1922 ഓഗസ്റ്റ് മാസത്തില്‍ ഇറങ്ങിയ'സയന്‍സ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും, മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ കാലത്ത് വാരിയന്‍കുന്നത്തിന്റെതായി പ്രചരിപ്പിക്കപ്പെടുകയും ചെയ്ത ഈ ചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത് അല്ല എന്ന് അത് വിവാദമായ ഘട്ടത്തില്‍ തന്നെ ഡോ. അബ്ബാസ് പനക്കല്‍ വ്യക്തമാക്കിയിരുന്നു.
മലബാര്‍ സമരത്തെ കുറിച്ചുള്ള പുതിയ പുസ്തകം ‘മുസലിയാര്‍ കിങ്’ ഒരേ സമയം ന്യൂയോര്‍ക് (അമേരിക്ക), ലണ്ടന്‍ (യു.കെ), സിഡ്‌നി (ആസ്ട്രേലിയ), ഡല്‍ഹി ( ഇന്ത്യ) തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്ന് ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നു. മലബാര്‍ സമരത്തെ ഡി കൊളോണിയല്‍ വീക്ഷണത്തില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ പഠനമെന്ന പ്രത്യേകത ഇതിനുണ്ട്.
സ്‌കോട്‌ലണ്ടിലെ സെന്റ് ആന്‍ഡ്രൂസ് യൂണിവേഴ്‌സിറ്റിയിലെ ചരിത്രകാരനായ ഡോ. അബ്ബാസ് പനക്കല്‍ രചിച്ച പുസ്തകം മലബാറില്‍ നടന്ന കൊളോണിയല്‍ വിരുദ്ധ സമരങ്ങളെ പുതിയ വീക്ഷണത്തില്‍ പരിശോധിക്കുന്നു. പ്രശസ്ത പബ്ലിഷിംഗ് ഗ്രൂപ്പ് ആയ ബ്ലൂംസ്ബറിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
മുസലിയാര്‍ കിങ്
കൊളോണിയല്‍ വിരുദ്ധ സമരത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള ഡി കൊളോണിയല്‍ വായന പുതിയ ചരിത്ര പഠനത്തിനു വലിയ മുതല്‍ക്കൂട്ടാണ്. ആലി മുസ്‌ലിയാരെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തതു ആഗസ്ത് മുപ്പതിനായിരുന്നു. ഈ സംഭവം നടന്ന ദിവസം തന്നെയാണ് ആലി മുസ്‌ലിയാരുടെ മുഖചിത്രമുള്ള മുസലിയാര്‍ കിംഗ് പുറത്തെത്തുന്നത്.
ബ്രിട്ടീഷ് ഡോക്യൂമെന്റുകള്‍ ഇഴകീറി പരിശോധിക്കുന്ന പുസ്തകം നാട്ടുകാരുടെ എഴുത്തുകള്‍ക്കും അനുഭവങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സജീവമായ പരിഗണന നല്‍കിക്കൊണ്ട് ചരിത്രത്തെ നവീന വീക്ഷണത്തില്‍ പുനരവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
ബ്രിട്ടീഷുകാര്‍ ‘മുസ്‌ലിയാര്‍ രാജാവ്’ എന്ന പേര് എങ്ങിനെയാണ് ദുരുപയോഗം ചെയ്തതെന്നും ഈ പുസ്തകം വിശദമാക്കുന്നുണ്ട്. ആഗസ്ത് മാസത്തിലായിരുന്നു മലബാര്‍ സമരത്തിന്റെ പ്രധാന സംഭവങ്ങള്‍ നടന്നത്. സമരത്തിന്റെ തുടക്കം എന്ന് ബ്രിട്ടീഷുകാര്‍ വിശദീകരിച്ച പൂക്കോട്ടൂര്‍ സംഭവം ആഗസ്ത് ഒന്നിനായിരുന്നു.
ഡോ. അബ്ബാസ് പനക്കല്‍
1921 ഓഗസ്റ്റ് 30-ന് തിരൂരങ്ങാടിയില്‍ ആലി മുല്‌സലിയാരുടെ അറസ്റ്റ് നടന്ന ദിവസം പുറത്തിറങ്ങുന്ന പുസ്തകം ‘മുസലിയാര്‍ കിങ്’ ഈ പ്രധാന ചരിത്ര സംഭവത്തെക്കുറിച്ചുള്ള കൊളോണിയല്‍ പോസ്റ്റ് കൊളോണിയല്‍ ധാരണകള്‍ മാറ്റിയെഴുതും.
മാലബാറില്‍ നൂറ്റാണ്ടുകളുടെ കൊളോണിയല്‍ വിരുദ്ധപോരാട്ടങ്ങളില്‍ എല്ലാം ഹിന്ദു മുസ്‌ലിം സൗഹൃദം നിലനിന്നിരുന്നു.
