| Thursday, 9th August 2018, 8:52 am

മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം: മുഖ്യപ്രതി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനിരുന്നയാളെന്ന് വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസിലെ പ്രധാന പ്രതിയായ ബ്രിജേഷ് ടാക്കൂര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രായപൂര്‍ത്തിയെത്താത്ത അന്തേവാസികളെ ലൈംഗികപീഡനത്തിനിരയാക്കിയ ബാലികാ ഗൃഹിന്റെ നടത്തിപ്പുകാരനായിരുന്നു ബ്രിജേഷിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

മുസാഫര്‍പൂരില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനുള്ള തീരുമാനവും ഉണ്ടായിരുന്നതായി ബ്രിജേഷ് പറയുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റ് ഒന്‍പതു പേര്‍ക്കൊപ്പം പ്രത്യേക പോക്‌സോ കോടതിയിലേക്കു നീങ്ങവേ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബ്രിജേഷ്.

എന്നാല്‍, ബ്രിജേഷുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ചുമതലയുള്ള കൗക്കാബ് ഖദ്രി പറയുന്നു. “ബ്രിജേഷിന്റെ പ്രസ്താവന അസംബന്ധമാണ്. അയാള്‍ക്ക് ജെ.ഡി.യും ബി.ജെ.പിയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഖദ്രി മാധ്യമങ്ങളോടു പറഞ്ഞു.

Also Read: പശുവിനെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍; പക വീട്ടിയതെന്ന് ബന്ധു

തനിക്കെതിരായ ബാലപീഢനാരോപണങ്ങള്‍ പാടേ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ടാക്കൂറിന്റെ പ്രസ്താവന. “എന്നെ മനപ്പൂര്‍വ്വം കുറ്റക്കാരനായി ചിത്രീകരിക്കുകയാണ്. ഞാന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറെടുക്കുകയായിരുന്നു. മുസാഫര്‍പൂരില്‍ നിന്നും മത്സരിക്കും എന്നു വരെ തീരുമാനമാക്കിയതായിരുന്നു.” ബ്രിജേഷ് പറയുന്നു.

കോടതിയിലേക്ക് കൊണ്ടുവരുന്ന വഴി സുരക്ഷാ വലയം ഭേദിച്ച് കടന്നുകയറിയ ചില സ്ത്രീകള്‍ ടാക്കൂറിന്റെ മുഖത്തേക്ക് മഷിയെറിഞ്ഞിരുന്നു. പുഞ്ചിരിച്ചു കൊണ്ടാണ് ടാക്കൂര്‍ തനിക്കെതിരെയുള്ള ആക്രണത്തെ നേരിട്ടത്.

Also Read: മോദിക്കെതിരെ കര്‍ഷകര്‍ വീണ്ടും സമരമുഖത്ത്; നാളെ രാജ്യവ്യാപക ജയില്‍ നിറയ്ക്കല്‍ സമരത്തിനാരംഭം കുറിയ്ക്കും

എന്‍.ജി.ഒയ്ക്കു പുറമേ മൂന്നു ദിനപത്രങ്ങളും നോക്കി നടത്തിയിരുന്നയാളാണ് ടാക്കൂര്‍. തന്റെ പ്രസിദ്ധീകരണങ്ങള്‍ക്കായി അനധികൃതമായി പരസ്യങ്ങള്‍ ശേഖരിച്ചെന്ന ആരോപണവും ടാക്കൂര്‍ നിഷേധിച്ചിട്ടുണ്ട്. ടാക്കൂറിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള ഔദ്യോഗിക അംഗീകാരം റദ്ദു ചെയ്യുകയും പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

തനിക്കെതിരെ പെണ്‍കുട്ടികളാരും മൊഴി നല്‍കിയിട്ടില്ലെന്നാണ് ബ്രിജേഷ് ടാക്കൂറിന്റെ വാദം. “ഹണ്ടര്‍ വാലേ അങ്കിള്‍” എന്ന് പെണ്‍കുട്ടികള്‍ വിശേഷിപ്പിച്ചത് തന്നെയല്ല, മറിച്ച് ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിക്കാനെത്തിയിരുന്ന ബ്രിജേഷ് എന്നു പേരുള്ള ഒരു ജഡ്ജിയെയാണെന്നും ഇയാള്‍ പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more