അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായതിന് 13ാം വയസില്‍ അറസ്റ്റിലായി, സൗദിയില്‍ കൗമാരക്കാരന്‍ വധശിക്ഷ നേരിടുന്നു
World News
അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായതിന് 13ാം വയസില്‍ അറസ്റ്റിലായി, സൗദിയില്‍ കൗമാരക്കാരന്‍ വധശിക്ഷ നേരിടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2019, 8:57 am

ജിദ്ദ: 2011ല്‍ നടന്ന അറബ് വിപ്ലവത്തിന്റെ ഭാഗമായി സൗദിയിലെ അവാമിയയില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് സൈക്കിള്‍ റാലി നടത്തിയതിന് 13ാം വയസില്‍ അറസ്റ്റിലായ മുര്‍തസ ഖുറൈറിസിന് സൗദി വധശിക്ഷ നല്‍കാനൊരുങ്ങുന്നു. 2015ല്‍ കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യവെ സൗദി അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുര്‍തസ 2015 മുതല്‍ ജയിലിലാണ്. ഇപ്പോള്‍ 18 വയസാണ് മുര്‍തസയ്ക്കുള്ളത്.

ദമാമിലെ ജുവനൈല്‍ ജയിലില്‍ കഴിയുന്ന മുര്‍തസയ്ക്ക് രാജ്യവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ആഗസ്റ്റില്‍ മാത്രമാണ് മുര്‍തസയ്ക്ക് അഭിഭാഷകനെ സൗദി അനുവദിച്ചത്.

 

അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ഒരു മാസം ഏകാന്ത തടവില്‍ കഴിയേണ്ടി വന്ന മുര്‍തസ ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മുര്‍തസയുടെ പിതാവിനെയും ഒരു സഹോദരനെയും സൗദി ജയിലിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

അറബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് മുര്‍തസയെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് അറസ്റ്റിലായ അലി അല്‍ നിമ്ര്‍, അബ്ദുല്ല അല്‍ സഹീര്‍, ദാവൂദ് അല്‍ മര്‍ഹൂന്‍ എന്നീ കുട്ടികളും സൗദിയില്‍ വധശിക്ഷ നേരിടുന്നുണ്ട്.

18 വയസിന് മുമ്പ് ചെയ്ത കുറ്റത്തിന് കഴിഞ്ഞ ഏപ്രിലില്‍ അബ്ദുല്‍ കരീം അല്‍ ഹവാജ്, മുജ്തബ, സല്‍മാന്‍ അല്‍ ഖുറൈശ് എന്നീ ചെറുപ്പക്കാരുടെ വധശിക്ഷ സൗദി നടപ്പിലാക്കിയിരുന്നു.