|

വയസ് 19, കളിച്ചത് വെറും ഏഴ് മത്സരം, അതില്‍ ഒരു ഡബിള്‍ സെഞ്ച്വറി, രണ്ട് സെഞ്ച്വറി, ഒരു ഫിഫ്റ്റി; ഇന്ന് ഒരു GOAT മാത്രമേയുള്ളൂ...

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി ടീമിന്റെ രക്ഷകനായത് ഒരു 19 വയസുകാരനാണ്. റിഷബ് പന്തും അഭിമന്യു ഈശ്വരനും വാഷിങ്ടണ്‍ സുന്ദറും അടക്കം അനുഭവസമ്പത്തുള്ള സൂപ്പര്‍ താരങ്ങള്‍ കളി മറന്ന മത്സരത്തില്‍ സെഞ്ച്വറി നേടി ടീമിനെ താങ്ങി നിര്‍ത്തിയ മുഷീര്‍ ഖാന്‍.

ദുലീപ് ട്രോഫിയില്‍ തന്റെ അരങ്ങേറ്റ മത്സരത്തിനാണ് താരം ബെംഗളൂരുവിലെത്തിയത്. കരിയറില്‍ കളിക്കുന്നതാകട്ടെ ഏഴാമത് മാത്രം ഫസ്റ്റ് ക്ലാസ് മത്സരവും. ഈ ചെറിയ പ്രായത്തില്‍, ഇത്രയും കുറവ് എക്‌സ്പീരിയന്‍സ് മാത്രം കൈമുതലാക്കിയാണ് സീനിയര്‍ താരങ്ങളടക്കം നിരാശപ്പെടുത്തിയ മത്സരത്തില്‍ മുഷീര്‍ തിളങ്ങിയത്.

ഏഴാം മത്സരമാണ് കളിക്കുന്നതെങ്കിലും നേടിയെ റണ്‍സിനോ റെക്കോഡുകള്‍ക്കോ കയ്യും കണക്കുമില്ല. കഴിഞ്ഞ സീസണില്‍ മുംബൈ രഞ്ജി ട്രോഫി ഉയര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച താരമായിരുന്നു മുഷീര്‍ ഖാന്‍.

ബറോഡക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് മുഷീര്‍ തിളങ്ങിയത്. 357 പന്തില്‍ പുറത്താകാതെ 203 റണ്‍സാണ് താരം നേടിയത്. തമിഴ്‌നാടിനെതിരെ നടന്ന സെമി ഫൈനലിലും നിരാശനാക്കിയില്ല. താരത്തിന്റെ ബാറ്റില്‍ നിന്നും അര്‍ധ സെഞ്ച്വറി പിറന്നു.

വിദര്‍ഭക്കെതിരെ നടന്ന കിരീടപ്പോരാട്ടത്തിലും മുഷീര്‍ തകര്‍ത്തടിച്ചു. സെഞ്ച്വറി തികച്ചാണ് മുഷീര്‍റിന്റെ വില്ലോ വാംഖഡെയില്‍ ചരിത്രമെഴുതിയത്. 326 പന്ത് നേരിട്ട് 136 റണ്‍സാണ് താരം നേടിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കിയിരുന്നു. രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരമെന്ന നേട്ടമാണ് മുഷീര്‍ സ്വന്തമാക്കിയത്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നുകൊണ്ടായിരുന്നു മുഷീര്‍ റെക്കോഡിട്ടത്.

ഇപ്പോള്‍ ദുലീപ് ട്രോഫിയിലും മുഷീര്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്.

ദുലീപ് ട്രോഫിക്ക് മുമ്പ് ആറ് മത്സരത്തില്‍ നിന്നും 58.77 ശരാശരിയില്‍ 529 ഫസ്റ്റ് ക്ലാസ് റണ്‍സാണ് മുഷീര്‍ സ്വന്തമാക്കിയത്. പന്തെറിഞ്ഞ് ഏഴ് വിക്കറ്റും താരം നേടി.

മുഷീറിന്റെ കരുത്തില്‍ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ 202ന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ബി ടീം. 74 പന്ത് നേരിട്ട് 34 റണ്‍സുമായി മുഷീറിന് പിന്തുണയുമായി നവ്ദീപ് സെയ്‌നിയാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ടോസ് ശുഭ്മന്‍ ഗില്‍ അഭിമന്യു ഈശ്വരനെയും സംഘത്തെയും ബാറ്റിങ്ങിനയച്ചു.

യശസ്വി ജെയ്സ്വാളിനൊപ്പം ഇന്നിങ്സ് ആരംഭിച്ച ഈശ്വരന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 33ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ പുറത്തായി. 42 പന്ത് നേരിട്ട് വെറും 13 റണ്‍സ് നേടിയാണ് ഈശ്വരന്‍ മടങ്ങിയത്.

വണ്‍ ഡൗണായി മുഷീറാണ് ക്രീസിലെത്തിയത്. ജെയ്സ്വാളിനൊപ്പം ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കവെ ഖലീല്‍ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറും കളം വിട്ടു. 59 പന്തില്‍ 30 റണ്‍സ് നേടിയാണ് ജെയ്സ്വാള്‍ പുറത്തായത്.

നാലാം നമ്പറില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഭ്യന്തര താരങ്ങളില്‍ ഒരാളും മുഷീറിന്റെ സഹോദരനുമായ സര്‍ഫറാസ് ഖാനാണ് ക്രീസിലെത്തിയത്. എന്നാല്‍ സര്‍ഫറാസിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. 35 പന്ത് നേരിട്ട് ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സര്‍ഫറാസ് പുറത്തായത്.

റിഷബ് പന്ത് പത്ത് പന്തില്‍ ഏഴ് റണ്ണിന് പുറത്തായപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് സൂപ്പര്‍ താരം നിതീഷ് കുമാര്‍ റെഡ്ഡി ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ഗതിയും മറ്റൊന്നായിരുന്നില്ല. 13 പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് സുന്ദര്‍ മടങ്ങിയത്. 15 പന്തില്‍ ഒരു റണ്ണുമായി രവിശ്രീനിവാസന്‍ സായ് കിഷോറും പവലിയനിലേക്ക് തിരിച്ചുനടന്നു.

ആദ്യ ദിവസം ആകാശ് ദീപ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവര്‍ ഇന്ത്യ എ-യ്ക്കായി രണ്ട് വിക്കറ്റ് വീതം നേടി.

Content highlight: Musheer Khan continues his master class in Duleep Trophy