[]ഇസ്‌ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടതിയിലേക്ക് പോകവേയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് റാവല്‍പിണ്ടിയിലെ ആംഡ് ഫോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ കാര്‍ഡിയാക് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രാജ്യദ്രോഹക്കുറ്റമാണ് മുശറഫിനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.
പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാകണമെന്നറിയിച്ച് സമന്‍സയച്ചതിനെ തുടര്‍ന്ന് വന്‍ സുരക്ഷാ അകമ്പടികളോടെയായിരുന്നു മുശറഫിനെ കൊണ്ടു പോയിരുന്നത്.
ആയിരത്തോളം പോലീസുകാരെ ചക് ഷഹ്‌സാദിലെ ഫാംഹൗസ് മുതല്‍ നാഷണല്‍ ലൈബ്രറി കെട്ടിടം വരെയുള്ള പാതയോരത്ത് വിന്യസിച്ചിരുന്നു.
തനിക്കെതിരായ നടപടികളില്‍ സൈന്യം അസന്തുഷ്ടരാണെന്നും അവര്‍ ഇപ്പോഴും താനുമായി സ്വരച്ചേര്‍ച്ചയിലാണെന്നും മുശറഫ് നേരത്തേ പ്രസ്താവിച്ചിരുന്നു.
മുശറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് കോടതി വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു.
രാവിലെ കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഭാഗം വക്കീല്‍ അന്‍വര്‍ മന്‍സൂര്‍ താന്‍ ഈ കേസില്‍ നിന്ന് പിന്‍മാറുന്നതായി കോടതിയെ അറിയിച്ചിരുന്നു.
ഈ കേസ് ഏറ്റെടുത്തത് മൂലം തനിക്കെതിരെ ആക്രമണങ്ങളുണ്ടായതിനെ തുടര്‍ന്നാണ് കേസില്‍ നിന്ന് പിന്‍മാറുന്നതെന്നായിരുന്നു അന്‍വര്‍ മന്‍സൂറിന്റെ വിശദീകരണം. അദ്ദേഹത്തിന്റെ നടപടി ഇരു വിഭാഗങ്ങളിലുള്ള അഭിഭാഷകര്‍ക്കിടയിലും തര്‍ക്കത്തിനിടയാക്കി.