|

മൃഗങ്ങളെ കേന്ദ്രീകരിച്ച് മുരുഗദോസ് ചിത്രം; ഹീറോയായി അക്ഷയ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൃഗങ്ങളെ കേന്ദ്രീകരിച്ച് സിനിമ ഒരുക്കാന്‍ സംവിധായകന്‍ എ.ആര്‍. മുരുഗദോസ്. ചിത്രം തന്റെ ഡ്രീം പ്രോജക്ടാണെന്നും ഒരു ദിവസം തീര്‍ച്ചയായും ഈ ചിത്രം ചെയ്യുമെന്നും മുരുഗദോസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ വര്‍ക്കിലാണെന്നും മുരുഗദോസ് പറഞ്ഞു.

20 മിനിട്ടോളം കാമിയോ റോളിലെത്തുന്ന ഒരു ഹീറോ ചിത്രത്തിലുണ്ടെന്നും അത് ബോളിവുഡ് താരം അക്ഷയ് കുമാറായിരിക്കുമെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മുരുഗദോസ് പറഞ്ഞു.

‘വര്‍ഷങ്ങളായി ഈ ചിത്രം എങ്ങനെ ചെയ്യും എന്ന ആശങ്കയിലായിരുന്നു ഞാന്‍. ഒടുവില്‍ ഡബിള്‍ നെഗറ്റീവ് എന്ന കമ്പനിയുമായി ബന്ധപ്പെടാന്‍ പറ്റി. അവര്‍ അവഞ്ചേഴ്‌സില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സ്‌പെഷ്യല്‍ എഫക്ടില്‍ നിരവധി തവണ ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് ഈ കമ്പനിക്ക്. ഞാന്‍ കഥ പറഞ്ഞു. അവര്‍ക്ക് കഥ ഇഷ്ടമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സിനിമയുടെ പ്രി പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്.

20 മിനിട്ടോളമുള്ള ഒരു ഹീറോ റോളുണ്ട് ഈ ചിത്രത്തില്‍. അക്ഷയ് കുമാര്‍ സാറിനോട് ഞാന്‍ കഥ പറഞ്ഞു. അദ്ദേഹം പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ലാഭവിഹിതം വാങ്ങുന്ന ഡീലാണ് അദ്ദേഹത്തിന് വേണ്ടത്. എന്തായാലും ഈ സിനിമ ഞാന്‍ ഒരു ദിവസം ചെയ്യും. ഇതെന്റെ ഡ്രീം പ്രോജ്ക്ടാണ്,’ മുരുഗദോസ് പറഞ്ഞു.

രജിനികാന്തിനെ നായകനാക്കി ചെയ്ത ദര്‍ബാറാണ് ഒടുവില്‍ പുറത്ത് വന്ന മുരുഗദോസ് ചിത്രം. സെല്‍ഫിയാണ് ഒടുവില്‍ പുറത്ത് വന്ന അക്ഷയ് കുമാറിന്റെ ചിത്രം. സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായിരുന്നു സെല്‍ഫി. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി അക്ഷയ് കുമാറെത്തിയപ്പോള്‍ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ഇമ്രാന്‍ ഹാഷ്മിയാണ് അവതരിപ്പിച്ചത്.

Content Highlight: Murugadoss film centered around animals; Akshay Kumar as the hero