ആദ്യം സച്ചിന്റെ റെക്കോഡ് തകർത്തു, ശേഷം അയ്യരിന്റെയും രാഹുലിന്റെയും; ചരിത്രം കുറിച്ച് മുഷീർ ഖാൻ
Cricket
ആദ്യം സച്ചിന്റെ റെക്കോഡ് തകർത്തു, ശേഷം അയ്യരിന്റെയും രാഹുലിന്റെയും; ചരിത്രം കുറിച്ച് മുഷീർ ഖാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th March 2024, 8:33 am

2024 രഞ്ജി ട്രോഫി കിരീടം കഴിഞ്ഞ ദിവസം മുംബൈ സ്വന്തമാക്കിയിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിലെ മുംബൈയുടെ 42ാം കിരീടനേട്ടമാണിത്. 538 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിദര്‍ഭ 368 റണ്‍സിന് പുറത്താവുകയായിരുന്നു.

ഫൈനലില്‍ മുംബൈക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് മുഷീര്‍ ഖാന്‍ നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി കൊണ്ടായിരുന്നു താരം കരുത്ത് കാട്ടിയത്. 326 പന്തില്‍ 136 റണ്‍സാണ് മുഷീര്‍ ഖാന്‍ നേടിയത്. പത്ത് ഫോറുകളും മൂന്ന് സിക്സുമാണ് താരം അടിച്ചെടുത്തത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കാനും മുഷീറിന് സാധിച്ചു. ഇതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് മുഷീര്‍ സ്വന്തമാക്കിയത്.

രഞ്ജി ട്രോഫി ഫൈനലില്‍ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് മുഷീര്‍ ഖാന്‍ സ്വന്തം പേരിലാക്കിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ആയിരുന്നു. ഇരുവരും തങ്ങളുടെ 21ാം വയസിലായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം മുംബൈ ബൗളിങ്ങില്‍ തനുഷ് കൊട്ടിയാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വിദര്‍ഭ ബാറ്റിങ് തകരുകയായിരുന്നു. 39 ഓവറില്‍ അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 95 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.

തുഷാര്‍ ദേശ്പാണ്ടെ, മുഷീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം നടത്തി. ഷാമ്സ് മുലാനി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ അവശേഷിക്കുന്ന ഓരോ വിക്കറ്റും വീഴ്ത്തി.

വിദര്‍ഭയുടെ ബാറ്റിങ്ങില്‍ നായകന്‍ അക്ഷയ് വദ്വാര്‍ 102 റണ്‍സ് നേടി നിര്‍ണായകമായി. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് വിദര്‍ഭ നായകന്‍ നേടിയത്. കരുണ്‍ നായര്‍ 220 പന്തില്‍ 74 റണ്‍സും ഹാര്‍ഷ് ദൂബെ 128 പന്തില്‍ 65 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

Content Highlight: Musheer Khan become the youngest player win Player of the Match in Ranji Trophy Final