ഇതുവരെ ഇറങ്ങിയ പുസ്തകങ്ങളിലെ കൊളോണിയല്‍ നിലപാടുകള്‍ ഗ്രന്ഥം വിശദീകരിക്കുന്നു. നിരന്തരം ഉപയോഗിക്കുന്ന കലാപം, മതഭ്രാന്ത്, ഹാലിളക്കം, കൂട്ടബാങ്ക്, തുടങ്ങിയ പ്രയോഗങ്ങളിലെ കൊളോണിയല്‍ തന്ത്രങ്ങള്‍ പുസ്തകം തുറന്നു കാട്ടുന്നുണ്ട്.
ആദ്യഭാഗത്തു മഹാത്മാ ഗാന്ധി മുതല്‍ മുസ്‌ലിയാര്‍ കിംഗ് വരെയുള്ള മലബാറിന്റെ ചരിത്രമാണ് ഡികോളോണിയല്‍ ലെന്‌സിലൂടെ നോക്കിക്കാണുന്നത്. 1921 -1922 സംഭവങ്ങളെ കാലഗണനവെച്ച് കൃത്യമായി വിവരിക്കുന്നു.
പൂക്കോട്ടൂര്‍ യുദ്ധസ്മാരകം
പൂക്കോട്ടൂര്‍ കോവിലകത്തെ കാര്യസ്ഥന്‍ പ്രശ്‌നമുണ്ടാക്കിയതാണ് എല്ലാത്തിനും തുടക്കം എന്ന ബ്രിട്ടീഷ് നിലപാട് ഈ പുസ്തകം തിരുത്തുന്നുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കള്‍ ആറുമാസത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ കോഴിക്കോട് നടന്ന റാലിയില്‍ തനിക്കെതിരെ തന്റെ കാറിനെ മാനിക്കാതെ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെയുള്ള പ്രതികാര നടപടിയാണ് തിരൂരങ്ങാടിയിലെ കൂട്ടക്കൊലക്കും ബ്രിട്ടീഷ് ഓഫീസര്‍മാരുടെയും നാട്ടുകാരായ പോലീസുകാരുടെയും ജീവന്‍ നഷ്ടപ്പെടാനും കാരണമായത്.
തിരുരങ്ങാടി റെയ്ഡിനു അനുമതി കൊടുത്തപ്പോള്‍ തന്നെ പള്ളിയില്‍ കയറി പരിശിധിക്കരുതെന്നും ഖിലാഫത് ഓഫീസില്‍ കയറരുതെന്നും നിര്‌ദേശമുണ്ടായിരുന്നു. ഇതെല്ലം മാനിക്കാതെയാണ് കളക്ടര്‍ തോമസും പോലീസ് സൂപ്രണ്ടു ഹിറ്റിക്കോക്കും തിരൂരങ്ങാടിയില്‍ നരഹത്യക്കിറങ്ങിയത്. റെയ്ഡില്‍ അധികം ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ കരുതിയ പോലെ പ്രതികരണവും പ്രതിരോധവും തിരൂരങ്ങാടിയില്‍ ഓഗസ്റ്റ് 20 നു രാവിലെ ഉണ്ടായിരുന്നില്ല.
അറസ്റ്റ് ചെയ്തവരെ വിട്ടുതരാന്‍ വേണ്ടി അപേക്ഷിച്ച് സമാധാനപരമായി എത്തിയവരുടെ നേര്‍ക്കു വെടി വെക്കുകയാണ് ഉണ്ടായതു. ശേഷം ഇതിന്റെ എല്ലാം ഉത്തരവാദിത്തം ജീവന്‍ നഷ്ട്ടപ്പെട്ട ഓഫീസര്‍ മാരുടെ തലയില്‍ വെക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ പുസ്തകം വിവരിക്കുന്നുണ്ട്.
തങ്ങള്‍ ചെയ്ത തെറ്റുകളെ മറച്ചു വെക്കാനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു പിന്നീടുള്ള റിപ്പോര്‍ട്ടുകളും പ്രവര്‍ത്തങ്ങളും. പട്ടാള നിയമം നടപ്പാക്കിയതും അന്യായമായി തൂക്കി കൊല്ലാന്‍ വിധിക്കുന്നതും യഥാര്‍ത്ഥ കുറ്റവാളികളായ ഓഫീസര്‍മാരെ ഏറെ സഹായിച്ചു.
ആലിമുസ്‌ലിയാരെ അറസ്റ്റു ചെയ്ത് മുസലിയാര്‍ രാജാവ്/ ഖിലാഫത്ത് രാജാവ് എന്നീ മുദ്രകള്‍ ചുമത്തി അവര്‍ തങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. ഇതിനു സഹായകമാകുന്ന പത്ര റിപ്പോര്‍ട്ടുകളും ഡോക്യൂമെന്ററി ഫിലിമുകളും അവര്‍ ആസൂത്രണം ചെയ്തു.
അവരുടെ മേലില്‍നിന്നു നിയമ ഭാരം ഒഴിവാക്കാനും അന്വേഷണങ്ങള്‍ അവര്‍ക്കു നേരെ വരാതിരിക്കാനും നേരത്തെ തന്നെ കുറ്റം പലരുടെയും പേരില്‍ ചുമത്തി. അങ്ങിനെയാണ് അലി മുസ്ലിയാരെയും മറ്റു രണ്ടുപേരെയും ഹൈലൈറ് ചെയ്ത ഡോക്യൂമെന്ററി ഇറക്കിയതും ഇതേ ഫോട്ടോകളും ക്യാപ്ഷനും തീമും ഉപയോഗിച്ച് ലേഖങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കുന്നതും.
