ധവാനൊപ്പമെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Musheer Khan joins elite list along with Allister Cook and Shikhar Dhawan

Latest Stories

We use cookies to give you the best possible experience. Learn more