1922 ഓഗസ്റ്റ് മാസത്തില്‍ ഇറങ്ങിയ’സയന്‍സ് എറ്റ് വോയേജസ്’ എന്ന ഫ്രഞ്ച് മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും, മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ കാലത്ത് വാരിയന്‍കുന്നത്തിന്റെതായി പ്രചരിപ്പിക്കപ്പെടുകയും ചെയ്ത ഈ ചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത് അല്ല എന്ന് അത് വിവാദമായ ഘട്ടത്തില്‍ തന്നെ ഡോ. അബ്ബാസ് പനക്കല്‍ വ്യക്തമാക്കിയിരുന്നു.
വാരിയന്‍ കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടേതായി പ്രചരിപ്പിക്കപ്പെട്ട ചിത്രം
വായനാസമൂഹത്തിനു മുന്നില്‍ ഈ ചിത്രത്തെ ആദ്യമായി അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. പുതിയ പുസ്തകത്തില്‍ അത് ആരുടെ ഫോട്ടോയാണ് എന്ന് നിരവധി തെളിവുകള്‍ ഉന്നയിച്ച് വ്യക്ക്തമാക്കുന്നുണ്ട്.
അക്കാലത്തു അറസ്റ്റ് ചെയ്യാനുള്ളവരുടെ ലിസ്റ്റില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സമരത്തിന് തുടക്കം കുറിച്ചവരുടെ കൂട്ടത്തില്‍ കുഞ്ഞമ്മദ് ഹാജിയുടെ പേരില്ലായിരുന്നു.
പ്രശ്ങ്ങളുടെ തുടക്കക്കാരായും ബ്രിട്ടീഷ് ഓഫീസര്‍മാരുടെ കൊലയാളികളായും തോമസ് ചിത്രീകരിച്ച രണ്ടു പ്രധാന പേരുകള്‍ ഒന്ന് താനൂരിലെ കുഞ്ഞി കാദറിന്റെയും മറ്റൊന്ന് തിരൂരങ്ങാടിയിലെ ലവക്കുട്ടിയുടേതുമാണ്. കുഞ്ഞി കാദറിന്റെ ഇടപെടലുകള്‍ അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രത്തിലും വ്യകത്മാക്കിയിട്ടുണ്ട്.
ഒരു കൊളോണിയല്‍ പ്രൊപ്പഗാണ്ടാ ലേഖനത്തില്‍ ഉപയോഗിച്ച് ഫോട്ടോ ആരുടേതാണെന്ന് കോളോണിയല്‍ നേരറിവുകളില്‍ നിന്ന് തന്നെ വ്യക്തമാണ്.
നാട്ടുകാരെ അന്യവല്‍ക്കരിച്ച് വന്യ ജീവികളായി അവതരിപ്പിക്കുന്ന പ്രവണതയും കാണാം. ‘മാപ്പിള ആമസോണ്‍’ എന്നാണ് പ്രദേശത്തെ വിളിക്കുന്നത്. മനുഷ്യരെ വന്യ ജീവികളായി ചിത്രീകരിച്ച് കൊല്ലുകയെന്ന തന്ത്രം പുസ്തകം തുറന്നു കാട്ടുന്നു.
ഫെമിനിസത്തെ എത്രത്തോളം നെഗറ്റീവ് ആയിട്ടാണ് അക്കാലത്തു ബ്രിട്ടീഷുകാര്‍ കണ്ടിരുന്നത് എന്ന സത്യവും മുസലിയാര്‍ കിംഗ് വ്യക്തമാക്കുന്നു. മലബാറില്‍ സ്ത്രീകള്‍ മുഴുവന്‍ ഫെമിനിസ്റ്റുകള്‍ ആണ് എന്ന പ്രസ്താവനയും അക്കാലത്തെ ഇംഗ്ലീഷ് പത്രങ്ങളില്‍ കാണാം.
ഈ പുസ്തകത്തിന് ഇതിനകം തന്നെ വലിയ പ്രശംസ ലഭിച്ചിട്ടുണ്ട്. മൗറീഷ്യസ് മുന്‍ പ്രസിഡണ്ട് പ്രൊഫസര്‍ ആമിന ഗരീബ്, ഐക്യ രാഷ്രസഭ അഡൈ്വസര്‍ അഡാമേ ഡിങ്, ലണ്ടന്‍ സര്‍വകലാശാലയിലെ റോയല്‍ ഹോളോവേ ചരിത്ര വിഭാഗം പ്രൊഫസര്‍ എമറിറ്റസ്, ഫ്രാന്‍സിസ് റോബിന്‍സണ്‍ എന്നിവര്‍ പുസ്തത്തെ ആദ്യ ഘട്ടത്തില്‍ തന്നെ വിലയിരുത്തിയവരില്‍ ചിലരാണ്.
content highlights: Not Variyamkunnan in this picture; Musaliyar King with more evidence